തരിശു ഭൂമിയില്‍ പച്ചപ്പ് ഒരുക്കാനുള്ള ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനമായ പച്ചത്തുരുത്ത് പദ്ധതിക്ക് കണ്ണൂർ ജില്ലയില്‍ ആവേശകരമായ പ്രതികരണം. തരിശൂ ഭൂമിയില്‍ വൃക്ഷങ്ങളും ചെടികളും വെച്ച് പിടിപ്പിച്ചു സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ് പച്ചത്തുരുത്ത്. കണ്ണൂർ ജില്ലയില്‍ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനകം പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. ജില്ലയിലെ ഉദയഗിരി പഞ്ചായത്താണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത്. ഈ മാതൃകയാണ് സംസ്ഥാനമാകെ നടപ്പിലാക്കുന്നത്.

ജൈവ വൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പരിപാടി, വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിവിധ കോളേജുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തൊരുക്കുന്നത്. ഇതിനകം ജില്ലയില്‍ 250 ഏക്കറിലേറെ തരിശു നിലത്ത് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കാന്‍ നടപടി ആരംഭിച്ചു. മുഴക്കുന്ന് പഞ്ചായത്ത് 136 ഏക്കര്‍ ഭൂമിയാണ് പച്ചത്തുരുത്തിനായി നീക്കിവെച്ചിരിക്കുന്നത്. കണ്ടെത്തിയ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വ്വേ ഇതിനകം പൂര്‍ത്തീകരിച്ചു. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. പരിയാരം ഗ്രാമ പഞ്ചായത്തില്‍ 24 ഏക്കര്‍ ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. കൊളച്ചേരി ഗ്രാമ പഞ്ചായത്തില്‍ രണ്ടിടത്തായി 13 ഏക്കറില്‍ പച്ചത്തുരുത് പദ്ധതി നടപ്പിലാക്കും. ആന്തൂര്‍ നഗരസഭാ എ കെ ജി ദ്വീപിലാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. പടിയൂരില്‍ അഞ്ച് ഏക്കറിലും ചപ്പാരപ്പടവില്‍ ഒരു ഏക്കറിലും പച്ചത്തുരുത്തൊരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആലക്കോട് ഈയ ഭരണി തുരുത്തിനെ പച്ചത്തുരുത്തായി മാറ്റാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

കണ്ണൂര്‍ ഐ ടിഐ, പാലയാട് ഡയറ്റ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും പച്ചത്തുരുത്തിന്റെ വഴിയിലാണ്. കണ്ണൂര്‍ കോര്‍പറേഷനിലെ എടച്ചേരിയില്‍ പച്ചത്തുരുത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് മാതൃകയായ ഉദയഗിരിയില്‍ പച്ചത്തുരുത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. പുതിയ തരിശു നിലങ്ങളിലേക്ക് തുരുത്ത് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും മരവല്‍ക്കരണത്തിനുള്ള തൈകള്‍, വിത്തുകള്‍ എന്നിവ തയ്യാറാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഉദയഗിരിയില്‍ നടക്കുന്നത്. അയ്യായിരം മുള തൈകള്‍ ഉല്‍പ്പാദിപ്പിച്ചു പ്രചരിപ്പിക്കാനുള്ള നഴ്‌സറി ഉദയഗിരിയില്‍ ആരംഭിച്ചു. സംസ്ഥാന വന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നഴ്‌സറി ഒരുക്കുന്നത്.

പദ്ധതി പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ജില്ലാതല സാങ്കേതിക സഹായ സമിതി രൂപീകരിച്ചു. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് അധ്യാപകര്‍, ജൈവ വൈവിദ്യബോര്‍ഡ് അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വനവല്‍ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ ഇരുപതോളം പേരാണ് സിമിതിയിലുള്ളത്.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM