സംസ്ഥാനത്ത് ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലൂള്ള സ്ഥലങ്ങളില്‍ സാധ്യമായ ഇടങ്ങളിലെല്ലാം ഹരിതകേരളം മിഷനുമായി ചേര്‍ന്ന് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കും. കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എല്ലായിടത്തും പച്ചത്തുരുത്ത് നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുന്നത്. തിരുവനന്തപുരത്ത് കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ഡാം പരിസരത്ത് നടന്ന പച്ചത്തുരുത്ത് ഉദ്ഘാടന ചടങ്ങിലാണ് കെ.ടി.ഡി.സി ചെയര്‍മാന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ വൃക്ഷത്തൈ നട്ടു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ജെ.ആര്‍ അജിത അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് എസ്.ശ്യാംലാല്‍ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള 8 ഏക്കറിലാണ് ഇവിടെ പച്ചത്തുരുത്ത് ഒരുക്കുന്നത്. തുടര്‍ന്ന് 5 ഏക്കറില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. കെ.ടി.ഡി.സിയുടെ 40 ഓളം കോമ്പൗണ്ടുകളില്‍ ഈ വര്‍ഷം തന്നെ പച്ചത്തുരുത്തിനു തുടക്കമാകും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു.
പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി പ്രാദേശിക ജൈവവൈവിധ്യത്തിന്‍റെ ഭാഗമായ വൃക്ഷങ്ങളും സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോള താപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷ ത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പാക്കും.