ലോകം സൗകര്യപൂര്‍വ്വം മറന്ന കുമളിഅട്ടപ്പള്ളം തോടിനെ കാലം വീണ്ടെടുത്തു നല്‍കുകയാണ്. അതിമലിനതയുടെ ആസുരകാലത്തിലേയ്ക്ക് ഇനിയൊരു മടക്കമുണ്ടാകരുതെന്ന ഓര്‍മ്മപ്പെടുത്തലോടെ…ഗതകാല നന്മയുടെ ഈടുവെയ്പ്പായി ഈ തോട് അവിടെയുണ്ടാകണമെന്ന ആഗ്രഹത്തോടെ… ഇടുക്കിയുടെ ടൂറിസം തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന തേക്കടിയ്ക്ക് മാലിന്യം നിറഞ്ഞ അട്ടപ്പള്ളം തോട് എന്നും നാണക്കേടായിരുന്നു. ദിവസവും ഓരോന്ന് എന്ന നിലയിലാണ് ഈ മാലിന്യവും പരിസരവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.തോട്ടിറമ്പിലും മറ്റും കുന്നുകൂടിയ ഭക്ഷണമാലിന്യത്തിനായുള്ള തെരുവുനായകളുടെ അങ്കവും തേക്കടി ജലാശയത്തില്‍ ബോട്ടിംഗിനും മറ്റുമെത്തിയ വിദേശികളടക്കമുള്ളവരെ തെരുവുനായകള്‍ ഓടിച്ചിട്ടു കടിച്ചുകീറിയതും വാര്‍ത്തയും വിവാദവുമായിരുന്നു.ഈ സാഹചര്യമാണ് ഹരിത കേരളത്തിന്റെ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളും ‘ജലമാണ് ജീവന്‍’ ക്യാംപെയിനുമെല്ലാം സമന്വയിപ്പിച്ചു കൊണ്ടുള്ള ‘മിഷന്‍ തേക്കടി’ എന്ന പേരിലുള്ള അട്ടപ്പള്ളം തേക്കടി തോട് ശുചീകരണം അനിവാര്യമായത്.പെരിയാര്‍ ടൈഗര്‍ റിസേര്‍വ്വിന്റെ സാമ്പത്തിക സഹായവും സഹകരണവും ഈ ജലസ്രോതസ്സ് വീണ്ടെടുക്കുന്നതില്‍ ലഭിക്കുന്നുണ്ടെന്നത് പ്രത്യേകതയാണ്.
പണ്ട് കുമളി ഗ്രാമപ്പഞ്ചായത്തിന്റെ ഏറ്റവും ബലവത്തായ ജലസ്രോതസ്സായിരുന്നു ഈ തോട്. ആളുകള്‍ കുളിക്കാനും കുടിക്കാനുമെല്ലാം ആശ്രയിച്ചിരുന്നത് ഈ തോടിനെയായിരുന്നു. ഈ തോട്ടില്‍ നീന്തിക്കളിച്ചതിനെപ്പറ്റിയുള്ള ഒരുപാട് കഥകള്‍ ഇപ്പോഴും മുതിര്‍ന്നവര്‍ പറയാറുണ്ട്.കുമളി, ചക്കുപള്ളം ഗ്രാമപ്പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ളവും ഇവിടെ നിന്നായിരുന്നു. കുമളി ഗ്രാമപ്പഞ്ചായത്തിലെ 35000 കുടുംബങ്ങളുടെയും ചക്കുപള്ളം ഗ്രാമപ്പഞ്ചായത്തിലെ 6000കുടുംബങ്ങളുടെയും ജീവധാരയാകുന്നത് ഈ തോടാണ് .തമിഴ്‌നാട്ടിലെ നാല് ജില്ലകള്‍ക്കും തമിഴ്‌നാട്ടിലെ നാല് ജില്ലകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് മുല്ലപ്പെരിയാര്‍ (തേക്കടി)തടാകത്തില്‍ നിന്നുമാണ്. ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന ഏറ്റവും വലിയ തോടും ഇതായിരുന്നു. ഈ തോട് അവസാനിക്കുന്നയിടത്താണ് തമിഴ്‌നാട്ടിലേയ്ക്ക് കുടിവെള്ളം കൊണ്ടുപോകുന്ന ആദ്യ ടണല്‍ സ്ഥാപിച്ചിട്ടുള്ളത്.
