കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പരസ്പര പൂരകങ്ങളാകണം: മന്ത്രി വി.എസ്. സുനില്‍ കുമാര്‍
ഹരിത കേരളം മിഷന്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷി വകുപ്പിന് പഞ്ചായത്തുകള്‍ പൂര്‍ണ സഹകരണം നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നവകേരളം കര്‍മപദ്ധതി ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധജലം, ശുദ്ധവായു, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ പ്രകൃതി മൂലധനത്തെ സംരക്ഷിക്കുകയെന്നതാണു ഹരിത കേരളം മിഷന്‍ പ്രവര്‍ത്തന ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലൂടെയേ ഇതു സാധ്യമാകൂ. തദ്ദേശ സ്ഥാപനങ്ങളാണ്് ഇതിനു മുന്‍കൈയെടുക്കേണ്ടത്. മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടുവരെ പ്രവൃത്തിപഥത്തില്‍ യോജിപ്പുണ്ടാകണം. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് മാത്രം മുന്നോട്ടു കൊണ്ടുപോയാല്‍ യാന്ത്രികമാകും.
2021-22 വര്‍ഷം സംസ്ഥാനത്ത് മൂന്നു ലക്ഷം ടണ്‍ നെല്‍ക്കൃഷിയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പച്ചക്കറി ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതും പ്രഖ്യാപിത ലക്ഷ്യമാണ്. അടുത്ത വര്‍ഷം 12.5 ലക്ഷം പച്ചക്കറി ഉത്പാദനമാണു കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ റാഗി, കൂവരക് തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മില്ലറ്റ് കള്‍ട്ടിവേഷന്‍ പദ്ധതിക്കും കൃഷി വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഇതു വിജയകരമായി നടപ്പാക്കുകയാണ്. ഇതു സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപ്പൂ കൃഷിക്ക് പ്രാധാന്യം നല്‍കുന്ന നടപടികളിലേക്കു കൃഷിവകുപ്പ് കടക്കുകയാണ്. ഒരു തവണ കൃഷിചെയ്യുന്നിടത്ത് രണ്ടു തവണ കൃഷി ചെയ്താല്‍ ഉത്പാദനം ഇരട്ടിയാക്കാം. കുട്ടനാട്ടില്‍ 7000 ഹെക്ടര്‍ സ്ഥലത്ത് ഇരുപ്പൂ കൃഷി സാധ്യമായിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഹ്രസ്വകാല നെല്‍വിത്തുകളും ഉത്പാദനവും കൃഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.