ഹരിത തെരഞ്ഞെടുപ്പിലും ശുചിത്വ പ്രവര്‍ത്തനങ്ങളിലും മികവ് കാട്ടിയ റിസോഴ്‌സ് പേഴ്സണ്‍മാരെയും ഉദ്യോഗസ്ഥരെയും കണ്ണൂർ ജില്ലാ ഹരിത – ശുചിത്വ മിഷനുകളുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കണ്ണൂർ ജില്ലയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കായി കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഏകദിന പരിശീലന പരിപാടിയുടെ ഭാഗമായാണ് ശുചിത്വ പ്രവര്‍ത്തകരെ ആദരിച്ചത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുഖ്യാതിഥിയായി.
ശുചിത്വ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ കലക്ടര്‍ വിതരണം ചെയ്തു. സന്നദ്ധ പ്രവര്‍ത്തകരായ ഇ മോഹനന്‍, വി സുരേഷ് കുമാര്‍, വി രാജീവന്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എസ് ദിലീപ്, സന്തോഷ്‌കുമാര്‍, വിഇഒ മാരായ ടിപി പ്രജിത്ത്, സന്തോഷ് മമ്മാലി എന്നിവരെയാണ് ആദരിച്ചത്. സ്വച്ഛ് സുന്ദര്‍ ശൗചാലയ് ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തിയ ഗാര്‍ഹിക ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ക്ക് വേണ്ടി വി ഇ ഒ മാരായ ബി ശ്രീജ, ശബരിഗിരീഷ് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബീന അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, കണ്ണൂർ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്റ് മാനേജര്‍ സുധീഷ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് സാജിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.