കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയ ദുരന്തത്തില്‍ നിന്നും കേരളീയ സമൂഹം ഉയര്‍ത്തെഴുന്നേറ്റ് വന്നതിന്റെ ത്യാഗോജ്ജ്വലമായ സ്മരണകളുമായി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ‘ജനകീയം ഈ അതിജീവനം’ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു.

പ്രളയകാലത്ത് കേരളീയ സമൂഹം കാഴ്ചവച്ച മാനവികതയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അതിജീവനത്തിനുള്ള ആത്മധൈര്യം നല്‍കുന്നവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിവിധങ്ങളായി വിഭജിക്കപ്പെട്ടിരുന്ന മലയാള സമൂഹം ദുരന്തനാളുകളില്‍ എല്ലാ വ്യത്യാസങ്ങളും മറന്നു അതിജീവനത്തിനായി പ്രവര്‍ത്തിച്ചു. മനസുവച്ചാല്‍ മാനവികതയുടെ ഉത്തമ മാതൃക സൃഷ്ടിക്കാമെന്നും കേരളീയര്‍ തെളിയിച്ചെന്നും പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമുക്ക് കൂടുതല്‍ മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സാമൂഹിക മേഖലകളില്‍ കേരള മാതൃക സൃഷ്ടിച്ച സംസ്ഥാനത്തിന് പ്രളയ അതിജീവനത്തിലും മാതൃകയാവാന്‍ സാധിച്ചെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലേക്ക് ജില്ലാ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച നൈപുണ്യ സേന 480 വീടുകളില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ പ്രശംസ നേടിയതായി അദ്ദേഹം പറഞ്ഞു. ആപത്തിനെ അവസരമായി കണ്ട് വിദ്യാര്‍ത്ഥികളില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശക്തമായ ബോധവല്‍ക്കരണം നടത്താനായെന്നും ഇതുവഴി മുപ്പത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പരിസരപ്രദേശങ്ങളില്‍ നിന്നും പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച ഒരുലക്ഷം രൂപയിലധികം നവകേരള നിര്‍മ്മിതിക്ക് സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രളയ കാലത്ത് എറണാകുളം ജില്ലയില്‍ തഹസില്‍ദാരായി സേവനമനുഷ്ടിച്ചിരുന്ന ഡെപ്യൂട്ടി കളക്ടര്‍(ആര്‍ ആര്‍) പി.ആര്‍ രാധിക അന്ന് നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പങ്കുവച്ചു. ദുരന്തസമയത്ത് ജില്ലയിലെ ഐടി പ്രൊഫഷണലുകള്‍ രാപ്പകല്‍ ഭേദമന്യേ നടത്തിയ നിസ്വാര്‍ത്ഥ സേവനം മറക്കാനാവാത്തതാണ്. മലയാളികളെന്നതിലുപരി മനുഷ്യര്‍ക്ക് എത്ര പെട്ടെന്ന് അടുക്കുവാനും പിന്നീട് അതേവേഗത്തില്‍ അകലാനും സാധിക്കുമെന്ന് പ്രളയം പഠിപ്പിച്ചു. മനുഷ്യജീവിതങ്ങളുടെ വ്യത്യസ്ഥമായ കാഴ്ചകള്‍ പ്രളയകാലത്ത് കാണാനായെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.

പ്രളയ ദുരന്തത്തില്‍ നിന്നും അതിജീവിക്കാനുള്ള നവകേരള നിര്‍മ്മിതിക്കായി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയ ഉദുമ സ്വദേശി പി.എ രവീന്ദ്രനെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു. സഹകരണ വകുപ്പിന്റ കെയര്‍ ഹോം പദ്ധതി പ്രകാരം ജില്ലയില്‍ ഏഴു വീടുകള്‍ നിര്‍മ്മിച്ച സഹകരണ സംഘങ്ങളെ ജില്ലാ പ്രസിഡന്റ് ആദരിച്ചു. മൂന്നു വീടുകള്‍ നിര്‍മ്മിച്ച ഉദയപുരം ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, ഓരോ വീടുകള്‍ നിര്‍മ്മിച്ച കാസര്‍കോട് പബ്ലിക് സര്‍വന്റ്സ് സഹകരണ സംഘം, കാടകം, മഞ്ചേശ്വരം, തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങളെയാണ് ആദരിച്ചത്. എഡിഎം:എന്‍.ദേവീദാസ്, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.വത്സന്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) കെ.മുരളീധരന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM