ഹരിതം ഈ വീട്
തിരക്കുകളുടെയും സൗകര്യകുറവുകളുടെയും പേരില്‍ ഇന്ന് സമൂഹം മാലിന്യസംസ്കരണത്തില്‍ നിന്നും വീട്ടുവളപ്പിലെ കൃഷിയില്‍ നിന്നും മൃഗപാലനത്തില് നിന്നുമൊക്കെ മാറി നില്ക്കുമ്പോള്, മനസ്സുവച്ചാല്‍ എന്തും സാധ്യമാകുമെന്ന മാതൃക കാട്ടിത്തരികയാണ് ഹരിതകേരളം മിഷന്റെ ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററായ ഡോ.ജി.എസ്.മധു. ഒരു വെറ്ററിനറി ഡോക്ടര്‍ കൂടിയായ അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സ്വന്തം വീടും പരിസരവും പ്രകൃതി-സൗഹൃദ മാതൃകയില്‍ ഒരുക്കിയിരിക്കുന്നു.
തൊടുപുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുന്ന ആരുടെയും ശ്രദ്ധ ആദ്യം പതിക്കുക വീടിന്റെ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്ന് പണികഴിപ്പിച്ചിരിക്കുന്ന പശുത്തൊഴുത്തിലാണ്. ദുര്‍ഗന്ധത്തിന്റെയും മറ്റു പല കാരണങ്ങളുടെയും പേരില്‍ പലപ്പോഴും പറമ്പിലെ ഏതെങ്കിലും കോണുകളിലേക്ക് മാറ്റുന്ന തൊഴുത്ത് ഡോക്ടര്‍ വീടിന്റെ ഒരു ഭാഗമായി തന്നെ നിലനിര്‍ത്തിയിരിക്കുന്നു. ആറോളം പശുക്കള്‍ക്ക് സൗകര്യപ്രദമായി നില്‍ക്കാനും കിടക്കാനും സാധിക്കുന്ന രീതിയിലാണ് തൊഴുത്ത് ക്രമീകരിച്ചിരിക്കുന്നത്. മുന്നില്‍ പശുക്കള്‍ക്ക് അനായാസം ലഭിക്കാവുന്ന രീതിയില്‍ പുല്ത്തൊടിയും വെളളവും ക്രമീകരിച്ചിട്ടുണ്ട്. സ്റ്റീല്‍ പാത്രത്തില്‍ സദാസമയവും നിശ്ചിതയളവില്‍ വെള്ളം നില്ക്കുന്ന രീതിയിലാണ് പൈപ്പ് കണക്ഷന് സ്ഥാപിച്ചിരിക്കുന്നത്. കാറ്റും സൂര്യപ്രകാശവും യഥേഷ്ടം കിട്ടുന്ന വിധത്തില്‍ മറകളില്ലാതെയാണ് തൊഴുത്ത് നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം അന്തരീക്ഷതാപം നിയന്ത്രിക്കുന്നതിനായ് ഫാനും ഉപയോഗിക്കുന്നു. ഇത് പശുക്കളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പശുത്തൊഴുത്തില്‍ സ്ഥാപിച്ചിരിക്കുന്ന പാട്ടുപെട്ടിയും വേറിട്ടൊരു കാഴ്ചയാണ്.
തൊഴുത്ത് വൃത്തിയായി സൂക്ഷിക്കുന്നതിനായ് ചാണകചാലു നിര്‍മ്മിച്ചിരിക്കുന്നു. ഇത് വെള്ളമൊഴിച്ച് അടുത്തുള്ള ചാണകക്കുഴിയിലേക്കാണ് വീഴുന്നത്. നന്നായി ഇളക്കികൊടുത്തശേഷം ഇത് ബയോഗ്യാസ് പ്ലാന്റിലേക്കാണ് എത്തുന്നത്. ഇത് തൊഴുത്തുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വീട്ടിലേക്കുള്ള പാചകവാതകവും ലഭ്യമാക്കുന്നു. ബയോഗ്യാസ് പ്ലാന്റ് പരിപാലിക്കേണ്ടതിനാല്‍ യാതൊരു രാസവസ്തുക്കളും തൊഴുത്ത് വൃത്തിയാക്കാനായി ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ ബയോഗ്യാസ് പ്ലാന്റ് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
പശുക്കള്‍ക്ക് ആഹാരമായി വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തിയിരിക്കുന്ന പുല്ലുകളാണ് നല്‍കുന്നത്. ഇത് കൃത്യമായ അളവില്‍ നല്കുന്നതു മൂലം പാല് ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും പുല്ല് നഷ്ടപ്പെടാതിരിക്കാനും വഴിയൊരുക്കുന്നു. പുല്ല് വെട്ടുന്നതിനും ക്രമം ഉണ്ട്. പറമ്പിന്റെ ഓരത്തുനിന്ന് പുല്ല് വെട്ടി അവസാനം എത്തുമ്പോഴേക്കും തുടങ്ങിയസ്ഥലത്ത് പുല്ല് പൂര്‍വ്വസ്ഥിതിയിലാവും. ഇങ്ങനെ പശുക്കള്‍ക്ക് ആഹാരത്തിന്റെ ലഭ്യത എപ്പോഴും ഉറപ്പാകുന്നു. ഈ പശുക്കളില്‍ നിന്നു ലഭിക്കുന്ന പാല്, അവയുടെ ഗുണ മേന്മകൊണ്ടും ന്യായവില കൊണ്ടും ധാരാളം പേര് വാങ്ങാന്‍ എത്തുന്നു. തിളപ്പിച്ച വെള്ളത്തില്‍ വൃത്തിയായി കഴുകിയ ചില്ലു കുപ്പികളിലാണ് പാല് വില്‍ക്കുന്നത്. കുപ്പികളില്‍ ഏത് പശുവിന്റെ പാലാണെന്ന് രേഖപ്പെടുത്തും.
പശുവളര്‍ത്തലിനൊപ്പം തന്നെ കോഴിവളര്‍ത്തലും വിജയകരമായി അദ്ദേഹം നടത്തിവരുന്നു. 10 അടിയോളം വിസ്തൃതിയുള്ള കമ്പിവല കൊണ്ടു നിര്‍മ്മിച്ച കൂടുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന രീതിയിലുള്ള കൂടുകള്‍ക്ക് ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന മേല്‍ക്കൂരകളുമുണ്ട്. ഏകദേശം 30 ഓളം കോഴികളെ അദ്ദേഹം വളര്‍ത്തുന്നു. കൂടിന്റെ തറയൊരുക്കിയിരിക്കുന്നത് കമ്പോസ്റ്റ് മാതൃകയിലാണ്. കരിയിലകളും ചാണകവുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കോഴിയുടെ ചികയുന്ന സ്വഭാവം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഒപ്പം തന്നെ കരിയിലയും ചാണകവും ഇളകി കാലക്രമേണ നല്ല ജൈവവളമായി മാറുന്നു. കോഴികള്‍ക്ക് ഉയരങ്ങളില്‍ ഇരിക്കുന്നതിനായി കമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വീട്ടിലേക്കു ആവശ്യമുള്ള ഒട്ടുമിക്ക പച്ചക്കറികളും വീട്ടുവളപ്പില്‍ തന്നെ കൃഷിചെയ്യുന്നു. ഇതിനു വളമായി കോഴിവളര്‍ത്തലില്‍ നിന്നും കിട്ടുന്ന ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറികള്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത് പ്രാവര്‍ത്തികമാക്കിയത്. തന്റെ ഔദ്യോഗിക തിരക്കുകളുടെ ഇടയിലും ഇവയുടെ പരിപാലനത്തിനായി ഡോ.മധു സമയം കണ്ടെത്തുന്നു. വാക്കുകള്‍ക്കപ്പുറം മനസ്സുവച്ചാല്‍ പ്രവൃത്തിയിലൂടെ എന്തും സാധ്യമാകും എന്ന് ഡോ.മധു തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാട്ടിത്തരുന്നു. ഒരു കുടുംബത്തിനുവേണ്ട അത്യാവശ്യ കാര്യങ്ങള്‍ തന്റെ വീട്ടുവളപ്പില്‍ തന്നെ പ്രകൃതിക്ക് യോജിക്കുന്ന രീതിയില്‍ ഒരുക്കാന്‍ കഴിയും എന്ന പാഠമാണ് ഇതിലൂടെ നാം ഉള്‍ക്കൊള്ളേണ്ടത്.
തയ്യാറാക്കിയത് –
ഷെഫി മോളി ജോണ്‍, പാര്‍വ്വതി എസ്.കുറുപ്പ്
ഹരിതകേരളം മിഷന് കോട്ടയം വൈ.പി