മലപ്പുറം ജില്ലയിലെ സ്കൂളുകളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് ഓഫീസര്‍മാര്‍ക്കും സ്റ്റുഡന്റ് ലീഡേഴ്സിനും ഹരിതനിയമങ്ങള്‍ പാലിക്കുന്നതിനും മാലിന്യ സംസ്കരണം സംബന്ധിച്ചും പരിശീലനം നല്കുന്നു.
സെപ്തംബര്‍ 19 ന് കോഴിക്കോട്, താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലകളിലായി പരിശീലനം നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ പരിശീലനം ജെ.ഡി.ടി ഇസ്ലാമിക സ്ക്കൂളിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടേത് ചക്കാലക്കല്‍ എച്ച്.എസ്.എസ് ലും, വടകര വിദ്യാഭ്യാസ ജില്ലയുടേത് പയ്യോളി ജി.വി.എച്ച്.എസ്.എസിലുമാണ് പരിശീലനം നല്‍കിയത്. വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക, മാലിന്യം ഏങ്ങനെ തരംതിരിക്കണം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും എന്നിങ്ങനെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി സംസ്ഥാന ശില്പശാലയിലൂടെ തെരഞ്ഞെടുത്ത അദ്ധ്യാപകര്‍ക്ക് തൃശൂര്‍ കിലയില്‍ വച്ച് പരിശീലനം നല്കി കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് എല്ലാ വിദ്യാഭ്യാസ ജില്ലകളിലും എല്ലാ സ്കൂളുകളിലേയും സ്കൗട്ട് & ഗൈഡ്സ് ഓഫീസര്‍മാര്‍ക്കും സ്റ്റുഡന്റ് ലീഡേഴ്സിനും പരിശീലനം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കിയ ശേഷം അവരിലൂടെ ഓരോ സ്കൂളുകളിലും വീടുകളിലും വിദ്യാര്‍ത്ഥികള്‍ നേരിട്ട് പരിശീലനം നല്‍കും. എല്ലാ വിദ്യാലയങ്ങളിലും ഇത്തരം ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും സ്കൂളുകളെ ഹരിത വിദ്യാലയമാക്കി മാറ്റുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുകയും ചെയ്യുമെന്ന് ഹരിതകേരളമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.