ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്ത സംരംഭം

സംസ്ഥാനത്തെ പതിനാല് ഐ.ടി.ഐ.കളെ ഹരിത ഐ.ടി.ഐ.കളായി നവംബര്‍ 1 ന് പ്രഖ്യാപിക്കും. ഐ.ടി.ഐ. കാമ്പസുകളെ ഹരിത കാമ്പസാക്കി മാറ്റാനുള്ള ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഈ നേട്ടം. ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് (20.08.2019) നടന്ന അവലോകന യോഗവും ശില്പ്പശാലയും വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ശ്രീ. ചന്ദ്രശേഖര്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ ആമുഖ പ്രഭാഷണം നടത്തി. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ. മാധവന്‍ സംസാരിച്ചു. ധനുവച്ചപുരം, കഴക്കൂട്ടം(വനിത), ചന്ദനത്തോപ്പ്, ചെന്നീര്‍ക്കര, കളമശ്ശേരി, കട്ടപ്പന, ചാലക്കുടി (വനിത), മലമ്പുഴ, വാണിയാംകുളം, കോഴിക്കോട് (വനിത), കല്‍പ്പറ്റ, അരീക്കോട്, കണ്ണൂര്‍ (വനിത), പുല്ലൂര്‍ എന്നീ ഐ.ടി.ഐ. കളെയാണ് ആദ്യഘട്ടമായി ഹരിത ഐ.ടി.ഐ. കാമ്പസുകളായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച പ്രവൃത്തികള്‍ക്കായി ബഡ്ജറ്റില്‍ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നിര്‍വ്വഹിക്കുന്നത്. ഐ.ടി.ഐ.കളുടെ അന്തരീക്ഷം പ്രകൃതി സൗഹൃദമാക്കുക, മഴവെള്ള സംഭരണികള്‍, ബയോഗ്യാസ്, ബയോവേസ്റ്റ് പ്ലാന്റുകള്‍, പച്ചത്തുരുത്ത് തുടങ്ങിയവ സ്ഥാപിക്കുക, കാമ്പസുകളില്‍ ഫലവൃക്ഷത്തൈകള്‍ നടുക, തുടങ്ങിയവ പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നു. ഐ.ആര്‍.ടി.സി., കോസ്റ്റ്‌ഫോഡ്, ശുചിത്വമിഷന്‍, ഭൂജല വകുപ്പ്, ഫിഷറീസ് വകുപ്പ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കൃഷി വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിയുടെ നടത്തിപ്പിലുണ്ടാവും. ഹരിത ഐ.ടി.ഐ. കാമ്പസ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കര്‍മ്മപദ്ധതി ഇന്നലെ(20.08.2019) നടന്ന ശില്‍പ്പശാലയില്‍ തയ്യാറാക്കി. ഓരോ ഐ.ടി.ഐ.കളേയും ഹരിതകാമ്പസുകളാക്കി മാറ്റുന്നതിന് പ്രത്യേകം പ്രത്യേകം മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി വരികയാണ്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM