പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍

* രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചു.

* പത്തനംതിട്ട, ആല പ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല ഏറ്റെടുത്ത് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.

* ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കാവശ്യമായ സാധന സാമഗ്രികള്‍ ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മിഷന്‍ ജീവനക്കാരുടെ നേതൃത്വത്തിലും ആഗസ്റ്റ് 16 മുതല്‍ 31 വരെ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുകയും സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സജ്ജീകരിക്കുകയും ചെയ്തു.

* ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വോളണ്ടിയര്‍മാരെ ഏകോപിപ്പിച്ച് ജില്ലകളിലേയ്ക്കാവശ്യാനുസരണം ലഭ്യമാക്കി.

* ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആഗസ്റ്റ് 20 മുതല്‍ 31 വരെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ താത്ക്കാലിക റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുകയും പ്രളയബാധിതമല്ലാത്ത ജില്ലകളിലെ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരെ പ്രളയബാധിത ജില്ലകളിലേയ്ക്ക് വിന്യസിക്കുകയും ചെയ്തു.

* വ്യവസായ പരിശീലന വകുപ്പിന്റെ സഹായത്തോടെ നൈപുണ്യകര്‍മ്മസേന രൂപീകരിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പന്ററി തുടങ്ങിയ അറ്റകുറ്റപ്പണികള്‍ നടത്തി വീടുകള്‍ വാസയോഗ്യമാക്കി മാറ്റുന്നതിനായി 6568 പേരുടെ സന്നദ്ധ സേവനം ലഭ്യമാക്കി.

* പ്രളയാനന്തരം കുമിഞ്ഞു കൂടിയ അജൈവ മാലിന്യങ്ങളും ഇ-മാലിന്യങ്ങളും, ക്ലീന്‍ കേരള കമ്പനി, സ്‌ക്രാപ് ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹായത്തോടെ സുരക്ഷിതമായി നീക്കം ചെയ്തുവരുന്നു. ഇതിനകം 3894.463 ടണ്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു.

* പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളും വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തിയെന്ന് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചു.

* പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളിലും ക്ലോറിനേഷന്‍ നടത്തിയ ശേഷം കുടിവെള്ള ഗുണനിലവാര പരിശോധനയ്ക്ക് പദ്ധതി തയ്യാറാക്കുകയും പൈലറ്റായി 6 ഗ്രാമ പഞ്ചായത്തുകളിലെയും 6 നഗരസഭകളിലെയും 15,631 കിണറുകളില്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയാവുകയും ചെയ്തു.

* ബ്ലീച്ചിംഗ് പൗഡർ, കുമ്മായം, ഗ്ലൗസുകൾ, ഗംബുട്ടുകൾ, മൺവെട്ടികൾ, പ്രഷർ പമ്പുകൾ തുടങ്ങിയ വിവിധയിനം ശുചീകരണ സാമഗ്രികൾ ശേഖരിച്ച് പ്രളയബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കി.

* മൃഗങ്ങളുടെയും പക്ഷികളുടെയും ശവശരീരങ്ങൾ സുരക്ഷിതമായി മറവ് ചെയ്യുന്നതിന് നിർദ്ദേശങ്ങളും സഹായവും ലഭ്യമാക്കി. 12,393 മൃഗങ്ങളുടെയും 6,31,485 പക്ഷികളുടെയും ശവശരീരങ്ങൾ ഇപ്രകാരം മറവ് ചെയ്തു. മൊബൈൽ സെപ്ടേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സജ്ജീകരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കി.

* ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലേർപ്പെടുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ശുചീകരണത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് കൈപുസ്തകം, ചെറുവീഡിയോകൾ, പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി പ്രചരിപ്പിച്ചു.

2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

ആമുഖം

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയത്തിലും അനുബന്ധ ദുരന്തങ്ങളിലും രക്ഷാ, ദുരിതാശ്വാസ, ശുചീകരണ പ്രവർത്തനങ്ങളിൽ ഹരിതകേരളം മിഷൻ സജീവമായി രംഗത്തിറങ്ങുകയുണ്ടായി. മഴ തീവ്രമായിരുന്ന ആദ്യ ദിവസങ്ങളിൽ പ്രധാനമായും രക്ഷാ പ്രവർത്തന ങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. അതത് ജില്ലാ ഭരണകൂടങ്ങളോടൊപ്പം ചേർന്നു കൊണ്ടാണ് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർമാരും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിച്ചത്. പ്രളയജലം താഴ്ന്നു തുടങ്ങിയതനുസരിച്ച് ആഗസ്റ്റ് 19 മുതൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രധാന പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രളയം ബാധിച്ച എല്ലാ ജില്ലകളിലെയും വിവിധ പ്രദേശങ്ങളിൽ ഹരിതകേരളം മിഷന്റെ സേവനവും പങ്കാളിത്തവും എത്തിക്കാൻ സാധിച്ചിട്ടുണ്ട്.

താഴെപ്പറയുന്ന പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ പ്രധാനമായും നടത്തിയത്.

1. ശുചീകരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം.
2. ശുചീകരണ പ്രവർത്തനത്തിനു വേണ്ടി സന്നദ്ധപ്രവർത്തകരുടെയും സന്നദ്ധ സ്ഥാപനങ്ങളുടെയും ഏകോപനം
3. നൈപുണ്യ കർമ്മസേനയെ ഉപയോഗിച്ച് നടത്തിയ റിപ്പയറിംഗ് പ്രവർത്തനങ്ങൾ
4. ശുചീകരണ സാധന സാമഗ്രികളുടെ ശേഖരണവും വിതരണവും
5. പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളിൽ കുടിവെള്ള ഗുണനിലവാര പരിശോധന
6. പ്രളയാനന്തരമുണ്ടായ വലിയ തോതിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനം
7. പ്രളയാനന്തര പ്രവർത്തനങ്ങൾ സംബന്ധിച്ച വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ

ഇതോടൊപ്പം തന്നെ എല്ലാ പ്രളയബാധിത ജില്ലകളിലും മുഴുവൻ സമയവും ഹരിതകേരളം മിഷൻ കോർഡിനേറ്റർമാർ ജില്ലാ ഭരണകൂടവുമായി ചേർന്ന് സന്നദ്ധപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിച്ചു. വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിക്കുന്നതിലും പ്രളയബാധിത പ്രദേശങ്ങളിൽ ശ്രമദാനത്തിനു നിയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിലും ക്യാമ്പുകളിൽ അവശ്യസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും സജീവമായി പങ്കെടുത്തു. ഇതിൽ പ്രളയം തീക്ഷ്ണമായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാ കുളം എന്നീ ജില്ലകളിലും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലൂടെ പ്രവർത്തനം ഏകോപന ചുമതല ജില്ലാ കളക്ടർമാരുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെ ജില്ലാ കോർഡിനേറ്ററുടെ നേതൃത്വത്തിലാണ് നിർവ്വഹിച്ചത്.

കൊല്ലം ജില്ലയിൽ നിന്നും യഥാ സമയം തന്നെ മത്സ്യബന്ധന ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിനായി പത്തനംതിട്ടയിലും മറ്റിടങ്ങളിലും കൊണ്ടുപോകുന്നതിനായി ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്ററുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ വലിയതോതിൽ ഫലപ്രദമാവുകയുണ്ടായി. റാന്നി താലൂക്കിലേതുൾപ്പെടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷമമെത്തിക്കുന്നതിലും ആരോഗ്യ, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിലും ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർമാർ പ്രധാന പങ്ക് വഹിച്ചു. ചെങ്ങന്നൂർ, നെടുമ്പം, കടപ്ര പ്രദേശങ്ങളിൽ പ്രളയത്തിലകപ്പെട്ടവരെയും തലയാറിലുള്ള വെള്ളക്കെട്ടിൽ കുടുങ്ങി പ്പോയവരെയും രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച് ഹരിതകർമ്മസേന മിക്ക പഞ്ചായത്തു പ്രദേശങ്ങളിലെയും രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കർമ്മനിരതരായിരുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ബുൾഡോസറുകൾ, ജനറേറ്ററുകൾ, ലൈറ്റുകൾ എന്നിവ സംഘടിപ്പിച്ചു നൽകി. പല ദുരിതാശ്വാസ ക്യാമ്പുകളിലും നിന്നുള്ള മാലിന്യ ശേഖര ണം പൂർണ്ണമായും നിർവ്വഹിച്ചത് ഹരിതകർമ്മസേനയാണ്.

1. വിവിധ വകുപ്പുകളെയും ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഏകോപനം

പ്രളയ ദുരന്ത മേഖലകളിൽ ദുരിതാശ്വാസ ശുചീകരണ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിക്കുകയും മേഖലകളിൽ അവരെ വിന്യസിക്കുകയും ചെയ്യുന്നതിൽ ഹരിതകേരളം മിഷൻ സുപ്രധാന പങ്കുവഹിച്ചു. ജില്ലാ ഭരണകൂടങ്ങൾക്കൊപ്പം നിന്നാണ് ഇത് നിർവ്വഹിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, വ്യാവസായിക പരിശീലന വകുപ്പ്, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേന, ഹരിത സഹായ സ്ഥാപനങ്ങൾ, സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷൻ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ഐ.ടി ഡീലേഴ്സ് അസോസിയേഷൻ, വിവിധ എൻ.എസ്.എസ് ഗ്രൂപ്പുകൾ, കുടുംബശ്രീ, എഞ്ചിനീയറിംഗ് കോളേജ് പോളിടെക്നിക് വിദ്യാർത്ഥി-അധ്യാപക ടീമുകൾ തുടങ്ങിയവരെ ഏകോപിപ്പിക്കുകയും അവരെ വിവിധതരം പ്രളയാനന്തര പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ വീടുകളും സ്ഥാപനങ്ങളും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലും രണ്ടാംഘട്ടത്തിൽ പൊതു സ്ഥലങ്ങളിൽ നിന്ന് മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിലും തുടർന്ന് കുടിവെള്ള പരിശുദ്ധി പരിശോധനയിലും ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്തു നൽകുന്നതിലും വിവിധ വകുപ്പുകളെയും ഏജൻസികളെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ വളരെ ഫലപ്രദമായി തുടരുകയാണ്.

2. സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ

പ്രളയ ബാധിത പ്രദേശങ്ങളിൽ വെള്ളം താഴുന്ന മുറയ്ക്ക് വീടുകളും പൊതുസ്ഥാപന ങ്ങളും കച്ചവട സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കി മാറ്റുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പല ഭാഗ ങ്ങളിലും വലിയ തോതിൽ ചെളിയും എക്കലും അടിഞ്ഞതും കിണർ ജലത്തിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ കലർന്നതും ശുചീകരണ പ്രവർത്തനത്തെ സങ്കീർണ്ണമാക്കി. പ്രാദേശികമായി ലഭിക്കുന്ന സന്നദ്ധ പ്രവർത്തകരെ കൂടാതെ വലിയ തോതിൽ മറ്റു ജില്ലകളിലുള്ള സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കിയാലേ ശുചീകരണ പ്രവർത്തനം സമയബന്ധിത മായി തീർക്കാൻ കഴിയു എന്നതിന്റെ അടിസ്ഥാനത്തിൽ പരമാവധി സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിച്ച് പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യക്തികളും സംഘടനകളും സ്വന്തം നിലയ്ക്കും വിവിധ ഏജൻസികളുമായി ബന്ധപ്പെട്ടും പോകുന്നതോടൊപ്പം ഹരിതകേരളം മിഷനിൽ രജിസ്റ്റർ ചെയ്ത് ശുചീകരണ പ്രവർത്തനത്തിന് പോകുന്നതിനുള്ള സംവിധാനം ഒരുക്കി. ഓൺലൈൻ ആയും ഫോൺ വഴിയും വാട്സ് ആപ്പ് വഴിയും വ്യക്തികൾക്കും സംഘങ്ങൾക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും അവരെ മുഴുവൻ ഏകോപിപ്പിച്ച് ശുചീകരണ പ്രവർത്തനവങ്ങളിൽ വിനിയോഗിക്കുകയും ചെയ്തു. ഓൺലൈൻ ആയി 915 പേരും 97 സംഘങ്ങളും ഫോൺ വഴി 228 പേരും രജിസ്റ്റർ ചെയ്തിരുന്നു. ഇവയിലൂടെ 4484 സന്നദ്ധ പ്രവർത്തകരെ ശുചീകരണ പ്രവർത്തനങ്ങൾക്കായി അയച്ചു. ഇതുകൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് 3520 പേരും കണ്ണൂർ ജില്ലയിൽ നിന്ന് 380 പേരും, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലുള്ള സംഘങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഇതിന് നേതൃത്വം നൽകാനും ഏകോപനം നടത്താനുമായി പ്രളയബാധിത പഞ്ചായത്തുകളിലും നഗര സഭകളിലും റിസോഴ്സ് പേഴ്സൺമാരേയും സന്നദ്ധ പ്രവർത്തകരേയും കോർഡിനേറ്റർമാരായി ചുമതലപ്പെടുത്തി നിയമിച്ചു. 50 ഓളം കോർഡിനേറ്റർമാരെയാണ് ഹരിതകേരളം മിഷൻ ഇപ്രകാരം ചുമതലപ്പെടുത്തിയത്. കോസ് ഫോർഡ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ബ്രഹ്മാസ്, പ്രതിധ്വനി, ടെക്നോപാർക്ക്, സെക്രട്ടറിയേറ്റ് എംപ്ലോയീസ്, റബ്കോ, എ.എം.ഒ.എസ് നെയ്യാറ്റിൻകര, കരകുളം ഗ്രാമീണ പഠന കേന്ദ്രം തുടങ്ങി വിവിധ ഏജൻസികളും സംഘടനകളും എൻ.ജി.ഒ കളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

3. നൈപുണ്യ കർമ്മസേന

പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി കഴിഞ്ഞപ്പോൾ ഉണ്ടായ മറ്റൊരു പ്രശ്നം അവിടങ്ങളിലെ വൈദ്യുത വയറിംഗ്, പ്ലംബിംഗ്, കാർപ്പന്ററി എന്നിവയുടെ അറ്റകുറ്റപണികൾ നടത്തി കെട്ടിടങ്ങളെ ഉപയോഗയോഗ്യമാക്കി മാറ്റുക എന്നുള്ളതായിരുന്നു. ഈ ഘട്ടത്തിൽ ഹരിതകേരളം മിഷന്റെ അഭ്യർത്ഥന പ്രകാരം വ്യവസായ വകു പ്പിലെ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, ഇൻസ്ട്രക്ടർമാരും ചേർന്ന് രൂപീകരിച്ച
നൈപുണ്യകർമ്മസേന ഇതിനായി നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതാണ്. പ്രധാനമായും കാർപന്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ, പ്ലംബർ തുടങ്ങിയ ട്രേഡുകളിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും ഇൻസ്ട്രക്ടർമാരുമാണ് നൈപുണ്യ കർമ്മസേനയിൽ അണിനിരന്നത്. 6,568 പേരുടെ മനുഷ്യാധ്വാനം വഴി 5,003 വീടുകൾ വാസയോഗ്യമാക്കി മാറ്റാൻ ഇതിലൂടെ സാധിച്ചു. ജില്ലാടിസ്ഥാനത്തിലുള്ള വിശദമായ കണക്ക് ചുവടെ ചേർക്കുന്നു.

എത്തിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിവിധ സംഘങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ഉപകരണങ്ങളും ഇപ്രകാരം നൽകുകയുണ്ടായി.

വീടുകളിൽ നിന്ന് ചെളി കലർന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി റെയ്ഡ് കോയിൽ നിന്നും ഹരിതകേരളം മിഷൻ 50 ഹൈപഷർ വാട്ടർ പമ്പുകൾ ലഭ്യമാക്കി. ഇത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പ്രളയ ദുരന്തബാധിത പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിൽ ഇപ്പോഴും ഉപയോഗിച്ചു വരുന്നു. ഒപ്പം വിവിധ വ്യക്തികളും ഏജൻസി കളും സംഭാവനയായി നൽകിയതുൾപ്പെടെ 160 പ്രഷർ പമ്പുകളും 69 മോട്ടോർ പമ്പുകളും വിവിധ ജില്ലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കി.

ഡോ.ശശി തരൂർ എം.പി ലഭ്യമാക്കിയ 100 ടൺ കുമ്മായം, 50,000 ജോഡി കൈയ്യുറകൾ എന്നിവ ശുചീകരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ എത്തിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് സ്പോൺസർ ചെയ്ത ഒരു ലോറി നിറയെ ശുചീകരണ സാധനസാമഗ്രികൾ 23.08.2018 ന് എറണാകുളത്തെ ത്തിച്ചു. ഇതു കൂടാതെ തിരുവനന്തപുരം ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടി കൾ തയ്യാറാക്കി നൽകിയ 500 പവർ ബാങ്കും 3 കാർട്ടൺ പ്രഥമ ശുശ്രൂഷ കിറ്റും പ്രളയ ബാധിത സ്ഥലങ്ങളിൽ എത്തിച്ചു. ഇവ സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ലഭ്യമാക്കിയ ശുചീകരണ യന്ത്രങ്ങൾ

 

 

 

 

 

ലഭ്യമാക്കിയ ശുചീകരണ സാമഗ്രികൾ

ലഭ്യമാക്കിയ ശുചീകരണ ഉപകരണങ്ങൾ

 

5. കുടിവെള്ള ഗുണനിലവാര പരിശോധന

പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളിൽ മുഴുവൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ സഹായത്തോടെ ക്ലോറിനേഷൻ നടത്തി. എന്നാൽ വിശദമായ ഗുണനിലവാര പരിശോധന നടത്താതെ പ്രസ്തുത കിണറുകളിലെ ജലം കുടിക്കാനായി ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ ഹരിതകേരളം മിഷൻ മുൻകൈയ്യെടുത്ത് ബഹു.തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ, സ്റ്റേറ്റ് നാഷണൽ സർവ്വീസ് സ്കീം, തദ്ദേശഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള വാട്ടർ അതോറിറ്റി എന്നിവയെ സംയോജിപ്പിച്ച് കുടിവെള്ള ഗുണനിലവാര പരിശോധനയ്ക്കായുള്ള സംവിധാനം ഒരുക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമായി രൂക്ഷമായ പ്രളയം ബാധിച്ച 6 ജില്ലകളിലെ 12 തദ്ദേശഭരണ സ്ഥാപനങ്ങളിൽ (6 ഗ്രാമപഞ്ചായത്തുകൾ+6 മുനിസിപ്പാലിറ്റികൾ) പൈലറ്റ് അടിസ്ഥാനത്തിൽ പരിശോധന നടത്താനും അതിന്റെ ഫലം വിലയിരുത്തി തുടർന്ന് മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളിലെല്ലാം കുടിവെള്ള ഗുണനിലവാര പരിശോധന നടത്താനും തീരുമാനിക്കുകയായിരുന്നു. സെപ്തംബർ 8, 9 തീയതികളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടത്തിയ കുടിവെള്ള ഗുണനില വാര പരിശോധന 96 ശതമാനം കിണറുകളിൽ പൂർത്തിയായിക്കഴിഞ്ഞു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഉപ യോഗപ്പെടുത്തിയാണ് പരിശോധനാ വിവരങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കിയത്. ഭാവിയിൽ ഉപയോഗിക്കാവുന്നവിധത്തിൽ കിണറുകളുടെ ചിത്രം, ലൊക്കേഷൻ തുടങ്ങിയവയും ഈ ആപ്ലിക്കേഷനിൽ ശേഖരിക്കുന്നുണ്ട്. സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ കോളേജുകളിലെ എൻ.എസ്.എസ്. വോളണ്ടിയർമാരാണ് കിണറുകൾ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിക്കുകയും ഡാറ്റാബേസ് തയ്യാറാക്കുകയും ചെയ്തത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റും കേരള വാട്ടർ അതോറിറ്റിയും സംരംഭത്തിൽ പങ്കാളികളായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഫീൽഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട്, ജില്ലകളിൽ 6 ഗ്രാമ പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പരിധിയിൽ വരുന്ന ശുചീകരിച്ച് കിണറുക ളിലെ വെള്ളമാണ് പൈലറ്റ് പ്രവർത്തനത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. റാന്നിഅങ്ങാടി, തിരുവാർപ്പ്, കാലടി, മാള, പടിഞ്ഞാറേത്തറ ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല, ചെങ്ങന്നൂർ, വൈക്കം, നോർത്ത് പറവൂർ, ചാലക്കുടി, കൽപ്പറ്റ നഗരസഭകളിലുമുള്ള പ്രദേശ ങ്ങളിലെ 16,232 കിണറുകളിലെ വെള്ളം പരിശോധിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 15,631 (96ശതമാനം) കിണറുകളുടെ പരിശോധന പൂർത്തിയായി. പരിശീലനം നേടിയ എൻ.എസ്. എസ് വോളണ്ടിയർമാർ കിണറുകൾ സന്ദർശിച്ച് ശേഖരിച്ച് വെള്ളത്തിന്റെ സാമ്പിൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേകമായി സജ്ജീകരിച്ച ബൂത്തുകളിലെ ലാബുകളിലെത്തിച്ചാണ് പരിശോധന നടത്തിയത്. ഇവയുടെ പരിശോധനാ ഫലങ്ങൾ ഉടൻ ലഭ്യമാകും.

6. പ്രളയാനന്തരമുണ്ടായ മാലിന്യം നീക്കം ചെയ്യാൻ ഉണ്ടായ ഇടപെടലുകൾ

പ്രളയാനന്തരമുണ്ടായ മാലിന്യങ്ങളിൽ മൃഗങ്ങളുടെയും പക്ഷികളുടെയും ശവശരീര ങ്ങൾ മറവ് ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ശവശരീരങ്ങൾ മറവ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്തുതല ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുകയും പരമാവധി ഇടപെടൽ നടത്തു കയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലെ ജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തിൽ താത്ക്കാലിക തുമ്പൂർമുഴി പ്ലാന്റുകൾ, കമ്പോസ്റ്റ് പിറ്റുകൾ എന്നിവ നിർമ്മിച്ചു നൽകി. ഇതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച സ്കൂളുക ളിലെയും കോളേജുകളിലെയും കക്കൂസുകളുടെ സെപ്ടിക് ടാങ്കുകൾ വൃത്തിയാക്കുന്നതി നായി മൊബൈൽ സെപ്ടേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ സേവനം ലഭ്യമാക്കി.

ശുചീകരണത്തിന്റെ ഭാഗമായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറം തള്ളപ്പെടുന്ന ഖരമാലിന്യം പൊതുസ്ഥലത്ത് ശേഖരിക്കണമെന്ന ബഹു. മുഖ്യമന്ത്രിയുടെ നിർദ്ദേശം യഥാസമയം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ജില്ലകളിൽ ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, പഞ്ചായത്ത്/നഗരകാര്യ വകുപ്പ് എന്നിവരുടെ ഏകോപന പ്രവർത്തനങ്ങളുടെ ഫലമായി പ്രത്യേക സംവിധാനം, പ്രവർത്തനം തുടങ്ങി. സംസ്ഥാന മിഷനിൽ നിന്നുള്ളവർ വിവിധ ജില്ലകളിലെ ഈ പ്രവർത്തന ങ്ങളുടെ ഏകോപനം നിർവ്വഹിക്കുന്നു.

അപകടകരമായ മാലിന്യങ്ങൾ, ഇ-വേസ്റ്റ് തുടങ്ങിയവ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനുമായി ചർച്ച നടത്തുകയും അനുബന്ധ ഏകോപന പ്രവർത്തനങ്ങൾക്ക് ഹരിതകേരളം മിഷൻ തുടക്കമിടുകയും ചെയ്തു. സംസ്ഥാനതലത്തിൽ മലിനീകരണ നിയന്ത്രണബോർഡിലെ സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയർ ഡോ.ഷീലയ്ക്ക് ഇതിനായുള്ള പ്രത്യേക ചുമതല നൽകുകയുണ്ടായി. പ്രളയ ബാധിത പ്രദേശങ്ങളിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി കൾ സ്വീകരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ വർദ്ധിച്ച തോതിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളതിനാലും വളരെ വേഗം ഇവ നീക്കം ചെയ്യേണ്ടതിനാലും കൂടുതൽ മാലിന്യം ശേഖരിക്കേണ്ട വയനാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇത്തരം സേവനത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള 5 സ്ഥാപനങ്ങളെ നിയോഗിച്ചു. ഇതിനുപുറമേ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷന്റെ വയനാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ജില്ലകളിലെ ഘടകങ്ങ ളെയും പ്രസ്തുത സേവനത്തിനായി ഏർപ്പെടുത്തി. നീക്കം ചെയ്യുന്ന മാലിന്യങ്ങൾ പൊതു വായ ഡംമ്പിംഗ് യാർഡുകളിലെത്തിക്കുകയും അവിടെ നിന്ന് തരംതിരിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ സംസ്കരിക്കാനായി കൈമാറുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇതോടൊപ്പം വീടുകളിലെയും സ്ഥാപനങ്ങളിലെയും കേടായ കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കാൻ സൗജന്യ സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കാമെന്ന് ഹരിതകേരളം മിഷനുമായുള്ള ചർച്ചയിൽ ഓൾ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. കേടുപാടുകൾ തീർത്തെടുക്കാൻ ആകാത്ത ഉപകരണങ്ങൾ കണ്ടെത്തി ഇ-മാലിന്യങ്ങളുടെ അളവ് തിട്ടപ്പെടുത്തുന്നതിലും യഥാ വിധി സംസ്കരിക്കുന്നതിലും ഇത്തരം ക്യാമ്പുകൾ ഉപകരിക്കുമെന്നതിനാൽ അടുത്ത ഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കും. മറവ് ചെയ്തു മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണവും ഓരോ ജില്ലയിലെയും നീക്കം ചെയ്ത മാലിന്യങ്ങളുടെ അളവും താഴെച്ചേർക്കുന്നു.

പ്രളയബാധിത ജില്ലകളിൽ മറവ് ചെയ്തു മൃഗങ്ങളുടെയും പക്ഷികളുടെയും ശവശരീരങ്ങൾ സംബന്ധിച്ച വിവരം

 

പ്രളയബാധിത ജില്ലകളിൽ നിന്നും നീക്കം ചെയ്ത മാലിന്യത്തിന്റെ പട്ടിക

 

7. പ്രളയാനനന്തര പ്രവർത്തനങ്ങൾ സംബന്ധിച്ച വിവര വിജ്ഞാന വ്യാപനം

പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പോകുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ശുചീകരണത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ചെറുവീഡിയോകൾ, കൈപുസ്തകം പോസ്റ്ററുകൾ എന്നിവ തയ്യാറാക്കുകയും നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സി-ഡിറ്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് – യുവസമിതി എന്നിവയാണ് ഇതിനുവേണ്ട സാങ്കേതിക സഹായം ലഭ്യമാക്കിയത്.

അനുബന്ധ പ്രവർത്തനങ്ങൾ

ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് അവശ്യ സാധനങ്ങളുടെസംഭരണം, ശേഖരണം

തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിത ജില്ലകളിലേ യ്ക്കും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്കും അടിയന്തരമായി ആവശ്യം വന്ന വിവിധ സാധന സാമഗ്രികൾ ശേഖരിക്കുവാനുള്ള സംഭരണ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ച പ്പോൾ മുതൽ തന്നെ ഹരിതകേരളം മിഷൻ ഒപ്പം നിന്നു പ്രവർത്തിച്ചു. തിരുവനന്തപുരം എസ്.എം.വി ബോയ്സ് എച്ച്.എസ്.എസ്, കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസ്, നിശാഗന്ധി ഓഡിറ്റോറിയം, പ്രിയദർശിനി ഹാൾ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ഓഫീസ് എന്നിവിടങ്ങളിൽ ഹരിതകേരളം മിഷന്റെ സംസ്ഥാന ഓഫീസിൽ നിന്നുള്ളവർ 2018 ആഗസ്റ്റ് 19 മുതൽ കേന്ദ്രങ്ങ ളുടെ പ്രവർത്തനം അവസാനിക്കും വരെ സേവനം നൽകി. വിവിധ വസ്തുക്കൾ തരം തിരിച്ച് ആവശ്യാനുസരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അയയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും വിവിധ ജില്ലകളിലേയ്ക്ക് വാഹനങ്ങൾ ഏർപ്പാടാക്കുന്നതിലും ഏർപ്പെട്ടു.

കോൾ സെന്ററും, ഓൺലൈൻ രജിസ്ട്രേഷനും

തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച് 19.08.2018 ലെ 2286-ാം ഉത്തരവ് പ്രകാരം ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവ ചേർന്ന് നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രസ്തുത ഉത്തരവ് പ്രകാരം ശുചീകരണ പ്രവർത്തനങ്ങളിൽ വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സാമൂഹിക സംഘടനകൾ വിദ്യാർത്ഥി യുവജന സംഘടനകൾ, എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്ലബ്ബുകൾ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് തുടങ്ങിയവരുടെ പങ്കാളിത്തത്തിനായി 20.08.2018 ൽ ഹരിത കേരളം മിഷൻ ഓൺലൈൻ രജിസ്ട്രേഷനും ടെലിഫോണിൽ കൂടിയുള്ള രജിസ്ട്രേ ഷനും ആരംഭിച്ചു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സെൽ ഹരിതകേരളം മിഷനിൽ പ്രവർത്തനം ആരംഭിച്ചു. ശുചീകരണത്തിനവശ്യമായ സാധനസാമഗ്രികൾ ലഭ്യമാക്കു വാനും രജിസ്ട്രേഷൻ സംവിധാനം സജ്ജമാക്കി. രജിസ്ട്രേഷനിൽ മികച്ച പ്രതികരണമാണുണ്ടായത്.

ശുചീകരണ – മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ജില്ലാടിസ്ഥാനത്തിൽ

പത്തനംതിട്ട

83 നഗരസഭാ വാർഡുകളിലും 424 ഗ്രാമപഞ്ചായത്തു വാർഡുകളിലുമായി 501 വാർഡുക ളിൽ പ്രളയം ബാധിച്ചു. 61,390 വീടുകളും 645 പൊതു സ്ഥാപനങ്ങളും പ്രളയത്തിൽ മുങ്ങി. ഇവ യിൽ 61303 വീടുകളും (99.85 %) മുഴുവൻ പൊതു സ്ഥാപനങ്ങളും വൃത്തിയാക്കി കഴിഞ്ഞു. 42,406 കിണറുകളെയാണ് പ്രളയം ബാധിച്ചത്. ഇവയിൽ 27,800 കിണറുകൾ (65.55 %) ഇതിനകം വൃത്തിയാക്കി കഴിഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് കിണറുകളിൽ എക്കൽമണ്ണും ചെളിയും കൂടുതൽ അടിഞ്ഞ പ്രദേശമാണ് പത്തനംതിട്ട. 393.93 ടൺ ജൈവ മാലിന്യങ്ങളും 103.084 ടൺ അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു കഴിഞ്ഞു. ക്ലീൻ കേരള കമ്പനിയുടെയും ക്രിസ് ഗ്ലോബൽ എന്ന ഹരിത സഹായ സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ മാലിന്യനീക്കം ത്വരിതഗതിയിലും കാര്യക്ഷമമായും നടന്നുവരുന്നു. ചെറുതും വലുതുമായ 193 മൃഗ ശവങ്ങളും 74,297 പക്ഷികളുടെ ജഡങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചിട്ടുണ്ട്.

കച്ചവട സ്ഥാപനങ്ങളിൽ അടിഞ്ഞു കൂടിയ മണ്ണ് റോഡിന്റെ വശങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. രൂക്ഷമായ പൊടി ശല്യം കാരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതകൾ ഉണ്ട്. ഈ മണ്ണ് പുന:നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മഴവെള്ളം ഉൾപ്പെടെ ഒഴുക്കി വിടുന്നതിനു നിർമ്മിച്ചിട്ടുള്ള ഓടകളുടെ അറ്റകുറ്റപണികളും ഓട കോരലും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിലേയ്ക്ക് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

ആലപ്പുഴ

ജില്ലയിൽ 154 നഗരസഭാ വാർഡുകളിലും 502 ഗ്രാമപഞ്ചായത്തു വാർഡുകളിലുമായി ആകെ 656 വാർഡുകളിൽ പ്രളയം ബാധിച്ചിരുന്നു. 80,057 വീടുകളിലും 691 പൊതുസ്ഥാപനങ്ങളിലും വെള്ളം കയറി. ഇതിൽ 52,205 വീടുകളും (65.21) 521 സ്ഥാപനങ്ങളും (75.39%) ഇതിനകം വൃത്തിയാക്കി കഴിഞ്ഞു. വെള്ളം പൂർണ്ണമായും ഇറങ്ങാത്ത കാരണം ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ പമ്പ് ഉപയോഗിച്ച് ഒഴുക്കി കളയുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പ്രളയം ബാധിച്ച കിണറുകളുടെ എണ്ണം 19,490 ആണ്. ഇവയിൽ 12,154 കിണറുകൾ (62.36%) വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്തു. ശുചീകരിച്ച് കിണറുകളിലെ ജലപരിശോധന നടത്തുന്നതിന് എൻ.എസ്.എസ് വോളന്റിയർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 6 ന് ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിലും മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും വച്ച് മലിനീകരണ നിയന്ത്രണ ബോർഡ്, ഫുഡ് സേഫ്റ്റി, കേരള വാട്ടർ അതോറിട്ടി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ 542 വോളന്റിയർമാർക്കും 16 പ്രോഗ്രാം ഓഫീസർമാർക്കും ട്രെയിനിംഗ് നൽകിയിട്ടുണ്ട്. ജില്ലയിൽ നിന്നും 89.05 ടൺ ജൈവ മാലിന്യങ്ങളും 16.67 ടൺ അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. 22.07 ടൺ അജൈവ മാലിന്യങ്ങൾ അമല എക്കോ ക്ലീൻ എന്ന സ്വകാര്യ സ്ഥാപനവും 6 ടൺ അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുമാണ് നീക്കം ചെയ്തിട്ടുള്ളത്.

1006 വലുതും ചെറുതുമായ മൃഗങ്ങളും 11,350 പക്ഷികളുടെയും ജഡം ശാസ്ത്രീയമായി കുഴിച്ചുമൂടി. ആലപ്പുഴ ജില്ലയിലെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിന് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ പ്രവർത്തിപ്പിച്ചു. 3,40,000 ലിറ്റർ സെപ്റ്റേജ് ഇതിലൂടെ ശുചീകരിച്ചു. UNICEF, WASH INSTITUTE എന്നിവയുടെ സഹകരണത്തോടെയാണ് ഇവ പ്രവർത്തിപ്പിച്ചിട്ടുള്ളത്.

കോട്ടയം

152 നഗരസഭാ വാർഡുകളിലും 422 ഗ്രാമപഞ്ചായത്തു വാർഡുകളിലും ആകെ 574 വാർഡുകളിൽ പ്രളയം ബാധിച്ചു. 85,881 വീടുകളിലും 776 സ്ഥാപനങ്ങളിലും വെള്ളം കയറി. ഇതിൽ എല്ലാ വീടുകളും സ്ഥാപനങ്ങളും ഇതിനകം കഴുകി വൃത്തിയാക്കി. (100 %) 44,154 കിണറുകളിൽ വെള്ളം കയറി കിണർ മലിനമായിരുന്നു. ഇവയെല്ലാം തന്നെ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. (100 %) കിണർ ജലം കുടിക്കാൻ യോഗ്യമാണോ എന്നു പരിശോധന നടത്തുന്നതിന് ജില്ലയിൽ വൈക്കം മുനിസിപ്പാലിറ്റിയിലും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലും 102 എൻ.എസ്.എസ് വോളന്റിയർമാർക്കും 4 പ്രോഗ്രാം ഓഫീസർമാർക്കും 2018 സെപ്തംബർ 6 ന് പരിശീ ലനം നൽകി. സെപ്തംബർ 8 ന് ഈ രണ്ടു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമായി 1019 കിണറുകളിലെ ജലം പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കി. മലിനീകരണ നിയന്ത്രണ ബോർഡും എൻ.എസ്.എസ് യൂണിറ്റും ഫുഡ് സേഫ്റ്റി അതോറിട്ടിയും, കേരള വാട്ടർ അതോറിട്ടിയും സംയുക്തമായാണ് ജലഗുണതാ പരിശോധന നടത്തിയത്. 56.47 ടൺ ജൈവ മാലിന്യങ്ങളും 12.14 ടൺ അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. 608 ചെറുതും വലുതുമായ മൃഗ ജഡങ്ങളും 61,246 പക്ഷികളുടെ ജഡവും ശാസ്ത്രീയമായി സംസ്കരിച്ചു.

എറണാകുളം

ജില്ലയിൽ 289 നഗരസഭാ വാർഡുകളിലും 922 ഗ്രാമപഞ്ചായത്തു വാർഡുകളിലുമായി ആകെ 1,211 വാർഡുകളിൽ പ്രളയം ബാധിച്ചു. 2,14,032 വീടുകളിലും 1,376 സ്ഥാപനങ്ങളിലും വെള്ളം കയറി. ഇതിൽ 2,12,151 വീടുകളും (99 %) 1132 സ്ഥാപനങ്ങളും (96.8 %) ഇതിനകം വൃത്തിയാക്കികഴിഞ്ഞു. 78154 കിണറുകളെ പ്രളയം ബാധിച്ചു. ഇതിൽ 60,833 കിണറുകൾ (77.84%) വൃത്തിയാക്കി. ശുചീകരിച്ച കിണറുകളിലെ ജലം പരിശോധിക്കുന്നതിന് 300 എൻ.എ സ്.എസ് പ്രവർത്തകർക്കും പ്രോഗ്രാം ഓഫീസർമാർക്കും മാലിയങ്കര എസ്.എൻ.എം കോളേ ജിലും കാലടി ശ്രീ ശങ്കരാ കോളേജിലും വച്ച് സെപ്തംബർ 6 ന് പരിശീലനം നൽകി.

