മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മടയ്ക്കല്‍ തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.

പ്രദേശത്തെ കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ ഉപകരിക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പത്തോ ഇരുപതോ അംഗങ്ങളുള്ള സൊസൈറ്റികള്‍ രൂപീകരിച്ച് നെല്‍കൃഷിയോടൊപ്പം മറ്റ് കൃഷികള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്തണം. ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് കര്‍ഷകരെ ഉദ്യോഗസ്ഥര്‍ ബോധവത്കരിക്കണം. മെച്ചപ്പെട്ട കൃഷിരീതികള്‍ ആവിഷ്കരിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് മികച്ച ലാഭം നേടാനാകൂ – മന്ത്രി പറഞ്ഞു.

മടയ്ക്കല്‍ തോടിന് സമീപം നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ചെറുകിട ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഡോ.എ. ഉദയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മീനച്ചിലാറിനെയും മീനന്തറയാറിനെയും സംയോജിപ്പിക്കുന്നതിന്‍റെ ഭാഗമായി മീനച്ചിലാറ്റിലെ ആറുമാനൂര്‍ ഭാഗത്തു നിന്ന് മടയ്ക്കല്‍ തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് ചൊറിച്ചി തോടു വഴി വെള്ളൂര്‍ തോട്ടിലൂടെ മീനന്തറയാറില്‍ എത്തിക്കുന്നതാണ് പദ്ധതി. ലിഫ്റ്റ് ഇറിഗേഷന്‍ പൂര്‍ത്തിയാകുന്നതോടെ അയര്‍ക്കുന്നം, വിജയപുരം, മണര്‍കാട് പഞ്ചായത്തുകളിലെ നീരൊഴുക്ക് സുഗമമാകും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം കൃഷി വ്യാപനത്തിനും ഇത് സഹായകമാകും.

മൂന്ന് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. പമ്പ് ഹൗസിനും അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി 22,33,000 രൂപയും മെക്കാനിക്കല്‍ ജോലികള്‍ക്കായി 10 ലക്ഷം രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 12,62,000 രൂപയുമുള്‍പ്പെടെ 45 ലക്ഷം രൂപ ചെലഴിക്കും. പദ്ധതി ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി ശശീന്ദ്രനാഥ്, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത് കുന്നപ്പള്ളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് ചാമക്കാല, നിസ കുഞ്ഞുമോന്‍, ഗീതാ രാധാകൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.എച്ച്. ഷംസുദീന്‍, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ. അന്‍സാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM