കാട്ടാക്കടയില്‍ ഇനി ഹരിതവിദ്യാലയങ്ങള്‍

മുഴുവന്‍ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലം എന്ന ബഹുമതി ഇനി കാട്ടാക്കടയ്ക്ക് സ്വന്തം. കേരളപ്പിറവി ദിനത്തില്‍ കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ മണ്ഡലത്തിനു കീഴിലെ സ്‌കൂളുകളെ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കാന്‍ ഏവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ ഇതിനായി മുന്‍കൈയെടുക്കണം. കൃഷിയെന്നത് പുതു തലമുറയ്ക്ക് ആവേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ഐ.ബി. സതീഷ് എം.ല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയങ്ങളെ ഹരിതാഭയണിയിച്ചത്. മണ്ഡലത്തിനു കീഴിലെ സ്‌കൂളൂകള്‍ പ്ലാസ്റ്റിക് സാന്നിദ്ധ്യമില്ലാത്ത, ജൈവപച്ചക്കറി സാധ്യമാകുന്ന, വൃത്തി കാത്തുസൂക്ഷിക്കുന്നവയായി മാറ്റാന്‍ ഒപ്പം നിന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകന്‍മാരെയും ഉദ്യോഗസ്ഥരെയും ഐ.ബി. സതീഷ് എം.എല്‍.എ അഭിനന്ദിച്ചു.

ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നീ ആശയങ്ങളിലധിഷ്ഠിതമായാണ് ഹരിതവിദ്യാലയങ്ങളെന്ന ലക്ഷ്യം കൈവരിക്കുന്നത്. ഹരിതകേരളം മിഷന്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ഹരിതവിദ്യാലയങ്ങളെ വാര്‍ത്തെടുക്കുന്നത്.

പേയാട് സെന്റ് സേവിയേഴ്സ് സ്‌കൂളില്‍ നടന്ന ഹരിതവിദ്യാലയ പ്രഖ്യാപന ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, മണ്ഡലത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, എനര്‍ജി മാനേജ്മെന്റ് ഡയറക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍, കവിയും വിക്ടേഴ്സ് ചാനല്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM