മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ജലസംഗമത്തില്‍ ഉരുത്തിരിഞ്ഞത് ജലസംരക്ഷണത്തിനായുള്ള ഒട്ടേറെ ആശയങ്ങള്‍. നൂറുകണക്കിന് വിജയഗാഥകളുടെ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെക്കാനാണ് ഓരോ തദ്ദേശസ്ഥാപനവും അനേകം വകുപ്പുകളും എത്തിയത്. പറഞ്ഞതിനും അവതരിപ്പിച്ചതിനുമപ്പുറം ഇനിയും നൂതനമായ പ്രായോഗിക വിജയങ്ങളുണ്ടെന്ന തിരിച്ചറിവുമായാണ് സംഗമത്തിനെത്തിയ പ്രതിനിധികള്‍ മടങ്ങിയത്.

കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് അവയുടെ തുടര്‍ സാധ്യതകള്‍ മന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിച്ച ശേഷമാണ് സംഗമം സമാപിച്ചത്. ഒട്ടേറെ ക്രിയാത്മകവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത ജലസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അവയുടെ ഉടമസ്ഥതതയും ഉത്തരവാദിത്വവും ആ കൂട്ടായ്മകളെ തന്നെ ഏല്‍പിക്കണം. ഒഴുകിപ്പോകുന്ന ഉപരിതലജലത്തെ പരമാവധി സംരക്ഷിച്ച് നിര്‍ത്തണം. നദികളിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിനു മുന്‍പ് അതിന്റെ കൈവഴികളില്‍ പുനരുദ്ധാരണം നടത്തണം. നദികളുടെ കൈവഴികള്‍ പരിഗണിച്ചാകണം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. കൂടാതെ ഓരോ ചെറുപുഴകളുടേയും വൃഷ്ടി പ്രദേശം മാലിന്യമുക്തമാക്കേണ്ടതും പ്രാരംഭ ഘട്ടത്തില്‍ തന്നെ ചെയ്യണം.

മാലിന്യവും ചെളിയും മാറ്റിയാല്‍ മാത്രം പോരാ ജലസംരക്ഷണത്തില്‍ ജനങ്ങളെ പരമാവധി ബോധവല്‍ക്കരിക്കണം. നദീ തീരത്ത് അധിവസിക്കുന്നവര്‍ ഉള്‍പ്പെട്ട പുഴസംരക്ഷണ ഗ്രൂപ്പുകള്‍ ഉണ്ടാക്കണം. സര്‍ക്കാര്‍തലത്തിലെ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് മാസ്റ്റര്‍പ്ലാന്‍ ആവിഷ്‌കരിക്കണം. പുഴയോരത്തെ കൈ യേറ്റം, മാലിന്യനിക്ഷേപം എന്നിവയ്‌ക്കെതിരെ നിയമങ്ങളുണ്ട്. ഇത് ഫലവത്തായി നടപ്പാക്കണം.

സ്ഥിരമായി മോണിറ്ററിംഗ് സംവിധാനവും ആവശ്യമാണ്. കൃത്യമായി മഴ ലഭിച്ചാല്‍ പോലും വെള്ളത്തിന് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിക്കടിയില്‍ തങ്ങിനിര്‍ത്താന്‍ ഓരോ വീട്ടിലും മഴക്കുഴികള്‍, കിണര്‍ റീച്ചാര്‍ജിംഗ് എന്നിവ ഉറപ്പുവരുത്തണം. നദിക്കു കുറുകെയുള്ള പാലങ്ങളില്‍ നിന്നും മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. നദിയില്‍തന്നെ സാധ്യമായ സ്ഥലങ്ങളിലെല്ലാം റഗുലേറ്റര്‍സ്ഥാപിക്കണം. ഇതിലൂടെ വേനല്‍ ക്കാലത്തെ നീരൊഴുക്ക് നിയന്ത്രിച്ച് നദികളില്‍തന്നെ വെള്ളം ശേഖരിക്കാനാകും. ഉപ്പ്‌വെള്ളം കയറാതിരിക്കാന്‍ താല്കാലിക ബണ്ട് നിര്‍മ്മിക്കുക. നിലവിലുള്ള കുളങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംരക്ഷിക്കുക. കുടിവെള്ള സ്രോതസ്സായി ഇവയെ മാറ്റാനുമാകണം. നഗരങ്ങളിലെ പ്രധാനപ്രശ്നം സെപ്റ്റേജ് മാലിന്യമാണ്. ഇതിനു കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ ജലസ്രോതസ്സുകള്‍ ശുദ്ധമായി സൂക്ഷിക്കാനാകില്ല. മാലിന്യ സംസ്‌കരണത്തിന് ഗവേഷണങ്ങളുണ്ടാകണം. ഇതിനായി നിരവധി ടെക്നോളജികള്‍ വരണം. കോളേജ് കുട്ടികള്‍ ഉള്‍പ്പെടുള്ളവരെ ഗവേഷണങ്ങള്‍ക്കും പുതുസാങ്കേതികവിദ്യകള്‍ രൂപപ്പെടുത്താനും ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുയര്‍ന്നു.

സംസ്ഥാനത്ത് നടന്നിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടുവിലയിരുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മേയ് 29 ന് മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജന പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴ കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടു മനസിലാക്കാന്‍ ഒരു ഫീല്‍ഡ് വിസിറ്റും ജലസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

തയ്യാറാക്കിയത് : ബി.മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹരിതകേരളം മിഷന്‍

 

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM