ജനീവയില്‍ നടന്ന നാലാമത് യു.എന്‍. ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ 4.05.2019 ന് നടന്ന പ്രത്യേക സെഷനില്‍ ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍.സീമ പങ്കെടുത്തു. കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് ഹരിതമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുള്ള വീണ്ടെടുപ്പും പുനസ്ഥാപനവും വിഷയമാക്കി കേരള പ്രളയവും പുനര്‍നിര്‍മ്മാണവും സംബന്ധിച്ച പ്രത്യേക സെഷനിലാണ് ഡോ.ടി.എന്‍.സീമ സംസാരിച്ചത്.
യു.എന്‍. അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ജനീവയില്‍ സമ്മേളനത്തിന് എത്തിയത്. പ്രളയത്തിന്‍റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നതിനു കാരണമായ പാരിസ്ഥിതിക ഘടകങ്ങള്‍, പ്രളയം സൃഷ്ടിച്ച പാരിസ്ഥിതിക നാശം, പുനര്‍ നിര്‍മ്മാണത്തില്‍ ഉണ്ടാകേണ്ട പാരിസ്ഥിതിക പരിഗണനകള്‍ എന്നിവയെ ആധാരമാക്കിയാണ് ഡോ.ടി.എന്‍.സീമ പ്രസംഗിച്ചത്.