തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ ലക്ഷ്യവുമായി സമന്വയിപ്പിച്ചപ്പോള്‍ വെള്ളിയാമറ്റം ഗ്രാമത്തിന് ലഭിച്ചത് അഭൂതപൂര്‍വ്വമായ ജലസമൃദ്ധിയാണ്. ഇടുക്കി ജില്ലയില്‍ മറ്റൊരു ഗ്രാമപ്പഞ്ചായത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് ആദിവാസിമേഖല കൂടിയായ വെള്ളിയാമറ്റം സ്വായത്തമാക്കിയത് കുടിവെള്ള കിണറുകള്‍, കുളങ്ങള്‍, തടയണകള്‍, കല്ല്കയ്യാലകള് തുടങ്ങിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് വെള്ളിയാമറ്റം നേട്ടം കൊയ്തത്.
വനിതകളാണ് ഈ ജോലികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന പ്രത്യേകതയും വെള്ളിയാമറ്റത്തെ ഈ ജനകീയ കൂട്ടായ്മയ്ക്കുണ്ട്. 52 കിണറുകളും എട്ട് തടയണകളുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാമപ്പഞ്ചായത്തില്‍ ഇവിടെ ഉദയംകൊണ്ടത്. മലമുകളിലെ ഉറവക്കുഴികളില് നിന്നും സുലഭമായി കിട്ടിയിരുന്ന വെള്ളം ആവശ്യത്തിന് കിട്ടാതായതോടെയാണ് നാട്ടുകാര്‍ വഴിക്കണ്ണുമായി ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചത്. ഭൂരിപക്ഷവും സാധാരണക്കാരായതിനാല്‍ സ്വന്തം നിലയില്‍ കിണര്കുഴിക്കുന്നതിനുള്ള ത്രാണിയും ഭൂരിപക്ഷത്തിനുമുണ്ടായില്ല. അങ്ങനെ തൊഴിലുറപ്പു പദ്ധതിയിലെത്തുകയായിരുന്നു കുടിവെള്ളത്തിനായുള്ള ആളുകളുടെ അന്വേഷണം. അവിടെയും കിണര്‍ നിര്‍മ്മാണ വൈദഗ്ധ്യമുള്ളവരുടെ അഭാവം പ്രശ്നമായി.
സ്ത്രീകളാണെന്ന ‘കുറവ് ‘ മറികടക്കാനായതോടെ കിണര്‍ നിര്‍മ്മാണ പരിശീലനം നേടാനായി ശ്രമം. അത് സാധ്യമായതോടെ തൊഴിലുറപ്പിലെ പെണ്‍സന്തതികള്‍ പടച്ചട്ടയണിഞ്ഞ് രംഗത്തിറങ്ങി. ഒടുവില്‍ കിണറുകളൊന്നൊന്നായി നിര്‍മ്മിച്ചു നല്കി തൊഴിലാളി സംഘം അവരുടെ വിജയഗാഥകള്‍ പൂര്‍ത്തിയാക്കി. കല്ലുകെട്ടുന്നതിനായി കുഴിച്ച കിണറുകളിലെല്ലാം സമൃദ്ധമായി വെള്ളമുണ്ടെന്നതാണ് മറ്റൊരു വലിയ നേട്ടം. 3380 തൊഴില്‍ ദിനങ്ങളാണ് 52 കിണറുകള്‍ക്കായി വിനിയോഗിച്ചത്. ആകെ ചെലവിട്ടത് 19,76000രൂപ.220 വനിതകളും 21 പുരുഷന്മാരുമാണ് ഈ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്.ഇതു കൂടാതെ വടക്കനാറിന് കുറുകെ കൃഷിക്കനുയോജ്യമായ നാല് കുളങ്ങളും നാല് തടണകളുമുണ്ടാക്കി. ഇത് നാടിനെയാകെ ജലസമൃദ്ധമാക്കാന്‍ പര്യാപ്തമായി. നാല് കുളങ്ങള്‍ക്ക് കയര്‍ഭൂവസ്ത്രം ഉപയോഗിച്ചാണ് ഭിത്തി നിര്‍മ്മിച്ചത്. 64തൊഴിലാളികള്‍ 61 ദിവസംകൊണ്ടാണ് ഈ തടയണകള്‍ നിര്‍മ്മിച്ചത്. 4,86,000 രൂപയാണ് ഇതിനായി ചെലവിട്ടത്.
ഇതു കൂടാതെ വെള്ളിയാമറ്റത്തെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2250മീറ്റര്‍ കല്ല് കയ്യാലകളും നിര്മ്മിച്ചുനല്കി ഈ തൊഴിലുറപ്പ് കൂട്ടം. വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ മാറ്റമില്ലാതെ കുടിവെള്ളത്തിന് നെട്ടോട്ടമോടിയിരുന്ന ഈ പ്രദേശം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതിലൂടെ ജല സ്വയംപര്യാപ്തത നേടിയിരിക്കുകയാണ്.