പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന ചുവടുവയ്പായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്താരംഭിച്ച പച്ചത്തുരുത്ത് പദ്ധതിക്ക് വന്‍ സ്വീകാര്യത. 1000 പച്ചത്തുരുത്തുകളാണ് ഈ വര്‍ഷം തുടങ്ങാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യ മാസം പിന്നിട്ടപ്പോള്‍ തന്നെ 300 ല്‍ അധികം പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കാനായി.
തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് പഞ്ചായത്തിലെ വേങ്ങോട് ഹെല്‍ത്ത് സെന്‍റര്‍ വളപ്പില്‍ നീര്‍മാതളത്തിന്‍റെ തൈ നട്ട് ജൂണ്‍ 5 ന് ആണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചെങ്കല്‍, കടുവാചിറ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നീ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 14 പച്ചത്തുരുത്തുകള്‍ക്ക് തുടക്കമായി. പൂതക്കുളം, തഴവ, പെരിനാട്, കുണ്ടറ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ കൊല്ലത്ത് 17 സ്ഥലങ്ങളില്‍ പച്ചത്തുരുത്ത് തുടങ്ങി. പത്തനംതിട്ടയിലെ കൊടുമണ്‍ പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും പച്ചത്തുരുത്തുകള്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്തിയത് ശ്രദ്ധേയമായി. കൂടാതെ വള്ളിക്കോട്, കൊടുമണ്‍, മെഴുവേലി, കുളനട, ആറന്മുള ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയില്‍ 25 ഉം പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. ഇതുവരെ ആരംഭിച്ചതെല്ലാം ചേര്‍ത്താല്‍ ഏകദേശം 500 ഏക്കര്‍ വിസ്തൃതിയില്‍ പച്ചത്തുരുത്തുകള്‍ തുടങ്ങാനായി. 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി പ്രാദേശിക ജൈവവൈവിധ്യത്തിന്‍റെ ഭാഗമായ വൃക്ഷങ്ങളും സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവയെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യ സ്ഥലങ്ങളാണ്. ചുരുങ്ങിയത് അര സെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോള താപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പാക്കും.