നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദേശം അനുസരിച്ച് പരിസ്ഥിതിയും മാലിന്യ ശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി വകുപ്പ് മോഡല്‍ വില്ലേജായി തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.
ഗ്രാമപഞ്ചായത്തിലെ കോളനികളും സങ്കേതങ്ങളും ഒഴികെയുള്ള ഭവനങ്ങള്‍ക്ക് ഇരട്ടക്കുഴികള്‍ കമ്പോസ്റ്റ് പിറ്റുകളായി നിര്‍മിച്ചു നല്‍കി വീടുകളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന അഴുകുന്ന മാലിന്യങ്ങള്‍ കമ്പോസ്റ്റ് പിറ്റുകളില്‍ നിക്ഷേപിച്ചുവരുകയാണ്. അഴുകാത്ത മാലിന്യങ്ങളില്‍ പ്ലാസ്റ്റിക്ക് സാധനങ്ങള്‍, കുപ്പി, കുപ്പിച്ചില്ല്, ഇലക്ട്രോണിക്‌സ് വേസ്റ്റ്, ചെരുപ്പുകള്‍, ലതര്‍ ഉല്പന്നങ്ങള്‍, ബള്‍ബുകള്‍, ട്യൂബുകള്‍ തുടങ്ങിയവ എല്ലാ വീടുകളില്‍ നിന്നും ഹരിതകര്‍മ സേനയിലൂടെ ശേഖരിച്ച് ഹരിതസഹായ സ്ഥാപനമായ തിരുവല്ല ക്രിസ് ഗ്ലോബലിന് കൈമാറുന്നുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആറ് മാസത്തിനകം നടപ്പാക്കുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതിന്‍ പ്രകാരം സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 2016, പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജമെന്റ് റൂള്‍സ് 2016 ഇവ നടപ്പിലാക്കുന്നതിന് ഒരു ബൈലോ തയ്യാറാക്കുന്നതിന് വേണ്ടി കരട് ബൈലോ പ്രസദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ബൈലോ അംഗീകാരത്തിനുശേഷം ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും ഖരമാലിന്യം ഉണ്ടാക്കുന്ന ഏതൊരാളും അത്തരം മാലിന്യങ്ങളെ ജൈവം, അജൈവം, അപകടകരമായ ഗാര്‍ഹിക മാലിന്യം എന്നിങ്ങനെ തരം തിരിച്ച് അനുയോജ്യമായ വീപ്പ്കളില്‍ സൂക്ഷിക്കുകയും ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശനുസരണം കൈയ്യൊഴിയുകയും ചെയ്യാതിരുന്നാല്‍ അഞ്ച് വര്‍ഷം വരെ നീളാവുന്ന തടവോ ഒരു ലക്ഷം രുപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാം.
വ്യാപാര കേന്ദ്രങ്ങള്‍, അറവ് സ്റ്റാളുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മത്സ്യ സ്റ്റാളുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍, കേറ്ററിംഗ് സര്‍വീസുകള്‍, 100 ച.മീറ്ററില്‍ കൂടതല്‍ തറവിസ്തീര്‍ണമുള്ള വീടുകള്‍ എന്നിവയുടെ ഉടമസ്ഥര്‍ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍, മലിന ജലം എന്നിവ ശരിയായി സംസ്‌കരിക്കാതിരിക്കുകയും ഓടകളിലേക്ക് ഒഴുക്കിവിടുകയും ചെയ്താല്‍ ആറ് മാസത്തില്‍ കുറയാത്തതും 10000 രൂപയില്‍ കുറയാത്തതും 50000 രൂപയില്‍ കവിയാത്തതുമായി പിഴയോ ശിക്ഷയോ അനുഭവിക്കേണ്ടിവരും.