മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഹരിതകേരളം മിഷന്‍, കില, കുടുംബശ്രീ മിഷന്‍, ശുചിത്വ മിഷന്‍, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി നടത്തിയ അവധിക്കാല ‘പെന്‍സില്‍’ ക്യാമ്പിന്റെ തുടര്‍ച്ചയായാണ് പ്രവര്‍ത്തനങ്ങള്‍. അജൈവമാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പുനരുപയോഗിക്കുവാനും പുനഃചംക്രമണത്തിനുമായി മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കും. ഇതുവഴി കുട്ടികളിലൂടെ വലിച്ചെറിയല്‍ സംസ്‌കാരത്തിന് അറുതിവരുത്താമെന്നാണ് പ്രതീക്ഷ. ഇതിനായി ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥി പ്രതിനിധിയെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കും. തുടര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

‘പച്ചത്തുരുത്ത്’ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ബ്ലോക്ക് തലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. അമ്പലവയല്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് സാങ്കേതിക സഹായം നല്‍കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിന്റെ തുടര്‍ സംരക്ഷണവുമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ചതുരശ്ര മീറ്ററില്‍ നാല് തൈകള്‍ വീതമുണ്ടാവും. ആവശ്യമായ വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും നഴ്സറികളില്‍ നിന്നുമാണ് ലഭ്യമാക്കിയത്. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.ജി വിജയകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടിംപിള്‍ മാഗി, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എ.കെ രാജേഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM