രാജ്യത്താദ്യമായി സമ്പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് പൊതു തിരഞ്ഞെടുപ്പ് നടന്നുവെന്ന ബഹുമതി (23.04.2019) കേരളത്തിനു സ്വന്തമായി. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്. എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഹരിതപെരുമാറ്റചട്ടം പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം നിരീക്ഷണം നടത്തി. പ്ലാസ്റ്റിക്കും ഡിസ്‌പോസബിള്‍ വസ്തുക്കളും ബൂത്തുകളില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവും നൽകിയിരുന്നു. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങള്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എല്ലാ ജില്ലകളിലും ഇതിനായി സഹായ കേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു. ‘ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ഹരിതചട്ട പാലനം – സംശയങ്ങളും മറുപടികളും’ എന്ന പേരില്‍ ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ സഹായകരമായ കൈപ്പുസ്തകം അച്ചടിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയില്‍ ഈ മാര്‍ഗ്ഗരേഖ നല്‍കുകയും ചെയ്തു. ഹരിതചട്ട പാലനം തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി പരിശീലനവും സംഘടിപ്പിച്ചു. ഇതിനു പുറമേ സംസ്ഥാനമൊട്ടാകെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന്റെയെല്ലാം ഫലമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹരിതചട്ടം വ്യാപകമായി പ്രാവര്‍ത്തികമാക്കപ്പെട്ടു. ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ ഒഴിവാക്കണമെന്നും ഹരിതചട്ടം പാലിക്കണമെന്നും നിഷ്‌ക്കര്‍ഷിച്ചുള്ള ഹൈക്കോടതി വിധിയും ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഉപകാരപ്രദമായി.