പ്ലാക്കാട്ട് ജലാശയത്തിന് നവീകരണകാലം
കൊല്ലം ജില്ലയിലെ ചവറയില്‍ ചരിത്രത്താളുകളില്‍ ഇടംപിടിച്ച പ്ലാക്കാട്ട് ജലാശയം നവീകരിക്കുന്നു. കുളത്തിന്റെ ജീര്‍ണാവസ്ഥ മാറ്റി പ്രതാപം വീണ്ടെടുത്ത് പുതുജീവന്‍ നല്‍കാന്‍ നബാര്‍ഡ് ഫണ്ടു ലഭിച്ചു. നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 56 ലക്ഷം രൂപയാണ് കുളം നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പ് അവര്‍ണ്ണര്‍ക്കൊപ്പം പ്ലാക്കാട്ട് കുളത്തിലിറങ്ങി കുമ്പളത്ത് ശങ്കുപ്പിള്ള കുളിച്ച നവോത്ഥാന ചരിത്രമാണ് കുളത്തിന്റേത്. കേരള ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് കുളം നവീകരണം.
ആദ്യഘട്ടമായി കുളത്തിലെ മലിനജലവും ചെളിയും നീക്കംചെയ്ത് ആഴം കൂട്ടുകയാണ്. കുളത്തിനുചുറ്റും പാറകൊണ്ട് സംരക്ഷണഭിത്തി നിര്‍മ്മിക്കും. രണ്ടാംഘട്ടത്തില്‍ പന്മന പഞ്ചായത്തിന്റെ സഹായത്തില്‍ കുളത്തിനുചുററും ഇരുമ്പ് കവചവും ഇന്റര്‍ലോക്കും സ്ഥാപിക്കും. തുടര്‍ന്ന് കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും മനോഹരമായ പൂന്തോട്ടവും നിര്‍മ്മിക്കും. മൂന്നാംഘട്ടത്തില്‍ വിശ്രമകേന്ദ്രമായും നീന്തല്‍ പരിശീലനത്തിനുള്ള സംവിധാനവും ഒരുക്കുമെന്ന് പഞ്ചായത്ത് അംഗം അഹമ്മദ് മന്‍സൂര്‍ അറിയിച്ചു.