മുനിസിപ്പാലിറ്റികളെയും ഗ്രാമപഞ്ചായത്തുകളെയും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകേരളം കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബീക്കണ്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. മാലിന്യ നിര്‍മാമര്‍ജ്ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പഞ്ചായത്തുകളെ സജ്ജരാക്കുന്നതാണ് ബീക്കണ്‍ മാതൃക. ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ശുചിത്വ മാലിന്യ സംസ്‌കരണ കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍ പദ്ധതി വിശദീകരണം നടത്തി. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പ്രകൃതി സൗഹൃദ രീതികള്‍ സ്വീകരിക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ബീക്കണ്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിക്കുക.

ബാലുശ്ശേരി, തിരുവമ്പാടി, ചേമഞ്ചേരി, മേപ്പയൂര്‍, മാവൂര്‍, അഴിയൂര്‍, ചോറോട്, എറാമല, ഒഞ്ചിയം, കുന്നുമ്മല്‍, കുറ്റ്യാടി, മരുതോങ്കല, വേളം എന്നീ പഞ്ചായത്തുകളെയും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളെയുമാണ് ആദ്യഘട്ടത്തില്‍ ബീക്കണ്‍ പഞ്ചായത്തുകളാക്കി മാറ്റാന്‍ ശ്രമിക്കുന്നത്.

മാലിന്യ ശേഖരണത്തിനും അവ തരംതിരിച്ച് സൂക്ഷിക്കുന്നതിനും സംസ്‌കരണത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഈ പഞ്ചായത്തുകള്‍ ഉറപ്പുവരുത്തും. ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പു വരുത്തുകയും, പൊതു നിരത്തുകളും ജലാശയങ്ങളും മാലിന്യ രഹിതമാക്കുകയും, പുനരുപയോഗം സാധ്യമല്ലാത്തവയെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് ബീക്കണ്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി പ്രവര്‍ത്തിക്കുക.

പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും മാലിന്യ രഹിതമാക്കാനുള്ള കരട് ആക്ഷന്‍ പ്ലാനും പരിപാടിയുടെ ഭാഗമായി തയ്യാറാക്കി. പഞ്ചായത്ത് തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ആക്ഷന്‍ പ്ലാന്‍ പൂര്‍ത്തീകരിച്ച ശേഷമാണ് മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ മേഖലയിലെ സ്ഥിതി വിലയിരുത്താനും മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി പഞ്ചായത്ത്/മുനിസിപ്പാലിറ്റി തല ഗ്രൂപ്പ് ചര്‍ച്ചകളും പരിപാടിയോടനുബന്ധിച്ച് നടത്തി.

തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ-തരം തിരിക്കല്‍ യൂണിറ്റുകളായ എം സി എഫ് കളില്‍ കെട്ടി കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ചു സൂക്ഷിക്കുന്ന പക്ഷം അവ നീക്കം ചെയ്യാന്‍ ക്ളീന്‍ കേരള കമ്പനിയുടെ പൂര്‍ണ സഹകരണവും സഹായവും ക്ളീന്‍ കേരള കമ്പനി അസി മാനേജര്‍ മുജീബ് വാഗ്ദാനം ചെയ്തു.

ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് സംസാരിച്ചു. ബീക്കണ്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളാകാന്‍ ജനപ്രതിനിധി-ഉദ്യോഗസ്ഥ-ജനകീയ സമിതികളുടെയും ജനങ്ങളുടെയും പൂര്‍ണ സഹകരണം അത്യാവശ്യമാണെന്നും ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ബീക്കണ്‍ പദവിയിലേക്ക് എത്തിച്ചേര്‍ക്കുന്നതിനായി വേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM