നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള  ചുവടുവയ്പ്പായി മഹാ ശുചീകരണം

കൊല്ലം നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ മഹാശുചീകരണ യജ്ഞം വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നഗരത്തിലെ വിദ്യാലയങ്ങളില്‍നിന്നുള്ള രണ്ടായിരത്തോളം വോളണ്ടിയര്‍മാരാണ് കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആശ്രാമം ലിങ്ക് റോഡിലും മൈതാനത്തും നടന്ന ശുചീകരണത്തില്‍ പങ്കുചേര്‍ന്നത്.

രാവിലെ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബുവാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാലിന്യങ്ങള്‍ നീക്കം ചെയ്തും കാടുവെട്ടിത്തെളിച്ചും ശുചീകരണം പുരോഗമിക്കുന്നതിനിടെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തൂമ്പയെടുത്ത് അവര്‍ക്കൊപ്പം കൂടി.

നഗരത്തിലെ കോളേജുകളിലെയും സ്‌കൂളുകളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, യുവജനേക്ഷേമ ബോര്‍ഡ്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആശ്രാമം മൈതാനത്തിന്റെ വശങ്ങളില്‍ ശുചീകരണം നടത്തിയ സ്ഥലങ്ങളില്‍ പൂച്ചെടികളും പച്ചക്കറികളും വച്ചു പിടിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ജെ. രാജേന്ദ്രന്‍, ചിന്ത എല്‍. സജിത്ത്, ഷീബ ആന്റണി, കൗണ്‍സിലര്‍മാര്‍, എ.സി.പി എ. പ്രതീപ് കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags:

Related Article

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM