അണ്ണാറക്കണ്ണനും തന്നാലായത് !
ജലസംരക്ഷണത്തില്‍ ജോളി വര്‍ക്കിയുടെ സ്വന്തം മാതൃക

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴി അന്വര്‍ഥമാക്കുകയാണ് ജോളി വര്‍ക്കിയെന്ന സാധാരണക്കാരനായ ജൈവ കര്‍ഷകന്‍. ജലസംരക്ഷണത്തിന് ഉദാത്ത മാതൃകകള്‍ സമ്മാനിക്കുന്നതിനൊപ്പം ഉപജീവനം കൂടി കണ്ടെത്താമെന്ന് ലോകത്തെ അറിയിക്കുകയാണ് തൊടുപുഴ ഒളമറ്റം സ്വദേശി ജോളി വര്‍ക്കി.

മഴവെള്ള സംഭരണത്തിലൂടെ പ്രകൃതിയെ എക്കാലത്തും പച്ചപ്പ് അണിയിക്കാമെന്ന് ലോകരെയാകെ ബോധ്യപ്പെടുത്തുകയാണ് ഈ യുവ കര്‍ഷകന്‍. വീടുള്‍പ്പടെയുള്ള 52 സെന്റ് സ്ഥലമാകെ ഫലപ്രദമായി ഉപയോഗിച്ച് ജീവിതം കണ്ടെത്തുക കൂടി ചെയ്യുന്നുണ്ട് ഇദ്ദേഹം. ഹരിതഭവനത്തിന്റെ ഉടമയെന്നാണ് ജോളിയെ വിശേഷിപ്പിക്കാറുള്ളത്. കാരണം അരിയൊഴികെ ബാക്കിയെല്ലാം ഇദ്ദേഹം സ്വന്തമായാണ് ഉണ്ടാക്കുന്നത്.

10 വര്‍ഷമായി മഴവെള്ളം ഉപയോഗിച്ച് കൃഷിയും മീന്‍ വളര്‍ത്തലുമെല്ലാം നടത്തുകയാണ് ഇദ്ദേഹം. എട്ടു കുളങ്ങളാണ് ഈ പുരയിടത്തില്‍ ജോളി വര്‍ക്കി നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെയെല്ലാം ഉറവിടം മഴവെള്ളമല്ലാതെ മറ്റൊന്നുമില്ല.തന്റെ കൃഷിയിടത്തില്‍ ഒരിടത്തും വെള്ളമില്ലെന്ന തിരിച്ചറിവാണ് പ്രകൃതിയുടെ കനിവിനെ ആശ്രയിക്കാന്‍ ജോളിയെ പഠിപ്പിച്ചത്.

വീടിന് പുറകില്‍ പ്രത്യേകമായുണ്ടാക്കിയ തട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന 1ലക്ഷം ലിറ്ററിന്റെ ടാങ്കാണ് ഈ പുരയിടത്തിലെ മുഖ്യ ജലസംഭരണിയെന്ന് പറയാം. ഇതു കൂടാതെ തൊട്ടുതാഴെയായി 10,000ലിറ്ററിന്റെ ഒരു ടാങ്കും 5000ലിറ്ററിന്റെ വീതമുള്ള രണ്ട് ടാങ്കുകളുണ്ട്. ഇവയുടെ ഒരു ഭാഗത്തേക്കു നിര്‍മ്മിച്ചിരിക്കുന്ന പാത്തിയിലൂടെ വെള്ളം മറ്റൊരു 25000 ലിറ്ററിന്റെ ടാങ്കിലെത്തും. മറ്റൊരു ഭാഗത്തെ പാത്തിയിലൂടെ 60000ലിറ്ററിന്റെ മറ്റൊരു പടുതാക്കുളത്തിലും ഈ വെള്ളമെത്തും. ഇതു കൂടാതെ ഒരു സെന്റ് സ്ഥലത്ത് 50000ലിറ്ററിന്റെയും 30000ലിറ്ററിന്റെയും പടുതാക്കുളങ്ങളുമുണ്ട്.

ഈ കുളങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഏതെങ്കിലും ഒന്നില്‍ വെള്ളം കുറഞ്ഞാല്‍ വെള്ളം എത്തിക്കാന്‍ അതിലൂടെ കഴിയുന്നു. മഴ പെയ്യുന്ന വേളയില്‍ ടാങ്കുകള്‍ വൃത്തിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് ഈ കര്‍ഷകന്‍. പ്രതിവര്‍ഷം ഒരു ടണ്‍ മീനും 200 കിലോ പച്ചക്കറികളും ഇദ്ദേഹം വില്‍ക്കുന്നുണ്ടെന്നതാണ് ഇദ്ദേഹത്തിന്റെ മഴവെള്ള സംഭരണം വിജയമാണെന്നതിന് സാക്ഷ്യം. ഇതു കൂടാതെ കോഴിവളര്‍ത്തലും തേന്‍ വളര്‍ത്തലുമുണ്ട്. അക്വാഫോണിക്‌ താരതമ്യേന മണ്ണ് കുറഞ്ഞ പുരയിടമാണ് ജോലി വര്‍ക്കിയുടേത്.അവിടെയാണ് ജോളി ഈ മഴവെള്ളത്തിലൂടെ മായാജാലം കാട്ടുന്നത്.

വീടിന് സമീപത്തെ റോഡിലൂടെ ഒഴുകുന്ന വെള്ളവും തന്റെ പുരയിടത്തിലെത്തിക്കാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പുരയിടത്തിന്റെ മുകള്‍ പ്രദേശത്തുനിന്നും ഒഴുകിയെത്തുന്ന ഒരു തുള്ളി വെള്ളം പോലും തന്റെ കൃഷിയിടത്തിന് നഷ്ടപ്പെടാതിരിക്കാനും ബദ്ധശ്രദ്ധനാണ് ജോളി വര്‍ക്കി. താരതമ്യേന വെള്ളം ലഭിക്കുന്ന സമീപത്തെ മറ്റ് പുരയിടങ്ങളെപ്പോലും വരള്‍ച്ച ബാധിക്കുമ്പോള്‍ ജോളിയുടെ ഭൂമിയില്‍ എന്നും എപ്പോഴും പച്ചപ്പ് മാത്രമേയുള്ളു; ജല സമൃദ്ധി മാത്രമേയുള്ളു. മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡുള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് ഇദ്ദേഹം. ഹരിതകേരളം മിഷന്റെ ഇടുക്കി ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ് ജോളി വര്‍ക്കി.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM