ജലസംരക്ഷണം, ജൈവ പച്ചക്കറി ഉല്‍പ്പാദനം: കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി
ജലസംരക്ഷണത്തിലും ജൈവ പച്ചക്കറി ഉല്‍പ്പാദനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളില്‍ ജൈവകൃഷി അവബോധം സൃഷ്ടിക്കാന്‍ പ്രത്യേക പരിപാടി വെണമെന്നും ഔഷധ സസ്യങ്ങള്‍ വ്യാപകമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്റെ അഞ്ചാമത് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷന്റെ ഭാഗമായി ധാരാളം കുളങ്ങളും തോടുകളും നിര്‍മ്മിച്ചുവെങ്കിലും ഇനിയും ചെയ്യാന്‍ ധാരാളം കാര്യങ്ങളുണ്ട്. പ്രളയത്തില്‍ നശിച്ച കിണറുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ പ്രവര്‍ത്തന പുരോഗതി വിവരിച്ചു.
ഹരിതകേരളം മിഷന്‍ രണ്ടാംവാര്‍ഷികം ഡിസംബര്‍ 8 ന് ഓരോ ജില്ലയിലും ഒരു നദി ശുചീകരിച്ചു കൊണ്ട് ആചരിക്കും. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു മിഷന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുകയാണ്. കോഴിമാലിന്യം സംസ്‌കരിക്കാന്‍ 36 സ്ഥാപനങ്ങളെ കണ്ടെത്തി. ജൈവമാലിന്യ സംസ്‌കരണം കൃഷിയുമായി ബന്ധിപ്പിച്ച് നടപ്പാക്കുകയാണ്. ജലസംരക്ഷണത്തിലൂടെ ജലലഭ്യതയും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാനാണ് ശ്രമം. ജലസ്രോതസ്സുകളുടെ നവീകരണവും പരിപാലനവും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലസേചന വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. മഴവെള്ളം തടഞ്ഞുനിര്‍ത്തി നദികള്‍ സംരക്ഷിക്കുന്നതിനു ഗോവന്‍ മാതൃകയിലുള്ള ബന്ധാരകള്‍ പ്രധാന നദികളില്‍ നിര്‍മ്മിക്കും.
ജലസംരക്ഷണത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ 778 ഗ്രാമപഞ്ചായത്തുകളിലും 168 ബ്ലോക്കുകളിലും 63 നഗരസഭകളിലും 2 കോര്‍പ്പറേഷനുകളിലും പൂര്‍ത്തിയായി. 240 നീര്‍ത്തട പദ്ധതി പൂര്‍ത്തീകരിച്ചു. നെല്‍കൃഷി വ്യാപിക്കുന്നതിനുള്ള പദ്ധതി ഊര്‍ജ്ജിതമായി നടക്കുന്നു. നെല്‍കൃഷി വിസ്തൃതി 3 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം ഇതിനായി ബ്ലോക്ക്തലത്തില്‍ 2560 പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. മന്ത്രിമാരായ തോമസ് ഐസക്, വി.എസ്.സുനില്‍കുമാര്‍, മാത്യു.ടി.തോമസ്, കെ.കെ. ശൈലജ, എ.സി.മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ പങ്കെടുത്തു.