വരള്‍ച്ചയില്‍ വരളാതിരിക്കാന്‍ തടയണകള്‍ പുനരുജ്ജീവിപ്പിക്കുന്നു
മലപ്പുറം ജില്ലയില്‍ നിര്‍ജീവമായി കിടക്കുന്ന എല്ലാ തടയണകളും ജനപങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം. ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബറില്‍ തുടങ്ങുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. പ്രളയാനന്തരം ജലസ്രോതസ്സുകളിലുണ്ടായ അസാധാരണമായ താഴ്ച, വരാനിരിക്കുന്ന വേനല്‍വരള്‍ച്ചയുടേതാണെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും പദ്ധതിയില്‍ സഹകരിക്കും.
നിലവിലെ തടയണകളുടെ പുനരുജ്ജീവനവും താത്ക്കാലിക തടയണകളുടെ നിര്‍മാണവും പദ്ധതി വിഭാവനം ചെയ്യുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള 500 നിര്‍മ്മിതികളെങ്കിലും പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. ഇത്തരത്തില്‍ 50 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം സംഭരിക്കാനാവും. ഇതിന്റെ ഭാഗമായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.രാജു, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.