ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ ഹരിത ടൂറിസത്തിന് തുടക്കമിട്ടുള്ള വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയുടെ ആദ്യഘട്ടമായ മെഗാ വണ്‍ടൈം ക്ലീനിംഗില്‍ വന്‍ ജനപങ്കാളിത്തം. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വാഗമണ്‍ പോലീസ് ഗ്രൗണ്ടില്‍ നിന്നും 14 ടീമുകളായി തിരിഞ്ഞാണ് വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്‍റ് പോലിസ് കേഡറ്റ്, എന്‍.സി.സി, എന്‍.എ സ്.എസ്, കുടുംബശ്രീ, ജെ.ആര്‍.സി, സ്കൗട്ട് ആന്‍റ് ഗൈഡസ്, വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി, മീനച്ചില്‍ നദീതട സംരക്ഷണ സമിതി, വ്യാപാരികള്‍, ഹരിത കര്‍മ്മ സേന, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങി 1500 ഓളം പേര്‍ ശുചീകരണ പരിപാടിയില്‍ പങ്കാളികളായി.. പുള്ളിക്കാനം, ഇടുക്കുപാറ, ചോറ്റുപാറ, തങ്കക്കാനം വെയിറ്റിംഗ് ഷെഡ്, ഓള്‍ഡ് മാര്‍ക്കറ്റ്, പാലൊഴുകുംപാറ, തങ്ങളുപാറ, വെട്ടിക്കുഴി, ആത്മഹത്യാ മുനമ്പ്, മൊട്ടക്കുന്ന്, പൈന്‍കാട് തുടങ്ങിയ വാഗമണ്‍ ടൂറിസം കേന്ദ്രങ്ങളും അനുബന്ധ പ്രദേശവുമാണ് ശുചീകരിച്ചത്. പൈന്‍ വാലിയിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഏലപ്പാറ ഗവ.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 240 ഓളം സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍ ശുചീകരണ പരിപാടിയില്‍ ശ്രദ്ധേയ സേവനം കാഴ്ചവച്ചു.
കേരളത്തിന്‍റെ ഹരിത ടൂറിസത്തിലേയ്ക്ക് മിഴി തുറക്കുന്ന ഹരിതകേരളം മിഷന്‍ ‘വഴികാട്ടാന്‍ വാഗമണ്‍’ പദ്ധതിയിലെ ശ്രദ്ധേയ ചുവടുവെയ്പ്പാണ് മെഗാ വണ്‍ ടൈം ക്ലീനിംഗ്. ഹരിതചെക്ക് പോസ്റ്റുകളുമൊക്കെ സജ്ജമാക്കി സമ്പൂര്‍ണ്ണ ഹരിത ടൂറിസം ഡെസ്റ്റിനേഷനായി വാഗമണ്ണിനെ മാറ്റാന്‍ ലക്ഷ്യമിടുന്നതാണ് വഴികാട്ടാന്‍ വാഗമണ്‍ പദ്ധതി. ഇതിന്‍റെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള പ്രധാനപ്പെട്ട നാല് റൂട്ടുകളും ഹരിത ഇടനാഴികളാകും. ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം എന്നിവിടങ്ങളില്‍ ഹരിത ചെക്ക്പോസ്റ്റുകളും തുറക്കും. ഇതിനു പുറമേ വഴിക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റും ഹരിതചെക്ക് പോസ്റ്റാക്കും. ഹരിത ചെക്ക്പോസ്റ്റുകളില്‍ പരിശോധനകള്‍ക്കൊപ്പം ബോധവല്‍ക്കരണം, പ്രകൃതി സൗഹൃദ ബദല്‍ ഉല്‍പ്പന്ന വിതരണം എന്നിവയും ഇവിടെ സജ്ജീകരിക്കും. കുടുംബ ശ്രീയുടെയും ഹരിതകര്‍മ്മ സേനയുടെയും വോളണ്ടിയര്‍മാരെയാകും ഈ ചെക്ക്പോസ്റ്റുകളില്‍ നിയോഗിക്കുക. സഞ്ചാരികളുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമാഹരിക്കുന്നതിനൊപ്പം പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നും ലഭ്യമാക്കും. ഈ പഞ്ചായത്തുകളിലെ പ്രകൃതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ വിപുലീകരിക്കാനും കുടുംബ ശ്രീയുമായി ചേര്‍ന്ന് ഇവയ്ക്ക് സബ്സിഡികള്‍, പരിശീലനങ്ങള്‍, സാങ്കേതിക സഹായങ്ങള്‍ എന്നിവ ലഭ്യമാക്കും. ടൂറിസ്റ്റുകള്‍ കൂട്ടത്തോടെയെത്തുന്ന പ്രത്യേക കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും തരംതിരിച്ച് പ്രത്യേകമായി സമാഹരിക്കുന്നതിന് ബിന്നുകളേര്‍പ്പെടുത്തും. ഇവിടെ നിന്നും പാഴ്വസ്തുക്കള്‍ സമാഹരിച്ചു സൂക്ഷിക്കുന്നതിനായി എം.സി.എഫ് സൗകര്യവും ഒരുക്കും. ടൂറിസം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ക്ക് സ്വന്തം മാലിന്യ സംസ്കരണ സംവിധാനത്തെ അടിസ്ഥാനമാക്കി ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ഇവയിലേയ്ക്കെല്ലാമുള്ള ശ്രദ്ധേയ ചുവടുവെയ്പ് എന്ന നിലയിലാണ് മെഗാ വണ്‍ ടൈം ക്ലീനിംഗ് സംഘടിപ്പിച്ചത്.