സംസ്ഥാനത്തിന് വീണ്ടുമൊരു പൊന്നാനി മാതൃക നൂതന പദ്ധതി ഗ്രീന്‍ റോയല്‍റ്റിക്ക് തുടക്കമായി
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് ഗ്രീന്‍ റോയല്‍റ്റിയെന്നും രാജ്യത്തിന് തന്നെ മാതൃകപരമാണിതെന്നും ഹരിതകേരളം മിഷന്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ. പൊന്നാനി നഗരസഭ പരിസ്ഥിതി സംരക്ഷണത്തില്‍ രാജ്യത്തില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന അതിനൂതന പദ്ധതിയായ നെല്‍വയല്‍, കുളം, കാവ്, കണ്ടല്‍ക്കാട് എന്നിവ സംരക്ഷിക്കുന്നവര്‍ക്ക് വാര്‍ഷിക അവകാശ ധനം നല്‍കുന്ന ഗ്രീന്‍ റോയല്‍റ്റി പദ്ധതി പൊന്നാനി ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
പ്രളയം നമ്മെ ഒരു പാട് പാഠം പഠിപ്പിച്ചു. ആ അറിവ് ഇനിയും നമ്മള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ വരുംതലമുറ നമ്മളെ കുറ്റക്കാരായി വിധിക്കും. വളരെ വേഗത്തിലാണ് കാലാവസ്ഥവ്യതിയാനം സംഭവിക്കുന്നത്. ഇതിന്റെയെല്ലാം ഒരേയൊരു പരിഹാരം പ്രകൃതിയെ സംരക്ഷിക്കുക എന്നാണ്. പരിസ്ഥിതി നാളെയ്ക്കും വേണം എന്ന് കരുതുന്ന ആളുകള്‍ ഇപ്പോഴും കേരളത്തിലുണ്ട് അതിനാല്‍ കേരളത്തില്‍ മാറ്റങ്ങള്‍ വരുമെന്നും അവര്‍ പറഞ്ഞു. അതിന്റെ ഉത്തമ ഉദാഹരണമാണ് പൊന്നാനി കനോലി കനാലിന്റെ നവീകരണവും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പൊന്നരി, മെത്രാന്‍കായല്‍ തുടങ്ങി കേരളത്തിന്റെ വിവിധയിടങ്ങളിലെ സ്ഥലങ്ങളുടെ പേരില്‍ ഇരുപതില്‍ പരം ബ്രാന്‍ഡ് അരികള്‍ കൃഷി ചെയ്ത് വില്‍പ്പനയ്‌ക്കെത്തിയത്. നദികളെയും നീര്‍ച്ചാലുകളെയും വീണ്ടും പുനരുജ്ജീവിപ്പിച്ചത്. പ്രകൃതിയോട് മല്ലിട്ട് പ്രകൃതിയെ സ്‌നേഹിച്ച് പ്രകൃതിയെ ആശ്രയിച്ചാണ ്ഓരോകര്‍ഷകനും പ്രകൃതിയുമായുള്ള ബന്ധം ഇഴപിരിയാതെകാത്തു സൂക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാകലക്ടര്‍ അമിത് മീണ മുഖ്യാതിഥിയായി.
മറ്റുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പിന്തുടരാത്ത മാതൃക പദ്ധതികളാണ് പൊന്നാനി നഗരസഭ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി നടപ്പാക്കുന്നത്. കലാസാഹിത്യ മേഖലയില്‍ അവരുടെ സൃഷ്ടികളുടെ പേരില്‍ ലഭിക്കുന്ന റോയല്‍റ്റിയെ നെല്‍പ്പാടങ്ങളും കുളങ്ങളും കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നവര്‍ക്കും റോയല്‍റ്റി നല്‍കുകയാണ്. സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരവും ഈ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്.
കൃഷിയും പരിസ്ഥിതിയും തമ്മിലെ അഭേദ്യമായ വിനിമയത്തിന്റെ മൂല്യം സംരക്ഷിക്കാനാണ് നഗരസഭ ഗ്രീന്‍ റോയല്‍റ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം റോയല്‍റ്റിതുക നല്‍കി നെല്‍വയലുകളെ സംരക്ഷിക്കും. ഇതുപോലെ സ്വകാര്യ ഭൂമിയില്‍ നിലനില്‍ക്കുന്ന കാവുകളും കുളങ്ങളും സംരക്ഷിക്കുന്നവര്‍ക്കും പ്രതിഫലം നല്‍കും. ഗ്രീന്‍ റോയല്‍റ്റി എന്ന ആശയം ജനകീയാസൂത്രണ പദ്ധതി വഴിയാണ് നഗരസഭ നടപ്പിലാക്കുന്നത്.
ഡോ ടി.എന്‍ സീമ, ജില്ലാകലക്ടര്‍ അമിത് മീണ, അസിസ്റ്റന്റ് ജില്ലാ കലക്ടര്‍ വികല്‍പ് ഭരദ്വാജ് എന്നിവര്‍ പ്രകൃതിസംരക്ഷകരെ ആദരിക്കുകയും ഗ്രീന്‍ റോയല്‍റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും റോയല്‍റ്റി തുക കൈമാറുകയും ചെയ്തു. 120 പേര്‍ക്കാണ് ഗ്രീന്‍ റോയല്‍റ്റി നല്‍കിയത്. ഒരുവര്‍ഷത്തേക്ക് 50 സെന്റിന് താഴെ നെല്‍പ്പാടം സംരക്ഷിക്കുന്നവര്‍ക്ക് 1000 രൂപ, 50 സെന്റിന് മുകളില്‍ നെല്‍പ്പാടം സംരക്ഷിക്കുന്നവര്‍ക്ക് 2000 രൂപ, കുളം സംരക്ഷിക്കുന്നവര്‍ക്ക് 2000 രൂപ, കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നവര്‍ക്ക് 1000 രൂപ എന്നിങ്ങനെയാണ് റോയല്‍റ്റി തുക നല്‍കുന്നത്.
നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായ ചടങ്ങില്‍ വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു , സ്ഥിരസമിതി ചെയര്‍മാരായ ടി.മുഹമ്മദ് ബഷീര്‍, അഷ്‌റഫ് പറമ്പില്‍, റീന പ്രകാശ്, ഷീന സുദേശന്‍, ഹരിതകേരള മിഷന്‍ ജില്ലാകോഓര്‍ഡിനേറ്റര്‍ പി.രാജു, മലപ്പുറം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസ് ഡെപ്യൂട്ടിഡയറക്ടര്‍ നാരായണന്‍.കെ.കെ, കൃഷിവര്‍ക്കിംഗ് ഗ്രൂപ്പ്‌ചെയര്‍പേഴ്‌സണ്‍ വി.വി സുഹറ, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, ഇ.ബാബുരാജ്, കെ.പി വത്സല, നഗരസഭ സെക്രട്ടറി എസ്.എ വിനോദ്കുമാര്‍, ജൈവകര്‍ഷക സമിതി സംസ്ഥാന ട്രഷറര്‍ അശോകന്‍ മാസ്റ്റര്‍, പാടശേഖരസമിതി പ്രതിനിധി രജീഷ ്ഊപ്പാല, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ എം.വിജയശ്രീ, ഈഴുവത്തിരുത്തി കൃഷി ഓഫീസര്‍ ജെ.അമല കാര്‍ഷിക പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണ പിള്ള എന്നിവര്‍സംസാരിച്ചു.