വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് വിമുക്ത മേഖലകളാക്കി മാറ്റാന്‍ ടൂറിസം, വനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ മിഷന്, ക്ലീന്‍ കേരള കമ്പനി എന്നീ ഏജന്‍സികളും ചേര്‍ന്നുള്ള കര്‍മ്മ പരിപാടികള്‍ക്കും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തുടക്കമായി. വാഗമണ്‍ ടൂറിസം മേഖലയിലാണ് സംസ്ഥാനത്ത് ഹരിത ടൂറിസത്തിന് തുടക്കമായത്. ഇതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ‘വഴികാട്ടാന്‍ വാഗമണ്‍’ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനത്തില്‍ നടന്നു. കോലാഹലമേട്, പുള്ളിക്കാനം, വാഗമണ്‍ വാര്‍ഡുകളിലായി പരന്നു കിടക്കുന്ന മൊട്ടക്കുന്ന് അടക്കമുള്ള പ്രദേശങ്ങളില്‍ നടന്ന ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1500ഓളം പേര് അണി നിരന്നു. പതിനാല് കേന്ദ്രങ്ങളിലാണ് ജനകീയ ശുചീകരണം നടന്നത്.
‘വഴികാട്ടാന്‍ വാഗമണ്‍’ പദ്ധതിയുടെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള എല്ലാ റൂട്ടുകളും ഹരിത ഇടനാഴികളായി മാറ്റും. ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം എന്നിവിടങ്ങളില്‍ ഹരിത ചെക്ക് പോസ്റ്റുകളും തുറക്കും. ഇതിനു പുറമേ വഴിക്കടവിലെ വനംവകുപ്പ് ചെക്ക് പോസ്റ്റും ഹരിതചെക്ക് പോസ്റ്റാക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഏലപ്പാറ, അറക്കുളം, കൂട്ടിക്കല്‍, തീക്കോയി ഗ്രാമപ്പഞ്ചായത്തുകളാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
വാഗമണ്‍, പരുന്തുംപാറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ രൂക്ഷമായ മാലിന്യ പ്രശ്നങ്ങള്‍ ഹരിതകേരളം മിഷന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുര്‍ന്ന് ടൂറിസം മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത്. വാഗമണ്ണിലേയ്ക്കുള്ള റൂട്ടുകളില്‍ നിശ്ചിത പോയിന്റുകളില്‍ ഹരിത ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പരിശോധനകള്‍ക്ക് സംവിധാനമൊരുക്കല്‍, ഹരിത ഇടനാഴിയൊരുക്കല്, ഹരിത സംരംഭങ്ങള്‍ സജ്ജമാക്കല്‍ എന്നിവയൊക്കെ വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. ഹരിത കര്‍മ്മസേനയെ സുസജ്ജമാക്കി കര്മ്മപഥത്തിലെത്തിക്കല്, അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ചുവെയ്ക്കുന്നതിന് എം.സി.എഫ് ക്രമീകരിക്കല്‍, പൊതുജൈവ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, പ്രദേശത്തെ ഓരോ സ്ഥാപനത്തിലും വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കല്‍ – അജൈവ മാലിന്യം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തല്‍, പൊതു ടോയ്ലെറ്റുകള്, വിശ്രമ സ്ഥലങ്ങള്‍ എന്നിവ നിര്‍മ്മിക്കല്‍, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ പഞ്ചായത്തുകളിലാകെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കല്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കല്‍, വഴിയോര കച്ചവടക്കാര്‍ക്ക് മാലിന്യപരിപാലനം നിര്‍ബന്ധിതമാക്കുന്നതിനായി ഗ്രീന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തല്‍, ബദല്‍ ഉല്‍പ്പന്നങ്ങളുടെ (തുണിസഞ്ചി, പുനരുപയോഗ സാധ്യമായ പ്ലേറ്റ്, കപ്പ്) പ്രചാരണം, മാലിന്യ സംസ്കരണം സംബന്ധിച്ച ബഹുജന വിദ്യാഭ്യാസ പരിപാടികള്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ – പച്ചക്കറി, ഇറച്ചി, ചിക്കന്‍, മത്സ്യ വ്യാപാരികള്‍- ബേക്കറി, ഫ്രൂട്സ് സ്റ്റാള്‍, ഫ്ളവര്‍ ഷോപ്പുകള്‍-സ്റ്റേഷനറി, മെഡിക്കല്‍ സ്റ്റോര്‍, ടെക്സ്റ്റൈല്‍, സാനിട്ടറി ഷോപ്പുകള്‍- ബ്യൂട്ടി സെന്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍- വര്‍ക്ക് ഷോപ്പുകള്‍, ആട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍- സര്‍വീസിംഗ് സ്റ്റേഷനുകള്‍ – വഴിയോര കച്ചവടക്കാര്‍ -കന്നുകാലി കര്‍ഷകര്‍ തുടങ്ങിയ വിവിധ വിഭാഗക്കാര്‍ക്കായി പ്രത്യേക പരിശീലനങ്ങള്‍ സംഘടിപ്പിക്കല്‍, കുട്ടികള്‍ വഴി മാലിന്യം ഉറവിടത്തില്‍ വേര്‍തിരിക്കല്‍ എന്നിവയും പ്രോജക്ടി ലുള്‍പ്പെടുന്നു. 2020 ല്‍ സമ്പൂര്‍ണ്ണ ഹരിത ടൂറിസം മേഖലയായി വാഗമണ്‍ പ്രദേശത്തെ പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗാന്ധിജയന്തിദിനത്തില്‍ തുടക്കമായത്.