കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നിരവധി നൂതന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. വന്‍ ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ കര്‍മ്മപഥത്തിലെത്തിക്കുന്നത്.

ശുചിത്വ-മാലിന്യ സംസ്‌കരണ ഉപദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ കാമ്പയിനും അനുബന്ധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ഈ മേഖലയിലെ പ്രവര്‍ത്തന ങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കി. 1033 തദ്ദേശസ്ഥാപനങ്ങളില്‍ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകര്‍മ്മസേന രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചത് ഇതിനുദാഹരണമാണ്. എം.സി.എഫ്, ആര്‍.ആര്‍. എഫ്. എന്നിവ കൂടുതല്‍ ഇടങ്ങളില്‍ സ്ഥാപിക്കാനായതും ഗൃഹതല സര്‍വേ, അനുബന്ധ വിവര ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധം ജനങ്ങളിലെത്തിക്കുന്നതിനും അതിനുവേണ്ടിയുളള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും ഉപകരിച്ചു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പൊതുജന കൂട്ടായ്മയിലൂടെയും പങ്കാളിത്തത്തോടെയും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും ജലസ്രോതസ്സുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറെ ഫലം കണ്ടു. പുനരുജ്ജീവിപ്പിച്ച പുഴകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

തരിശുനിലങ്ങളിലെ കൃഷി വ്യാപനം, കരനെല്‍കൃഷിയുള്‍പ്പെടെ അധികനെല്‍കൃഷി, സാധ്യമായി ടത്ത് ഒരുപൂവിള ഇരുപ്പൂവാക്കിയത്, ജൈവ പച്ചക്കറി കൃഷി വ്യാപനം, സ്‌കൂള്‍ വളപ്പുകളിലും സ്ഥാപന ങ്ങളുടെ ഭൂമിയിലും പച്ചക്കറി കൃഷി, സംയോജിത കൃഷി പ്രോത്സാഹനം എന്നിങ്ങനെ കൃഷി മേഖലയില്‍ കാതലായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ വര്‍ഷം കഴിഞ്ഞു.

ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടി

ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ട് ഏകദേശം മൂന്ന് വര്‍ഷം പിന്നിടുന്നു. കേരളത്തിന്റെ ഹരിത സമൃദ്ധി വീണ്ടെടുക്കാനായുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ ഇതിനകം മിഷന്‍ കൈവരിച്ചിട്ടുണ്ട്. ഇതിനു തുടര്‍ച്ചയായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള തീവ്ര കര്‍മ്മ പരിപാടിക്ക് മിഷന്‍ രൂപം നല്‍കുകയും ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ശുചിത്വ – മാലിന്യ സംസ്‌കരണ മേഖല

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത്  500 പഞ്ചായത്തുകളിലും 40 നഗരസഭകളിലും മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന്റെ എല്ലാ ഘടകങ്ങളും പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ഹരിതകര്‍മ്മസേന, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) എന്നിവ ശക്തിപ്പെടുത്തിയും ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെയുമാണ് ഇത് സാധ്യമാക്കുന്നത്.

സംസ്ഥാന – ജില്ലാ – പ്രാദേശിക തലങ്ങളില്‍ 10,000 സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ഇത് ഉറപ്പുവരുത്താനുള്ള മോണിട്ടറിംഗും സോഷ്യല്‍ ഓഡിറ്റിംഗും നടപ്പാക്കും. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കാനുള്ള വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയുണ്ട്.

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കി വിടുന്നതും പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. അരുത്, വലിച്ചെറിയരുത്, കത്തിക്കരുത് എന്ന പേരില്‍ വിപുലമായ പ്രചാരണ കാമ്പയിന്‍ നടന്നുവരികയാണ്. ഇതോടൊപ്പം 20 ലക്ഷം പേരിലെത്തുംവിധം ഹരിതനിയമ ബോധവല്‍ക്കരണ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ഹരിതനിയമ ലംഘനത്തിനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ഇതിന്റെ ഭാഗമായി 2019 ഗാന്ധിജയന്തി ദിനം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കുകയാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്നു.

അഞ്ച് മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ മാലിന്യം തരംതിരിക്കലും അളവ് കുറക്കലും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, എന്‍.എസ്.എസ് എന്നിവയുമായി ചേര്‍ന്ന് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് വിമുക്ത മേഖലകളാക്കി മാറ്റാന്‍ ടൂറിസം, വനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബള്രീ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നീ ഏജന്‍സികളും ചേര്‍ന്നുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വാഗമണ്‍ ടൂറിസം മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 20,000 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍

സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി ജലസമൃദ്ധി കേരളം എന്ന പേരില്‍ വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഒരു വര്‍ഷം നടത്തും. ഇതോടൊപ്പം അടുത്ത വേനല്‍ക്കാലത്ത് ടാങ്കര്‍ ലോറിയിലൂടെയുള്ള കുടിവെള്ള വിതരണം നിലവിലുള്ളതിന്റെ 25 ശതമാനമായി കുറക്കാന്‍ കഴിയുംവിധമുള്ള ഊര്‍ജ്ജിത ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത ഇതിനായി പ്രയോജനപ്പെടുത്തും.

