വെള്ളത്തിന്റെ വില തിരിച്ചറിയാനും അതു സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘ജലസംഗമ’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസംരക്ഷണം സാധ്യമായാല്‍ കൃഷിയില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയില്‍ നല്ല കുതിച്ചുച്ചാട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയം അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. നമ്മള്‍ തുനിഞ്ഞിറങ്ങിയാല്‍ കാര്‍ഷികാഭിവൃദ്ധി സാധ്യമാകും.

ജലം ശുദ്ധമാകുന്നതിന് മാലിന്യ സംസ്‌കരണം അവിഭാജ്യഘടകമാണ്. ഉറവിട മാലിന്യ സംസ്‌കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റും ആവശ്യമാണ്. യാതൊരു ബുദ്ധിമുട്ടോ പരിസരമലിനീകരണമോ ഇല്ലാത്ത ആധുനിക രീതിയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സാധ്യമാണെന്ന് വിദേശ സന്ദര്‍ശനവേളയിലെ സ്വന്തം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

ജലസംരക്ഷണത്തില്‍ ശാസ്ത്രീയമായ സമീപനമുണ്ടാകണം. കുട്ടികള്‍ മുതല്‍ ഇക്കാര്യത്തില്‍ അവബോധം പൊതുബോധമായി വളര്‍ത്തണം. ജലസംരക്ഷണത്തിന്റെ കാര്യത്തില്‍ നല്ല ഇടപെടല്‍ നടത്താന്‍ നമുക്കായി. ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ മികച്ച ഫലമുണ്ടായിട്ടുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. വിദേശ സന്ദര്‍ശനത്തിനിടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയില്‍ അവര്‍ പറഞ്ഞത് നമ്മുടെ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ചാണ്.

കട്ട പിടിച്ച് മാലിന്യം കിടന്നിരുന്ന നെതര്‍ലാന്‍ഡ്‌സിലെ നദികള്‍ വീണ്ടെടുത്ത് സംരക്ഷിക്കാനായ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാധ്യമായതല്ല ഇതെല്ലാം എന്നതിന് ഉദാഹരണമാണിത്. നമ്മെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ലോകത്തിന് വലിയ മതിപ്പാണ്. അവര്‍ വരുമ്പോള്‍ പ്രകൃതിയെ നേരിട്ടറിയാനാണ് വരുന്നത്. അവരില്‍നിന്ന് മോശം അഭിപ്രായം വരുന്ന നിലയുണ്ടാകരുത്. ഒട്ടേറെ നദികള്‍ വീണ്ടെടുക്കാന്‍ നമുക്കായി. പ്രളയകാലത്ത് ഈ നദികളിലൂടെ വെള്ളം ഒഴുകി. തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്ല രീതിയില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. നവകേരളത്തില്‍ വെള്ളവും വായുവും എല്ലാം ശുദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടില്‍ ഉപയോഗയോഗ്യമായ ജലത്തില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് നാം ഉപയോഗിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷിക്ക് കൃത്യമായ ജലസേചനം നടത്തിയാല്‍ വിളയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. കമ്മ്യൂണിറ്റി ഇറിഗേഷന്‍ സാധ്യതയുള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ ജലസംരക്ഷണ അനുഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ പുസ്തകം’തെളിനീരിന്റെ വിജയഗാഥ’യുടെ പ്രകാശനം തദ്ദേശ സ്വയംഭരണമന്ത്രി എ.സി.മൊയ്തീന്‍ ജെയിംസ്മാത്യൂ എം.എല്‍.എ.യ്ക്ക് നല്‍കി നിര്‍വഹിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് മാലിന്യ സംസ്‌കരണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മാലിന്യ പ്രശ്‌നം പരിഹരിക്കുക എന്നത് വികസന പ്രശ്‌നമായി കാണണം. കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ആവേശകരമായ നിരവധി മാതൃകകള്‍ സൃഷ്ടിക്കാന്‍ ഹരിതകേരളം മിഷനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിതകേരളം മിഷന്‍ പുറത്തിറക്കിയ ‘ഹരിതദൃഷ്ടി’ മൊബൈല്‍ ആപ്ലിക്കേഷന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. നമ്മുടെ ജലസ്രോതസ്സുകള്‍ തിരിച്ചുപിടിക്കാനായാല്‍ കൃഷിയും വളര്‍ത്താനാകും. പരസ്പരം ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനായതാണ് ഹരിതകേരളം വിജയഗാഥകള്‍ക്ക് കാരണം. ശാസ്ത്രീയമായ രീതികളിലൂടെ തന്നെ നെല്‍കൃഷി ഉള്‍പ്പെടെ വിവിധ കൃഷികള്‍ തിരികെ കൊണ്ടുവരാനായി. ഇതുമാത്രമല്ല, ഭൂഗര്‍ഭ ജലത്തിന്റെ അളവും ഇതിലൂടെ വര്‍ധിപ്പിക്കാനായി. വരുംതലമുറയ്ക്ക് വേണ്ടിയുള്ള വികസന കാഴ്ചപ്പാടോടെയാണ് ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖ-പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചടങ്ങില്‍ സംബന്ധിച്ചു. മേയര്‍വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ജെയിംസ് മാത്യു, ഐ.ബി സതീഷ്, മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേമ്പര്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. തുളസീഭായ്, നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് എബ്രഹാംകോശി തുടങ്ങിയവര്‍ പങ്കെടുത്തു.

തയ്യാറാക്കിയത് : ബി.മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹരിതകേരളം മിഷന്‍

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM