മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കണമെന്ന ലക്ഷ്യത്തോടെ ‘അരുത് ! വലിച്ചെറിയരുത്, കത്തിക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഹരിതകേരളം മിഷനും കിലയും സംയുക്തമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ശില്‍പ്പശാല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആയിരുന്നു ശില്‍പ്പശാല. കില ഡയറക്ടര്‍ ശ്രീ.ജോയ് ഇളമണ്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ ആമുഖാവതരണം നടത്തി.
സംസ്ഥാനത്ത് ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ഇത് സംബന്ധിച്ച അവബോധം ജനങ്ങളില്‍ വ്യാപകമാക്കുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. 20 ലക്ഷം പേരിലെത്തുന്ന വിപുലമായ ബോധവല്‍ക്കരണ കാമ്പയിനും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളെ സജ്ജമാക്കുകയുമാണ് ലക്ഷ്യം. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്.