നിരോധിത പ്ലാസ്മിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ ഇനി പോലീസ് പിടികൂടി കേസെടുക്കും. പ്ലാസ്റ്റിക് നിരോധനം ഒക്ടോബറിൽ പ്രാബല്യത്തിലാവുന്ന സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കാൻ പോലീസ് ഒരുങ്ങുന്നത്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്മിക് ആണ് നിരോധനത്തിന്റെ പരിധിയിൽ വരിക. ഇതിനായി പോലീസിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകിക്കഴിഞ്ഞു.
ഇതിനുപുറമേ പ്ലാസിക്കോ റബർ വസ്തുക്കളോ കത്തിച്ചാലും കേസെടുക്കും. മനുഷ്യജീവന് നാശകരമാകുന്ന പ്രവൃത്തി ചെയ്യൽ, മനപ്പൂർവം ദ്രോഹം ചെയ്യൽ എന്നീ കുറ്റങ്ങളാരോപിച്ച് ക്രിമിനൽ നടപടിക്രമത്തിലെ 268, 269 എന്നീ വകുപ്പുപ്രകാരമാണ് കേസെടുക്കുക. ഇതിനുപുറമേ വായു മലിനപ്പെടുത്തലിന് 278 വകുപ്പ് പ്രകാരവും കേസെടുക്കും. ഇതിനെല്ലാം പുറമേ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതിന് ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനായുള്ള കൂട്ടംകൂടൽ എന്നിവയെല്ലാം വരുന്ന 120, 149 വകുപ്പുകളും ഉൾപ്പെടുത്തി കേസ് എടുക്കാം.
കേസുകളിൽ ജാമ്യം കിട്ടുമെങ്കിലും രണ്ടുവർഷം വരെ തടവുശിക്ഷ കിട്ടാനുള്ള സാധ്യതയുണ്ട്. ഗാന്ധിജയന്തി ദിനം മുതൽ പ്ലാസ്റ്റിക് നിരോധനം കേരളത്തിൽ ശക്തമായി നടപ്പാക്കാൻ സംസ്ഥാനത്ത് നേതൃത്വം നൽകുന്നത് ഹരിതകേരളം മിഷനാണ്. ഇതിന്റെ ഭാഗമായാണ് നടപടിയെടുക്കാൻ പോലീസിനെയും ശക്തീകരിക്കുന്നത്, 200 മില്ലീലിറ്ററിൽ താഴെ ഉൾക്കൊള്ളുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും അടുത്തമാസം മുതൽ പാടില്ല. പ്ലാസ്റ്റിക് പ്ലേറ്റുകൾ, സ്‌പൂണുകൾ, സ്ട്രോ, തെർമോകാൾ ഉത്പന്നങ്ങൾ എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയിൽ വരും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽപന നടത്തുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം പിടികൂടുമ്പോൾ 5000 രൂപ പിഴ ഈടാക്കും. രണ്ടാമതും പിടികൂടിയാൽ 10,000 രൂപയാകും പിഴ. മൂന്നാമതും പിടികൂടിയാൽ 25,000 രൂപ പിഴ, മാത്രമല്ല മൂന്നുമാസം തടവും അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്രനിയമവും അനുശാസിക്കുന്നുണ്ട്.
മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനക്ക് കൈമാറുകയോ അല്ലെങ്കിൽ നേരിട്ട് കളക്ഷൻ സെന്ററുകളിൽ എത്തിക്കുകയോ ചെയ്യാം.