കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് സാങ്കേതിക സഹായവുമായി നൈപുണ്യ കര്‍മസേന. കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഇലക്ട്രിക്, ഇലക്ട്രോണിക്, പ്ലംമ്പിങ്, കാര്‍പെന്ററി തകരാറുകള്‍ പരിഹരിച്ച് വീടുകള്‍ വാസയോഗ്യമാക്കുന്നതിന് നൈപുണ്യ കര്‍മസേനയുടെ സഹായം നൽകി. സംസ്ഥാനത്തെ ഐടിഐകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ ട്രെയിനികളെ ഉള്‍പ്പെടുത്തിയാണ് നൈപുണ്യ കര്‍മസേന രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പാണ് ഇത്തരമൊരു അതിജീവന പദ്ധതിക്ക് കഴിഞ്ഞ പ്രളയകാലത്ത് തുടക്കമിട്ടത്. ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ആറായിരത്തിലധികം വീടുകളുടെ തകരാറുകള്‍ കര്‍മസേന പരിഹരിച്ച് വാസയോഗ്യമാക്കിയിരുന്നു. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് ഈ വര്‍ഷവും നൈപുണ്യ കര്‍മസേനയെ എല്ലാ ജില്ലകളിലും സജ്ജമാക്കിയിട്ടുണ്ട്. സേനയുടെ സഹായം ലഭ്യമാക്കുന്നതിനായി വകുപ്പിന്റെ കീഴിലെ നോഡല്‍ ഐടിഐ പ്രിന്‍സിപ്പാള്‍മാരെയും ചുമതലപ്പെടുത്തി.