പീരുമേട് ഗ്രാമപഞ്ചായത്തിലെ ജൈവ മാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മോഡൽ പ്ലാന്റ് യാഥാർത്ഥ്യമായി. പീരുമേട് തോട്ടപ്പുരയിൽ നിർമ്മാണം പൂർത്തീകരിച്ച ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് ഇ.എസ് ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പ്ലാസ്റ്റിക് ശേഖരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. ജൈവ മാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ വിപുലമായ സജ്ജീകരണത്തോടെ നടപ്പാക്കിയ പീരുമേട് ഗ്രാമപ്പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി വിനോദ് അധ്യക്ഷത വഹിച്ചു.
തോട്ടപ്പുരയിൽ 30 ലക്ഷം രൂപ ചെലവിലാണ് രണ്ട് ടൺ വീതം സംസ്കരണ ശേഷിയുള്ള പതിനേഴ് യൂണിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഒന്നര മീറ്ററോളം വിസ്തീർണ്ണമുള്ള, വായുസഞ്ചാരമുള്ളതുമായ പെട്ടി പോലെയുള്ള രണ്ട് ബിന്നുകൾ അടങ്ങിയതാണ് ഒരു യൂണിറ്റ്. ബിന്നി നുള്ളിൽ ചാണകത്തിലെ അണുക്കളെ ശേഖരിച്ചെടുക്കുന്ന ഇനോക്കുലം, അതിനു മുകളിൽ കരിയില / ചകിരി / ഉണങ്ങിയ പുല്ല്, അതിനു മുകളിൽ ജൈവമാലിന്യങ്ങൾ, വീണ്ടും ഇവയ്ക്കു മുകളിൽ ഇനോക്കുലം, കരിയില എന്ന ക്രമത്തിൽ ഇട്ട് ബിന്നു നിറയ്ക്കുന്നു. ഏകദേശം 90 ദിവസമാകുമ്പോഴേക്കും ബിന്നിനുള്ളിലെ ഉല്പ്പന്നം ഈർപ്പം മാറ്റിയ ശേഷം ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ജൈവ മാലിന്യത്തെ ജൈവ വളമാക്കി മാറ്റുന്നതാണ് എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് അഥവാ തുമ്പൂർമുഴി മോഡൽ ജൈവമാലിന്യ സംസ്കരണം.
സമ്പൂർണ്ണ മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ട് ക്ലീൻ പീരുമേട് ഗ്രാമപഞ്ചായത്ത് എന്ന പേരിൽ വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് തുമ്പൂർമുഴി മോഡൽ ജൈവ പ്ലാന്റ്.