പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം മിഷന്‍-ശുചിത്വ മിഷന്‍, ഫെഡറേഷന്‍ ഓഫ് റസിഡന്റ് അസോസിയേഷന്‍ പാലക്കാട് (ഫ്രാപ്പ്) എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ന്യൂ സിവില്‍ നഗര്‍ കോളനി ഓഡിറ്റോറിയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി സംഘടിപ്പിച്ച ജൈവമാലിന്യ സംസ്‌കരണ വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും, ശുചിത്വ മാതൃക കാണിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നടത്തിവരുന്ന ജില്ലയിലെ ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ വി രഞ്ജിത്ത് അധ്യക്ഷനായി.

മഹാത്മാഗാന്ധി മുന്നോട്ടുവച്ച ഗ്രാമസ്വരാജ് നടപ്പിലാക്കിയത്തിനാലാണ് നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ന് കാണുന്ന മുന്നേറ്റം കൈവരിക്കാനായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മഹാത്മജിയുടെ സ്വപ്നമായിരുന്ന ഗ്രാമീണ ശുചിത്വമാണ് സര്‍ക്കാറിന്റെ ഹരിത കേരളം മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്. ഗ്രാമസ്വരാജും ഗ്രാമീണ ശുചിത്വ വും ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നടപ്പിലാക്കാന്‍ കഴിയൂ. ഇതാണ് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായത്. ലോകം ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്ന മഹാത്മഗാന്ധി സന്ദര്‍ശനം നടത്തിയ അകത്തേത്തറ ശബരി ആശ്രമത്തിന് സാംസ്‌കാരിക വകുപ്പ് അഞ്ച് കോടി അനുവദിച്ച് നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 21 ന് തുടക്കം കുറിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുകയും മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും മികവു പുലര്‍ത്തുകയും ചെയ്ത ശ്രീകൃഷ്ണപുരം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളെയും ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി നഗരസഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പേരില്‍ ട്രോഫി നല്‍കി ആദരിച്ചു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം, പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണ ബിന്‍ വിതരണം, തുണി സഞ്ചി വിതരണം, വീടുകളില്‍ കമ്പോസ്റ്റ് കുഴി നിര്‍മാണം തുടങ്ങിയവ കാര്യക്ഷമമായി നടപ്പിലാക്കിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈ നേട്ടം കൈവരിച്ചതെന്ന് അംഗീകാരത്തിന് അര്‍ഹരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ അറിയിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 4 ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡി ഡി എഡ്യുക്കേഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഗാന്ധി-ജീവിതവും ദര്‍ശനങ്ങളും’ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കുമരംപുത്തൂര്‍ കല്ലടി ജി.എച്ച്.എസ്.എസിലെ കെ.ഗോപിക ഹരി ഒന്നാം സ്ഥാനവും, പള്ളിക്കുറുപ്പ് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ശ്വേത പ്രസാദ് രണ്ടാം സ്ഥാനവും ശ്രേയ ദേവരാജ് മൂന്നാം സ്ഥാനവും നേടി.

മാലിന്യ സംസ്‌കരണം പൊതു നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്ല്യാണ കൃഷ്ണന്‍ വിശദീകരിച്ചു. ജില്ലയില്‍ മാലിന്യ സംസ്‌കരണ രംഗത്ത് ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ഇടപെടലുകളിലൂടെ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെയും ജല സേചന വകുപ്പിന്റെയും സംയോജന പ്രവര്‍ത്തനങ്ങളാണ് ശുചിത്വ മിഷനിലൂടെ നടത്തുന്നത്. അതിനാല്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ജല ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സമൂഹത്തിന്റെ മാലിന്യ സംസ്‌കരണത്തെ സംബന്ധിച്ച മനോഭാവം മാറണമെന്ന് ‘എന്താണ് മാതൃകാ ശുചിത്വ കോളനി’ എന്ന വിഷയത്തില്‍ സംസാരിച്ച ഐ.ആര്‍.ടി.സി എനര്‍ജി ഡിവിഷന്‍ മേധാവി പ്രൊഫ.ബി.എം മുസ്തഫ പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം ആരോഗ്യ രംഗത്തെ എങ്ങനെ ഹാനികരമായി ബാധിക്കുന്നു എന്നും ദൈനംദിന ജീവിത ശൈലിയില്‍ നിന്നും പ്ലാസ്റ്റിക് എങ്ങനെ ഒഴിവാക്കാം എന്നും അദ്ദേഹം വിശദീകരിച്ചു.

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടുമുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ഐ.ആര്‍.ടി.സി,ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, നെഹ്റു യുവകേന്ദ്ര, വിദ്യാഭ്യസ വകുപ്പ്, എക്സൈസ്, ശബരി ആശ്രമം, ഡി.എം.ഒ, ഫ്രാപ്പ് എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വന്നിരുന്നു. ഒക്ടോബര്‍ രണ്ടിന് സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ‘വരയ്ക്കാം എഴുതാം എന്റെ മഹാത്മ’ ചുവരെഴുത്ത്, ഗാന്ധി സ്മൃതി യാത്ര, പ്രണവും സൈക്കിളും ഡോക്യുഫിക്ഷന്‍ പ്രദര്‍ശനം, മാലിന്യ കുട്ട സ്ഥാപിക്കല്‍, പ്രകൃതി സൗഹാര്‍ദ്ദ ബാഗുകളുടെ വിതരണം എന്നിവ നടത്തി. ഒക്ടോബര്‍ മൂന്ന്, അഞ്ച് തിയ്യതികളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒക്ടോബര്‍ നാലിന് ‘മഹാത്മാഗാന്ധി ജീവിതവും ദര്‍ശനവും’ വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഒക്ടോബര്‍ ഏഴിന് ‘മഹാത്മാഗാന്ധിയെ നേരില്‍ കാണാം പരിപാടിയും’ ‘എനിക്കു പറയാനുള്ളത്’ തെരുവുനാടക അവതരണവും സംഘടിപ്പിച്ചു.

ഗാന്ധിജയന്തി വാരാഘോഷം സമാപനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, ഫ്രാപ് പ്രസിഡന്റ് കെ. ആര്‍. ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രതിനിധികള്‍ , ഐ.ആര്‍.ടി.സി അംഗങ്ങള്‍, ഫ്രാപ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജൈവമാലിന്യ സംസ്‌കരണ വസ്തുക്കളുടെ പ്രദര്‍ശനത്തില്‍ പോര്‍ട്ടബിള്‍ ബയോ കമ്പോസ്റ്റ് ബിന്‍ ശ്രദ്ധനേടി

ഐ ആര്‍ ടി സി യുടെ നേതൃത്വത്തില്‍ നടന്ന ജൈവമാലിന്യ സംസ്‌കരണ വസ്തുക്കളുടെ പ്രദര്‍ശനത്തില്‍ പോര്‍ട്ടബിള്‍ ബയോ കമ്പോസ്റ്റ് ബിന്‍ ശ്രദ്ധനേടി. കുറഞ്ഞ ചിലവില്‍ ലളിതമായി ഭക്ഷണ അവശിഷ്ടങ്ങള്‍ വളമാക്കിമാറ്റുന്ന ബയോ കമ്പോസ്റ്റ് ബിന്‍ , കിച്ചെന്‍ ബിന്‍ എന്നിവ പരിചയപ്പെടുത്തുകയും ഉപയോഗിക്കേണ്ട രീതി വിശദീകരിക്കുകയും ചെയ്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM