പാഴായിപ്പോകുന്ന ചണച്ചാക്കുകള്‍ക്ക് ജലസംരക്ഷണത്തില്‍ ഇടപെടാനാകുമെന്ന തിരിച്ചറിവിന് വലിയ പ്രായോഗിക തലങ്ങളുണ്ട്. അവ ഉപയോഗിച്ച് വളരെ ചെലവു കുറഞ്ഞ നിലയില്‍ ജലസംഭരണികളുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമല്ലേ. ഈ ആശയം യാഥാര്‍ഥ്യമാക്കിയാണ് ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപ്പഞ്ചായത്ത് ‘രാജാവ് ‘ആകുന്നത്.
ഹരിതകേരളത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച ജലസംഗമത്തിലൂടെയാണ് രാജകുമാരി ഗ്രാമപ്പഞ്ചായത്തിന്റെ ചണച്ചാക്ക് വാട്ടര്‍ടാങ്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചത്. താരതമ്യേന വളരെ ലളിതവും ചെലവുകുറഞ്ഞതുമായ ജലസംഭരണ മാര്‍ഗമാണ് ഇതിലൂടെ ലഭ്യമാകുന്നത്. പച്ചക്കറിക്കൃഷി 20,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ചണച്ചാക്ക് വാട്ടര്‍ടാങ്ക് നിര്‍മ്മിക്കാന്‍ ചെലവാകുന്നത് 16,350 രൂപ മാത്രമാണ്. 90 ചണച്ചാക്കുകളും 15 ചാക്ക് സിമന്റും പത്ത് കിലോ വൈറ്റ് സിമന്റും ലേബര്‍ ചാര്‍ജിനത്തില്‍ 8400 രൂപയും നല്‍കിയാല്‍ നാലരമീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ ആഴവുമുള്ള വാട്ടര്‍ ടാങ്ക് റെഡി. രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ഒന്നു വീതം ചണച്ചാക്ക് വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയെ പരിചയപ്പെടുത്തിയതോടെ 16 കര്‍ഷകരും സ്വന്തം നിലയില്‍ ഇത്തരം വാട്ടര്‍ടാങ്കുകളുണ്ടാക്കി.
അനുയോജ്യമായ സ്ഥലത്ത് വേണ്ട അളവില്‍ കുഴിയെടുക്കുകയാണ് നിര്‍മ്മാണത്തിന്റെ ആദ്യ പടി. തുടര്‍ന്ന് മണ്ണ് തല്ലിയുറപ്പിക്കണം. പിന്നീട് വീടിനകം മെഴുകുന്ന അതേ മാതൃകയില്‍ കുഴിയുടെ ഉള്‍ഭാഗം മണ്ണുകൊണ്ട് നന്നായി മെഴുകണം.തുടര്‍ന്ന് സിമന്റ് ഗൗട്ട് (ഒരു ചാക്ക് സിമന്റ് 30ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ മിശ്രിതം)തയ്യാറാക്കി പെയിന്റിംഗ് ബ്രഷ് ഉപയോഗിച്ച് ഭംഗിയായി ഉള്‍ഭാഗമാകെ പെയിന്റ് ചെയ്യണം. തുടര്‍ന്ന് തുന്നല്‍ നീക്കിയ ചാക്കുകള്‍ ഈ മിശ്രിതത്തില്‍ മുക്കി ഒരു പാളിപോലെ ഉള്‍ഭാഗത്ത് നന്നായി ഉറപ്പിക്കണം. അതുണങ്ങിയ ശേഷം വീണ്ടും മറ്റൊരു പാളിപോലെ ചാക്കുകള്‍ ഗ്രൗട്ടില്‍ മുക്കി ഉറപ്പിക്കണം. ഇതുണങ്ങുമ്പോള്‍ ഡാം ഗ്വാഡുകള്‍/ ഡാം പ്രൂഫുകള്‍ എന്ന ക്വോട്ടിംഗ് പെയിന്റ് ചെയ്യണം.ഈ ആവശ്യത്തിന് വൈറ്റ് സിമന്റും ഉപയോഗിക്കാവുന്നതാണ്. ഏതെങ്കിലും ഭാഗത്ത് ചോര്‍ച്ചയോ മറ്റോ കണ്ടെത്തിയാല്‍ ആ ഭാഗത്തെ ചാക്ക് മാത്രം കട്ട് ചെയ്ത് നീക്കി,പുതിയത് സ്ഥാപിക്കാം. സ്വന്തം നിലയില്‍ ഇത് ചെയ്യാനാകുമെന്നതും ഈ ടാങ്കിന്റെ മേന്മയായി വിലയിരുത്തപ്പെടുന്നു.