അടുത്ത വര്‍ഷം 12.71 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യം

സംസ്ഥാനത്ത് അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടണ്‍ നാടന്‍ പച്ചക്കറി ഉത്പാദനം. നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2.24 ലക്ഷം ഹെക്ടര്‍ തരിശു നിലത്ത് വിത്തിടും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായാണ് നെല്‍ക്കൃഷിയും പച്ചക്കറി ഉത്പാദനവും വര്‍ധിപ്പിക്കുന്നതിനുള്ള വിപുലമായ കര്‍മ പദ്ധതി തയാറാക്കുന്നത്. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മപദ്ധതി സെമിനാറില്‍ കാര്‍ഷിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന നിര്‍ദേശങ്ങള്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ അവതരിപ്പിച്ചു.

പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകള്‍ അടങ്ങിയ കിറ്റുകള്‍, പച്ചക്കറി തൈകള്‍, ഗ്രോ ബാഗ് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളിലെ പച്ചക്കറി കൃഷിക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജൈവ കംപോസ്റ്റ് നിര്‍മാണത്തില്‍ പരിശീലനം നല്‍കും. മട്ടുപ്പാവ് കൃഷി പരിപോഷിപ്പിക്കും. പച്ചക്കറി വിപണനത്തിനായി സംസ്ഥാനത്ത് 149 ഇക്കോ ഷോപ്പുകളും 17 പായ്ക്കിങ് ആന്‍ഡ് ലേബലിങ് യൂണിറ്റ് തുടങ്ങിയവ ആരംഭിക്കും. പച്ചക്കറി രംഗത്ത് ഗുണനിലവാരമുള്ളതും വിഷവിമുക്തമായതുമായ ഉത്പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്കു നല്‍കുകയാണു ലക്ഷ്യം.

തരിശു നിലങ്ങളില്‍ നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം കരനെല്‍ക്കൃഷി തുടങ്ങും. കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കുമെന്നും ഹരിത കേരളം കര്‍മ പദ്ധതിയുടെ ഭാവി പരിപാടി സംബന്ധിച്ച അവതരണത്തില്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM