ഹരിത ഓഫീസ്: മാതൃകയാകാന്‍ ജിഎസ്ടി കാര്യാലയം.

കല്‍പ്പറ്റ: ഹരിതാഭമായ, തികച്ചും പരിസ്ഥിതി സൗഹൃദമായ ഒരു സര്‍ക്കാര്‍ ഓഫീസ് അന്തരീക്ഷം ഒരു പക്ഷെ നമുക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ ഉൾക്കൊണ്ട് ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹരിത സര്‍ക്കാര്‍ ഓഫീസ് എന്ന നേട്ടത്തിനടുത്തെത്തിയിരിക്കുകയാണ് സംസ്ഥാന ചരക്കു സേവന വകുപ്പിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസും അസി.കമ്മീഷണര്‍ ഓഫ് ഇന്റലിജന്‍സ് ഓഫീസും.

68 ഓളം വരുന്ന ജീവനക്കാരുള്ള സ്ഥാപനത്തില്‍ എല്ലാവരും ഒരേ മനസ്സോടെയാണ് ഹരിത ഓഫീസ് എന്ന ആശയം സ്വീകരിക്കാന്‍ തയ്യാറായത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ജീവനക്കാര്‍ തന്നെ പെയിന്റടിച്ച് നവീകരിച്ചു. ഓഫീസും പരിസരവും വൃത്തിയാക്കി പൂച്ചെടികളും പച്ചക്കറി ക്യഷിയും ആരംഭിച്ചു.കൂടാതെ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഓഫീസ് മീറ്റിംഗുകളും പരിപാടികളും ഡിസ്‌പോസിബിള്‍ ഫ്രീ ആക്കി മാറ്റുകയും പകരം സ്റ്റീല്‍ പാത്രങ്ങള്‍,കുപ്പികള്‍, ഗ്ലാസ്സുകള്‍, സെറാമിക് പ്ലെയിറ്റുകള്‍ എന്നിവ ഉപയോഗിക്കുവാനും തുടങ്ങി.അതോടൊപ്പം തന്നെ പ്ലാസ്റ്റിക് പേനകള്‍ക്കു പകരം മഷി പേനകളുടെ ഉപയോഗം, പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രചരണ പരിപാടികള്‍, ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണവും കമ്പോസ്റ്റിംഗും , പാഴ് വസ്തുക്കളുടെ പുനരുപയോഗ സാധ്യതകള്‍ തുടങ്ങി ഗ്രീന്‍ പ്രോട്ടോക്കോള്‍ കലണ്ടറില്‍ ഉള്‍പ്പെട്ട എല്ലാ നിയമങ്ങളും ഇവിടെ പാലിക്കപ്പെടുന്നു.

സാധാരണ ഒരു സര്‍ക്കാര്‍ ഓഫീസിലും കാണാന്‍ കഴിയാത്ത അടുക്കും ചിട്ടയുമാണ് ഈ ഓഫീസിലുള്ളത്. ജീവനക്കാരെയെല്ലാം ഒന്‍പത് ഗ്രൂപ്പുകളാക്കി തിരിച്ച് അവര്‍ക്ക് പ്രത്യേക ഗ്രീന്‍ പ്രോട്ടോക്കോള്‍ ഡ്യൂട്ടി ഷെഡ്യൂള്‍ നല്‍കിയിട്ടുണ്ടെന്ന് ഇവിടുത്തെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ എം.കെ.മനോജ് പറയുന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ജൂണ്‍ 5 മുതല്‍ ഹരിത പെരുമാറ്റ ചട്ടത്തിനു കീഴില്‍ വരണമെന്ന ജില്ലാതല പ്രഖ്യാപനത്തോടെയാണ് ജിഎസ്ടി ഓഫീസ് ഇത്തരത്തിലൊരു പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുത്തത്.

ഓഫീസിനകത്ത് മാത്രമല്ല പുറത്ത് ഓഫീസ് കെട്ടിടത്തിനു ചുറ്റിലും മട്ടുപ്പാവിലും ഇവര്‍ പൂച്ചെടികള്‍ നട്ടു പിടിപ്പിച്ചും പച്ചക്കറി കൃഷി ചെയ്തും മറ്റൊരു ജൈവ മാതൃകയും കൂടിയാവുകയാണ്. പയര്‍, പാവല്‍, കക്കിരി, പടവലം, ചേമ്പ്, മത്തന്‍, വെണ്ട, തക്കാളി തുടങ്ങി ഇരുപതോളം പച്ചക്കറികളും ഷമാം,പാഷന്‍ഫ്രൂട്ട് തുടങ്ങിയ ഫലങ്ങളും ഇവിടെ കൃഷി ചെയ്യ്ത് പരിപാലിച്ചു വരുന്നു. തനി നാടന്‍ ഇനമായ മത്തിപ്പുളി വരെ ഇവരുടെ തോട്ടത്തില്‍ ലഭ്യമാണ്. കല്‍പ്പറ്റ കൃഷി ഭവനില്‍ നിന്ന് ലഭിച്ച ഗ്രോബാഗുകളിലും ജീവനക്കാര്‍ കൊണ്ടു വന്ന പഴയ ചാക്കുകളിലുമായാണ് പച്ചക്കറികള്‍ നട്ടിരിക്കുന്നത്.ഇവിടെ വിളവെടുക്കുന്ന പച്ചക്കറികള്‍ തന്നെയാണ് ഇവരുടെ ഓഫീസ് കിച്ചണിലേക്കും ഉപയോഗിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉപയോഗിച്ചുള്ള ബയോ കമ്പോസ്റ്റും ഇവര്‍ തയ്യാറാക്കുന്നുണ്ട്. ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഈ വളമാണ് ഉപയോഗിക്കുന്നതും. ഡ്യൂട്ടി സമയത്തിന് പുറമെ അധിക സമയം കണ്ടെത്തിയാണ് ജീവനക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

കൂടാതെ ഉപയോഗ ശൂന്യമായ പഴയ സ്യൂട്ട് കെയ്‌സ് മണ്ണ് നിറച്ച് ചീര വളര്‍ത്തുന്നതും,പാഴ് വസ്തുക്കളും കുപ്പികളും ഉപയോഗിച്ച് നിര്‍മിച്ച മനോഹരമായ ഫ്‌ളവര്‍വേസുകളും ഇത്തരത്തില്‍ പുനരുപയോഗ ശീലവല്‍ക്കരണത്തിന്റെ ഉദാത്തമായ മാതൃകയാവുകയാണിവിടെ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടന്ന എക്‌സിബിഷനിലും ജിഎസ്ടി വിഭാഗം പ്രചരണനത്തിനായി ഉപയോഗിച്ചത് പ്രകൃതി സൗഹൃദ വസ്തുക്കളും അലങ്കാരങ്ങളുമായിരുന്നു. സര്‍ക്കാര്‍ അനുശാസിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ സൂചിക പ്രകാരം അജൈവ മാലിന്യ സംഭരണ സംവിധാനമായ എംസിഎഫ്, മഴവെള്ള സംഭരണ സംവിധാനം എന്നീ രണ്ട് കാര്യങ്ങള്‍ മാത്രമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ് എന്ന പരിമിതിക്കുള്ളില്‍ നില്‍ക്കുന്നതിനാല്‍ പാലിക്കാന്‍ കഴിയാത്തത്.

ഹരിത ചട്ട പരിപാലനവുമായി ബന്ധപ്പെട്ട് എല്ലാ മാസവും ഇവര്‍ യോഗങ്ങള്‍ ചേരുകയും മറ്റ് സബ് ഡിവിഷന്‍ ഓഫീസുകളില്‍ പരിശോധന നടത്തുകയും ചെയ്യുന്നു. ഡപ്യൂട്ടി കമ്മീഷണര്‍ അനില്‍ .പി.നായര്‍, അസി. ഇന്റലിജന്‍സ് കമ്മീഷണര്‍ എന്‍.രജനി,സീനിയര്‍ സൂപ്രണ്ട് റ്റി.കെ.ഗീത തുടങ്ങിയ ജില്ലാ ഓഫീസര്‍മാരും ജീവനക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. തീര്‍ച്ചയായും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് ഈ ഓഫീസ് ഇത്തരത്തിലൊരു പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഒരു നവ കേരള സൃഷ്ടിക്കായി നമ്മള്‍ കൈകോര്‍ത്തു തുടങ്ങുമ്പോള്‍ ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്ന ‘മാലിന്യ രഹിത പരിസ്ഥിതി’ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഇത്തരം ഹരിത ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതും അവ പൊതുജനങ്ങള്‍ക്ക് മാതൃകയായി തീരേണ്ടതും ഒരു അനിവാര്യതയാണ്.

തയ്യാറാക്കിയത് – പി എം മഞ്ജു

Tags:

Related Article

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM