മാലിന്യമുക്തകൂട്ടിലങ്ങാടി: അജൈവ മാലിന്യം ശേഖരിക്കും
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഖരമാലിന്യ ശേഖരണം തുടങ്ങി. അജൈവ മാലിന്യങ്ങളാണ് പഞ്ചായത്തുകളിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ശേഖരിക്കുന്നത്. ഇതിനായി 16 പേരടങ്ങുന്ന ഹരിതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്കു പ്രത്യേക പരിശീലനവും തിരിച്ചറിയല്‍ കാര്‍ഡുകളും യൂണിഫോമും നല്‍കി. വീടുകളില്‍ നിന്നും പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്, ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക ചാക്കുകള്‍ വീടുകള്‍ക്കു വിതരണം ചെയ്തിട്ടുണ്ട്.
19 വാര്‍ഡുകളില്‍ നിന്നുമാണ് ഇവ സമാഹരിക്കുന്നത്. കൂട്ടിലങ്ങാടി ടൗണില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുശുചിമുറി കെട്ടിടമാണ് ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്. ഖരമാലിന്യ ശേഖരണത്തിനായി പഞ്ചായത്ത് വാഹനത്തിനു ടെന്‍ഡര്‍ നല്‍കി. മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം പനംപറ്റയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഹറാബി അധ്യക്ഷത വഹിച്ചു.