ജനങ്ങളെ കൂടെച്ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ വിജയമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു. ‘ജലസംഗമ’ത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളം സൃഷ്ടിക്കുന്നതിന് കേരളത്തിലെ ഗൗരവമുള്ള പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഹരിതകേരളം മിഷന്‍ വഴിയാണ് അഭിസംബോധന ചെയ്യുന്നത്. പരിസ്ഥിതി, പ്രകൃതി, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളും ക്രിയാത്മകമായ ജലവിനിയോഗവും ഉള്‍പ്പെടെ നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മിഷന് ചെയ്യാനായി. ഇവയില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് മനസിലാക്കാനും അതത് സ്ഥലങ്ങളിലെ പ്രകൃതിക്കനുസരിച്ച് ഉപയോഗിക്കാനും പ്രദര്‍ശനം സഹായകരമായി. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ജനങ്ങള്‍ ഏറ്റെടുക്കുന്ന വിധമാണ് മിഷന്റെ പ്രവര്‍ത്തനം. കേരള മാതൃകയെന്ന രീതിയില്‍ ഇത് ജനകീയമായി നടപ്പാക്കാനായതിനാലാണ് പുതിയ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിച്ചു. കേരളമാകെ നടപ്പാക്കി വരുന്ന ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനും വിദഗ്ധര്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യാനും ജലസംഗമത്തിലൂടെ കഴിയുമെന്ന് ഡോ.ടി.എന്‍.സീമ പറഞ്ഞു. ഓരോ പ്രദേശങ്ങളിലും നടപ്പാക്കിയ പദ്ധതികള്‍ മനസിലാക്കാന്‍ പ്രദര്‍ശനം സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹരിതകേരളം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ഹരിത വിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ചടങ്ങിന് ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എസ്.ശോഭ സ്വാഗതവും ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് എസ്.യു. സഞ്ജീവ് നന്ദിയും പറഞ്ഞു. പ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എ.സി. മൊയ്തീന്‍ സ്റ്റാളുകളും സന്ദര്‍ശിച്ചു.
തയ്യാറാക്കിയത് : ബി.മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹരിതകേരളം മിഷന്‍