പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ചു നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രം ട്രസ്റ്റ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, ഹരിതസഹായ സ്ഥാപനമായ നിറവ് എന്നിവയുടെ സഹകരണത്തോടെ ഹരിതകേരളം മിഷനാണ് ഹരിതചട്ടം നടപ്പാക്കുന്നത്.

ക്ഷേത്ര പരിസരത്ത് ഫ്ളക്സ് പൂര്‍ണമായും നിരോധിച്ചു. നിരോധനം നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റാളുകളിലും പോലീസ് കണ്‍ട്രോള്‍ റൂമിലും വ്യാപാര സ്ഥാപനങ്ങളിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍കൊണ്ടുള്ള ബോര്‍ഡുകളാണ് വച്ചിട്ടുള്ളത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്കും ഡിസ്പോസിബിള്‍ പാത്രങ്ങള്‍ക്കും ഗ്ലാസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

അന്നദാന വിതരണത്തിന് സ്റ്റീല്‍ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഹരിത സന്ദേശങ്ങളും മാലിന്യ സംസ്കരണം, പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യ വശങ്ങള്‍ തുടങ്ങിയവയും വിശദമാക്കുന്ന നാല്‍പ്പതോളം ബോര്‍ഡുകള്‍ പരുത്തുംപാറ കവല മുതല്‍ ക്ഷേത്ര പരിസരം വരെ സ്ഥാപിച്ചിട്ടുണ്ട്.

നിറവ് വേങ്ങേരിയുടെ നേതൃത്വത്തില്‍ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തയ്യാറാക്കിയ ജൈവ ബിന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ക്ഷേത്ര പരിസരത്തെ വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗ ശേഷം ബിന്നുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കി.

പ്രത്യേക പരിശീലനം നേടിയ ഹരിത കര്‍മ്മസേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും മാലിന്യ സംസ്കരണത്തിന് നേതൃത്വം നല്‍കും. ജൈവ ബിന്നുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ക്ഷേത്ര പരിസരത്ത് താല്ക്കാലിക എം.സി.എഫ് ആരംഭിച്ചിട്ടുണ്ട്.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM