നല്ലമണ്ണ്, നല്ല ജലം, നല്ല വായു എന്ന സന്ദേശവുമായി ഹരിതകേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നത് വീണ്ടെടുപ്പിന്റെ വിജയഗാഥകള്‍. കൂട്ടായ്മയും വകുപ്പ്തല ഏകോപനവും വഴി നദികളും ജലാശയങ്ങളും നീര്‍ത്തടങ്ങളും പുനര്‍ജനിച്ചതിന്റെ നേര്‍ചിത്രങ്ങളായ അവതരണങ്ങള്‍ ടാഗോര്‍ തീയറ്ററില്‍ നടന്ന ജലസംഗമവേദിയെ ശ്രദ്ധേയമാക്കി. മൂന്ന് വേദികളിലായി നടന്ന അവതരണങ്ങളില്‍ നിയമസഭാ സാമാജികര്‍ മുതല്‍ ജില്ലാകളക്ടര്‍മാര്‍ വരെ പങ്കെടുത്തു. ‘നദീ പുനരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും’, ‘പ്രാദേശിക ജലസ്രോതസുകളും ജലസുരക്ഷാ പ്ലാനും’, ‘നഗരനീര്‍ച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും’ എന്നീ വിഷയങ്ങളിലൂന്നിയാണ് മൂന്നുവേദികളിലായി അവതരണങ്ങള്‍ നടന്നത്.
വരട്ടാര്‍, മീനച്ചിലാര്‍ പുനര്‍ജ്ജനിച്ച കൂട്ടായ പ്രവര്‍ത്തനങ്ങള്‍, ജലസ്രോതസു കളെ നിലനിര്‍ത്താനുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകുമെന്ന പ്രത്യാശ വിഷയം അവതരിപ്പിച്ചവര്‍ പങ്കുവെച്ചു. നദികളെയും നീര്‍ത്തടങ്ങളെയും നില നിര്‍ത്താന്‍ കൂട്ടായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.
വെല്ലുവിളി നേരിടുന്ന നഗരപ്രദേശങ്ങളിലെ നീരുറവകളുടെയും കനാലുകളുടേയും വീണ്ടെടുപ്പ് സാധ്യമാണെന്ന് തെളിഞ്ഞു. മാലിന്യക്കൂമ്പാരമായി ഭൂപടത്തില്‍ നിന്നുപോലും മാഞ്ഞു പോകുമായിരുന്ന ഒട്ടേറെ കനാലുകളും ചെറു തോടുകളും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ വീണ്ടെടുക്കാനായി. ഇവയില്‍ പലതും ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ചരിത്രത്തിന്റെ അവശേഷിപ്പുകളാണുതാനും. ബോംബെ ഐ.ഐ.ടി യുടെയും കിലയുടെയും നേതൃത്വത്തില്‍ ആലപ്പുഴയില്‍ ക്യാന്‍ ആലപ്പി എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിനിലൂടെ ചാത്തനാട് കനാലും മുതലപ്പൊഴി കനാലും വീണ്ടെടുക്കാനായി. ഐ.ഐ.ടി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെയുള്ള 330 വിദ്യാര്‍ത്ഥികള്‍ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. മൊബൈല്‍ആപ്പ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. ക്യാന്‍ കുട്ടനാട് എന്ന ക്യാമ്പയി നിലൂടെയാണ് നെടുമുടി കനാല്‍ വീണ്ടെടുക്കാനായത്. വാര്‍ഡ്തലമീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് ജനപങ്കാളിത്തത്തോടെയാണ് ഫറൂഖ് നഗരസഭയിലെ പെര്‍വന്‍മാട് തോട് നവീകരിച്ചത്. നവീകരിച്ച തോട്ടില്‍ മത്സ്യകൃഷി ആരംഭിക്കാന്‍ പോകുന്നതും മാതൃകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കനോലി കനാല്‍ വീണ്ടെടുക്കാന്‍ ഇരു നഗരസഭകളും വലിയ പങ്കാണ് വഹിച്ചത്. പൊന്നാനി യിലെ നെല്‍കൃഷി സംരക്ഷണവും ശ്രദ്ധേയമാണ്. സ്‌കൂളുകളില്‍ ജല അസംബ്ലിയും ജനങ്ങള്‍ക്കിടയില്‍ ജലസംരംക്ഷണം മുന്‍നിര്‍ത്തിയുള്ള തെരുവു നാടകങ്ങളും മാജിക്കുമൊക്കെ സംഘടിപ്പിച്ചാണ് കൊയിലാണ്ടി നഗരസഭയിലെ 32 കുളങ്ങള്‍ വീണ്ടെടുത്തത്. വടകരയില്‍ റെയില്‍വേ നികത്താന്‍ തീരുമാനിച്ച റെയില്‍വേ കുളവും കോട്ടകുളവും കരിമ്പന തോടുമെല്ലാം ജനപങ്കാളിത്തത്തോടെയാണ് നഗരസഭ വീണ്ടെടുത്തത്. അന്യം നിന്നു പോകുമായിരുന്ന പുഴകളെ വീണ്ടെടുക്കുന്നതിനൊപ്പം മാലിന്യ നിര്‍മ്മാര്‍ജനം കൂടി ഈ കൂട്ടായ്മയിലൂടെ സാധ്യമായി.
കാസര്‍കോട് ജില്ലയിലെ നിരവധി ഏക്കറോളം വരുന്ന തരിശുഭൂമി മുളകൃഷിയിലൂടെ ജൈവവള സമൃദ്ധമാക്കി മാറ്റിയെടുക്കുന്നതും ഒഴുകിപ്പോകുന്ന നദീജലത്തെ ചെറുചാലുകളിലൂടെ കുളങ്ങളിലെത്തിച്ചും ഒഴുകിപ്പാഴാകുന്നത് തടയുന്ന പദ്ധതിയും കാസര്‍കോട് ജില്ലാകളക്ടര്‍ ഡോ. സജിത്ബാബു അവതരിപ്പിച്ചത് കൈയടി നേടി.
സ്വന്തം മണ്ഡലങ്ങളില്‍ നടപ്പാക്കിയ ‘ജലസമൃദ്ധി’, ‘സമൃദ്ധി’ പദ്ധതികള്‍ ഒരു നാടിനെ എങ്ങനെ ജലസുഭിക്ഷമാക്കുന്നുവെന്ന അവതരണവുമായാണ് യഥാക്രമം കാട്ടാക്കടയില്‍ നിന്ന് ഐ.ബി. സതീഷ് എം.എല്‍.എയും, തളിപ്പറമ്പില്‍നിന്ന് ജെയിംസ് മാത്യു എം.എല്‍.എയും ജലസംഗമത്തിനെത്തിയത്.
കള്ളന്‍മാരെ മാത്രമല്ല ജലത്തെയും ‘അറസ്റ്റ്’ ചെയ്ത് നിര്‍ത്തി എങ്ങനെ ക്രിയാത്മകമായി ഉപയോഗിച്ചു എന്നു വിശദീകരിച്ചത് കാസര്‍കോട് ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ടും, പാലക്കാട് മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയനിലെ അസി. കമാന്‍ഡന്റുമാണ്. കണ്ണൂര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്തുകള്‍, എറണാകുളം ജില്ലാ ഭരണകൂടം, വിവിധ പഞ്ചായത്തുകള്‍ തുടങ്ങിയവര്‍ നടത്തുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കവിയൂര്‍ പുഞ്ച വീണ്ടെടുത്തത് തുടങ്ങിയവ വിവിധതരം പ്രായോഗിക വിജയഗാഥകളുടെ അനുഭവസാക്ഷ്യങ്ങളായി. ചെലവുകുറഞ്ഞ ജല ശേഖര മാര്‍ഗങ്ങള്‍, കുളങ്ങള്‍ വീണ്ടെടുത്ത കഥകള്‍, പുതിയകുളങ്ങള്‍ സൃഷ്ടിച്ചത്, തടയണകള്‍, മഴക്കുഴികള്‍ തുടങ്ങി കേരളമാകെ നടക്കുന്ന നിശബ്ദ വിപ്ലവത്തിന്റെ നേരറിവുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദഗ്ധര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.
അവതരണങ്ങള്‍ മുഴുവന്‍ കേട്ട ശേഷം വിദഗ്ധര്‍ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ജലസംഗമപ്രതിനിധികളോട് പങ്കുവെച്ചു. ഡോ. നീനാ ഐസക് (സയന്റിസ്റ്റ്, സി.ഡബഌയു.പി.ആര്‍.എസ് പൂനെ), ഡോ.പി. ആതിര (ഐ.ഐ.ടി പാലക്കാട്), ഡോ. വി.പി. ദിനേശന്‍ (സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സി.ഡബഌയു.ആര്‍.ഡി.എം), രാജീവ്‌സിംഗാള്‍ (ഡയറക്ടര്‍, ഡി.എസ്.എം, കേന്ദ്ര ജല കമ്മീഷന്‍), സുധീര്‍ പടിക്കല്‍ (ഇ.ഇ, ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍ ഡിവിഷന്‍), സുജ (അസോ. പ്രൊഫസര്‍, ജി.ഇ.സി, ബാര്‍ട്ടണ്‍ഹില്‍), വിനോദ്താരെ (പ്രൊഫസര്‍, ഐ.ഐ.ടി കാന്‍പൂര്‍), പ്രദീപ്കുമാര്‍ (ബയോസ്റ്റാര്‍ട്ടസ് വെഞ്ചേഴ്‌സ്), പങ്കജ്കുമാര്‍ശര്‍മ (ഡയറക്ടര്‍ ആര്‍.ഡി-2, കേന്ദ്ര ജല കമ്മീഷന്‍), ഡോ. ദീപു (സയന്റിസ്റ്റ്, സി.ഡബഌയു.ആര്‍.ഡി.എം), മധുലിക ചൗധരി (പരിസ്ഥിതി പ്രവര്‍ത്തക), മനോജ്‌കെ.ജെയിന്‍ (ഹൈഡ്രോളജി വിഭാഗം മേധാവി, ഐ.ഐ.ടി റൂര്‍ക്കി), ഡോ. സജിത് ബാബു (കാസര്‍കോട് ജില്ലാ കളക്ടര്‍), ഡോ. ടി. എല്‍ദോ (ഐ.ഐ.ടി ബോംബേ), അശുതോഷ് ഭട്ട് (മാനേജര്‍, വാട്ടര്‍ റിസോഴ്‌സസ് സസ്റ്റയിനബിലിറ്റി, ഗ്രാമവികാസ്), ഡോ. അനിതാഎ.ബി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സി.ഡബഌയു.ആര്‍.ഡി.എം), സുനില്‍കുമാര്‍ (ഡയറക്ടര്‍, ബി.പി, കേന്ദ്ര ജലകമ്മീഷന്‍), ജയാ പി. നായര്‍ (സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എം.വി.ഐ.പി പ്രോജക്ട് സര്‍ക്കിള്‍, മൂവാറ്റുപുഴ), ജോയ് കെ.ജെ (സൊസൈറ്റി ഫോര്‍ പ്രൊമോട്ടിംഗ് ഇക്കോസിസ്റ്റം മാനേജ്‌മെന്റ്) എന്നീ വിദഗ്ധരാണ് അവതരണങ്ങള്‍ കേട്ടശേഷം അവലോകനങ്ങളും അനുഭവങ്ങളും പങ്കുവെച്ചത്.
തയ്യാറാക്കിയത് : ബി. മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹരിതകേരളം മിഷന്‍