ഭൂഗര്‍ഭ ജലവിതാനം അപകടകരമായ നിലയിലേക്ക് താഴ്ന്നിട്ടുള്ള എല്ലാ ബ്ലോക്കുകളിലും അത് സുരക്ഷിത നിലയിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ആയിരം നീര്‍ച്ചാലുകളും അവയുടെ ഉപനീര്‍ച്ചാലുകളും ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ചെളി നീക്കി ആഴം കൂട്ടി ജലസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തും.

14 ബ്ലോക്കുകളിലെ (ഒരു ജില്ലയില്‍ ഒന്ന്) മുഴുവന്‍ ജലസ്രോതസ്സുകളിലും ജലത്തിന്റെ അളവ് നിര്‍ണയിക്കുന്നതിനുള്ള സ്‌കെയില്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് മറ്റ് ബ്ലോക്കുകളില്‍ ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ജലബജറ്റ് കൂടി തയ്യാറാക്കി നീര്‍ത്തട പ്ലാനുകള്‍ കൂടുതല്‍ സമ്പുഷ്ടമാക്കുന്നതിനായി 14 ബ്ലോക്കുകളില്‍ (ഒരു ജില്ലയില്‍ ഒന്ന്) ജലബജറ്റ് പൂര്‍ത്തിയാക്കുകയും ഇതിന് തുടര്‍ച്ചയായി ജലലഭ്യയിലെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍ നടത്തുന്നതിനോടൊപ്പം മറ്റ് ബ്ലോക്കുകളില്‍ ഈ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. ഒരു ജില്ലയില്‍ ഒരു ബ്ലോക്കിലെങ്കിലും ജല ഓഡിറ്റിംഗ് നടപ്പിലാക്കും.

വിവിധ സ്ഥലങ്ങളില്‍ (ഒരു ജില്ലയില്‍ രണ്ട്) ക്വാറികള്‍, ജലസേചന കനാലുകള്‍ എന്നിവയെ തദ്ദേശ ജലസ്രോതസ്സുകളായി ബന്ധിപ്പിച്ച് റീച്ചാര്‍ജ്ജ് ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ജലഗുണനിലവാര പരിശോധനാ ലാബുകള്‍ സംസ്ഥാനത്ത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്ന ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിക്കും.

കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍

ഒരു ബ്ലോക്കില്‍ ഒന്ന് എന്ന തോതില്‍ 152 ഗ്രാമപഞ്ചായത്തുകളെ തരിശുരഹിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ സുരക്ഷിത ഭക്ഷ്യോല്പാദനം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജൈവ കൃഷി രീതികള്‍ക്ക് ഊന്നല്‍ നല്‍കി നല്ല മുറ കൃഷി സമ്പ്രദായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. രാസ കീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള പ്രചാരണം നല്‍കും.

പച്ചക്കറി സ്വയംപര്യാപ്തതയ്ക്കായി സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന അനുയോജ്യമായ ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സ്ഥാപനതല കൃഷി വ്യാപിപ്പിക്കും. ജനപങ്കാളിത്തത്തോടെ വാര്‍ഡ് അടിസ്ഥാനത്തില്‍ തരിശ് ഭൂമി ചിട്ടപ്പെടുത്തി അനുയോജ്യമായ വിള നിശ്ചയിച്ച് നടീല്‍ നടത്തി തരിശ് രഹിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തി നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങളും വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. ഗാര്‍ഹിക പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1000 ഹരിതസമൃദ്ധി വാര്‍ഡുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

സംസ്ഥാനത്തൊട്ടാകെ പച്ചത്തുരുത്ത് പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 1000 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കും. ഇതിനകം 310 പച്ചത്തുരുത്തുകള്‍ക്ക് തുടക്കമായിട്ടുണ്ട്. തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ നൂതനാശയമാണ് ‘പച്ചത്തുരുത്ത്’ പദ്ധതി. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്.

ചുരുങ്ങിയത് അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.

എഡിറ്റർ, ഡോ. ടി. എൻ. സീമ, എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ, ഹരിതകേരളം മിഷൻ

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM