മാലിന്യ നിര്‍മ്മാര്‍ജനം ഊര്‍ജ്ജിതമാക്കി ശാന്തന്‍പാറ പഞ്ചായത്ത്
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ നേരിട്ടെത്തി ശേഖരിക്കുന്ന രീതിയിലാണ് ഹരിതകേരളം മിഷന്‍ പദ്ധതി പഞ്ചായത്തില്‍ പുരോഗമിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൃത്യമായ ഇടവേളകളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനാല്‍ പൂപ്പാറ ടൗണ്‍, ബോഡിമെട്ട് എന്നിവിടങ്ങളിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കത്തൊന്‍ സാധിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരായ പുരുഷന്‍മാരെയും ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള ഹരിതകര്‍മ്മസേനയാണ് മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ തുടക്കം മുതല്‍ വാഹനം പുറത്തു നിന്നും എത്തിച്ചാണ് മാലിന്യ ശേഖരണം നടത്തിയിരുന്നത്. എന്നാല്‍ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനായി സ്വന്തമായി വാഹനം വാങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്തിപ്പോള്‍. പതിമൂന്നു വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ ശാന്തന്‍പാറയില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന മാലിന്യ ശേഖരണ യൂണിറ്റില്‍ എത്തിക്കുന്നു. ഇവിടെ നിന്നും പ്ലാസ്റ്റിക് മാല്യന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും നിശ്ചിത അളവായി കഴിയുമ്പോള്‍ ടാറിംഗ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിനായി കയറ്റി അയക്കുകയുമാണ് ചെയ്യുക.
ഹരിതകേരളം മിഷന്റെ ഭാഗമായി തുമ്പൂര്‍മൂഴി മോഡല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. പ്ലാന്റ് ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ ആരംഭിക്കുക. 7.52 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. തുമ്പൂര്‍മൂഴി പ്ലാന്റ് ആരംഭിക്കുന്നതോടെ ജൈവമാലിന്യങ്ങള്‍കൂടി ശേഖരിച്ച് സംസ്‌ക്കരിക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പന്നിയാര്‍ പുഴയുടെ ശുചീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. പന്നിയാര്‍ പുഴയുടെ നവീകരണം എന്ന രീതിയില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു പറഞ്ഞു.