ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഹരിതകേരളം മിഷന്‍ ഫ്ളോട്ട് തയ്യാറാക്കിയത് പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്. പരിസ്ഥിതി സൗഹൃദ കേരളം പുനര്‍നിര്‍മ്മിക്കാം എന്ന സന്ദേശം നല്‍കിയാണ് ഹരിതകേരളം മിഷന്‍ ഫ്ളോട്ട് അവതരിപ്പിച്ചത്. ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ ഈ ഫ്ളോട്ടിന് ഒന്നാം സമ്മാനവും ലഭിച്ചു. പച്ചത്തുരുത്ത്, ജലസംരക്ഷണം, മാലിന്യങ്ങള്‍ വലിച്ചെറിയരുത്; കത്തിക്കരുത് എന്നീ മൂന്ന് ആശയങ്ങള്‍ സംവേദനക്ഷമമാക്കുംവിധം ദൃശ്യവത്കരിച്ചാണ് ഹരിതകേരളം മിഷന്‍ ഫ്ളോട്ട് തയ്യാറാക്കിയത്. പൂര്‍ണ്ണമായും പ്രകൃതി സൗഹൃദ വസ്തുക്കളും പുനചംക്രമണത്തിന് വിധേയമാക്കാനാവുന്ന വസ്തുക്കളും ഉപയോഗിച്ചാണ് ഫ്ളോട്ട് നിര്‍മ്മിച്ചത്. പച്ചത്തുരുത്ത് ദൃശ്യവത്കരിക്കാനായി യഥാര്‍ത്ഥ വൃക്ഷത്തൈകളും ചെടികളുമാണ് ഉപയോഗിച്ചത്. ഫ്ളോട്ടുകള്‍ തയ്യാറാക്കുമ്പോള്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കണമെന്ന് ടൂറിസം വകുപ്പിന്‍റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതനുസരിച്ച് ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഫ്ളോട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിക്കാനാവുമെന്നതിന് ഉത്തമ മാതൃകയായിരുന്നു ഇക്കുറി ഓണാഘോഷത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യം.