പിന്നീടെപ്പോഴോ പുഴ മെലിഞ്ഞുണങ്ങി.കൈയ്യേറ്റവും റോഡ് വികസനവുമെല്ലാം ഇതിനു കാരണമായി പറയുന്നുണ്ട്. കാരണം എന്തുതന്നെയായാലും നിറഞ്ഞൊഴുകിയിരുന്ന പഴയ അട്ടപ്പള്ളം തോട് ഇന്നൊരു ഓടയ്ക്ക് സമാനമായ ചെറു തോടാണ്; കുമളിയുടെ സകല വിഴുപ്പുകളും ചുമക്കുന്ന മാലിന്യവാഹിനി. മാലിന്യം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാല് ജില്ലാ കളക്ടര്‍മാര്‍ തോടിനെ മാലിന്യമുക്തമാക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നില പോലുമുണ്ടായി. മലിനജലവും ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് ‘ഭക്ഷണവും’ വന്യജീവികളുടെ ജീവനുകള്‍ക്കും ഭീഷണിയായി. അതോടെ തോടിനെ വീണ്ടെടുക്കണമെന്നത് വന്യജീവി വകുപ്പിന്റെ കൂടി ആവശ്യമായി.
പുഴ നടത്തം സംഘടിപ്പിച്ചുകൊണ്ടാണ് പുഴയുടെ ദുരവസ്ഥ പദ്ധതിയുടെ സംഘാടകര്‍ ലോകത്തെ അറിയിച്ചത്. തോട് ഉത്ഭവിക്കുന്ന അട്ടപ്പള്ളം മുതല്‍ പെരിയാര്‍ വന്യ ജീവി സങ്കേതത്തിലൂടെയടക്കം 12 കിലോമീറ്ററാണ് തോടിന്റെ ദൈര്‍ഘ്യം. ഈ ദൂരമത്രയും പുഴയ്‌ക്കൊപ്പം നടന്ന് അതിന്റെ ദൈന്യാവസ്ഥ പഞ്ചായത്ത് പ്രസിഡണ്ട് ഷീബാ സുരേഷടക്കമുള്ളവര്‍ നേരില്‍ക്കണ്ടു.പിന്നീടാണ് പുഴയെ ശുദ്ധി ചെയ്ത് സംരക്ഷിക്കാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ഹരിത സഹായ സ്ഥാപനമായ കോഴിക്കോട് ‘നിറവി’നെ ചുമതലപ്പെടുത്തിയത്. പഞ്ചായത്തിലെ നാല് റെസിഡന്റ്‌സ് അസോസിയേഷനുകള്‍,ഗ്രീന്‍ കുമളി ക്ലീന്‍ കുമളി സൊസൈറ്റി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുപ്രവര്‍ത്തകര്‍ കൂട്ടായ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ വനത്തിലൂടെ പഴയ പ്രതാപത്തോടെ 15 അടി വീതിയില്‍ നിവര്‍ന്നൊഴുകാന്‍ തോടിന് സാധിച്ചു. എന്നാല്‍ മറ്റിടങ്ങളില്‍ ഏഴടിയേ വീതി കിട്ടിയുള്ളു. നാലടി ആഴവും ഇപ്പോള്‍ പുഴയ്ക്കുണ്ട്. മാലിന്യ മുക്തമാക്കാന്‍ ബാക്കിയുള്ള ആറ് കിലോമീറ്റര്‍ കാലവര്‍ഷത്തിനു മുമ്പ് തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഹരിതകേരളവും ഗ്രാമപ്പഞ്ചായത്തും. തോടിനെ വൃത്തിയാക്കിയശേഷം മാലിന്യം പതിക്കാത്തവിധം വലയിട്ട് സൂക്ഷിക്കുന്നതാണ് പദ്ധതി. പിന്നീട് അവിടേയ്ക്ക് മാലിന്യം എത്താതെ സൂക്ഷിക്കേണ്ട ചുമതല സമീപവാസികള്‍ ഏറ്റെടുത്തിട്ടുണ്ട്.