കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ ചേന്ദമംഗലത്ത് പ്രവർത്തിച്ചു വരുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ പരിപാലന ചുമതല ഒരു വർഷക്കാലത്തേക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഇതിനുള്ള കരാർ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളിയുടെ അധ്യക്ഷതയിൽ ഒപ്പുവച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18, 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതിയാണ് ചേന്ദമംഗലത്തെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രമായ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസം ആണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് ശബ്ദ നിയന്ത്രണ സംവിധാനത്തോടു കൂടിയുള്ള കെട്ടിടം നിർമ്മിക്കുകയും ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കുന്ന കേന്ദ്രമായി യൂണിറ്റിനെ മാറ്റുകയും ചെയ്തു.
ബ്ലോക്ക് പരിധിയിലുള്ള ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, ഏഴിക്കര, കോട്ടുവള്ളി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ ഷ്രെഡിംഗ് യന്ത്രം ഉപയോഗിച്ച് പൊടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഹരിത കർമ്മ സേന വഴിയാണ് അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് കവറുകൾ പൊടിക്കുകയും കുപ്പികൾ ഇതേ കേന്ദ്രത്തിൽ തന്നെയുള്ള ബെയിലിങ് മെഷീൻ ഉപയോഗിച്ച് ബെയിൽ ചെയ്യുകയും ചെയ്യുന്നു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് ടാറിംഗ് പ്രവർത്തനങ്ങൾക്കായി ഇവിടെ നിന്നും ഷ്രെഡ് ചെയ്ത പ്ലാസ്റ്റിക്കുകൾ കിലോഗ്രാമിന് 15 രൂപ നിരക്കിൽ ക്ലീൻ കേരള കമ്പനി മുഖാന്തരം വിൽപ്പന നടത്തുന്നുണ്ട്. ഈ ഇനത്തിൽ 38000 രൂപ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ഹരിത കർമ്മ സേന അംഗങ്ങളായ നാല് വനിതകളാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.