ജില്ലയിൽ നിന്നും 1466.07 ടൺ ജൈവ മാലിന്യങ്ങളും 2015.67 ടൺ അജൈവ മാലിന്യങ്ങളും നീക്കംചെയ്തിട്ടുണ്ട്. ജി.ജെ. എക്കോപവർ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ഇവ നീക്കം ചെയ്തിട്ടുള്ളത്. കൂടാതെ വിവിധ ഗോഡൗണുകളിൽ സൂക്ഷി ച്ചിരുന്ന 550 ട്രക്ക് ലോഡ് കേടായ ഭക്ഷ്യധാന്യങ്ങൾ കളമശ്ശേരി എച്ച്.എം.ടി കോമ്പൗണ്ടിൽ കുഴിച്ചു മൂടിയിട്ടുണ്ട്. ചെറുതും വലുതുമായ 4,807 മൃഗങ്ങളുടെയും 1,44,293 പക്ഷികളുടെയും ജഡങ്ങൾ ശാസ്ത്രീയമായി കുഴിച്ചുമൂടി.

ത്യശ്ശൂർ

287 നഗരസഭാ വാർഡുകളിലും 1256 ഗ്രാമപഞ്ചായത്തു വാർഡുകളിലുമായി ആകെ 1543 വാർഡുകളെയാണ് പ്രളയം ബാധിച്ചത്. ഇതിൽ 1,31,954 വീടുകളിലും 1188 പൊതു സ്ഥാപനങ്ങളിൽ വെള്ളം കയറി. ഇതിൽ 1,11,295 വീടുകളും (84.34 %) 965 സ്ഥാപനങ്ങളും (81.23 %) വൃത്തിയാക്കിക്കഴിഞ്ഞു. 97,123 കിണറുകൾ മലിനമായി. ഇവയിൽ 87,067 കിണറുകൾ (89.65%) വൃത്തിയാക്കിക്കഴിഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുൾപ്പെടെ ജില്ലയിൽ നിന്നും 474.25 ടൺ ജൈവമാലിന്യങ്ങളും 339.01 ടൺ അജൈവ മാലിന്യങ്ങളും ശേഖരിച്ചു. വലുതും ചെറുതുമായ 5,220 മൃഗ ശവങ്ങളും 3,38,799 പക്ഷികളുടെ ജഡങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചിട്ടുണ്ട്.

കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് 552 എൻ.എസ്.എസ് വോളന്റിയർമാർക്കും 14 എൻ.എസ്.എസ് സൂപ്പർവൈസർമാർക്കും ട്രെയിനിംഗ് നൽകി. ചാല ക്കുടി നഗരസഭാ പരിധിയിലുൾപ്പെടെ 5519 കിണറുകളിലെ കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ 1908 വാർഡുകളെ പ്രളയം ബാധിച്ചു. 52,067 വീടുകളിലും 1007 സ്ഥാപനങ്ങളിലും വെള്ളം കയറി. 52,540 വീടുകളും (99.73 %) 842 സ്ഥാപനങ്ങളും (83.61 %) 63076 കിണറു കൾ വൃത്തിയാക്കി. 50 ടൺ ജൈവ മാലിന്യങ്ങളും 243 ടൺ അജൈവ മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പുനരുപയോഗത്തിനോ പുനചംക്രമണത്തിനോ സാധ്യമല്ലാത്ത അജൈവ മാലിന്യ ങ്ങൾ എം.സി.സി സിമന്റ് കമ്പനി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുനചംക്രമണത്തിന് സാധ്യതയുള്ള പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിന് നിറവ്, എക്കോഗ്രീൻ, ഓർഗിൽഡ്, ഒലീന കേരള സാപ് മർച്ചന്റ്സ് അസോസിയേഷൻ ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോ ടെയുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

കോഴിക്കോട്

630 ഗ്രാമപഞ്ചായത്തു വാർഡുകളിലും 152 നഗരസഭാ വാർഡുകളിലും പ്രളയം ബാധി ച്ചു. ജില്ലയിൽ 41484 വീടുകളിലും 522 സ്ഥാപനങ്ങളിലും വെള്ളം കയറി. ഇതിൽ 41,484 വീടു കളും (100 %) 510 സ്ഥാപനങ്ങളും (97.70 %) വൃത്തിയാക്കിക്കഴിഞ്ഞു. 51.533 ടൺ അജൈവ മാലിന്യങ്ങളും 1020 ടൺ ജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. 2058 മൃഗങ്ങളുടെയും പക്ഷി കളുടെ ശവശരീരങ്ങൾ ശാസ്ത്രീയമായി കുഴിച്ചിട്ടു.

വയനാട്

56 നഗരസഭാവാർഡുകളും 278 ഗ്രാമപഞ്ചായത്ത് വാർഡുകളും ഉൾപ്പെടെ 334 വാർഡു കളിൽ പ്രളയം ബാധിച്ചു. 10,464 വീടുകളും 181 സ്ഥാപനങ്ങളും പ്രളയത്തിൽ മുങ്ങി. മുഴുവൻ സ്ഥാപനങ്ങളും വീടുകളും ശുചിയാക്കിക്കഴിഞ്ഞു. നാളിതുവരെ 89.43 ടൺ ജൈവമാലിന്യ ങ്ങളും 513 ടൺ അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. 3988 കിണറുകളെ പ്രളയം ബാധിച്ചു. മുഴുവൻ കിണറുകളും വൃത്തിയാക്കിക്കഴിഞ്ഞു. 34,886 വലുതും ചെറുതുമായ മൃഗങ്ങളുടെ ശവശരീരങ്ങളും 3,319 പക്ഷികളുടെ ജഡങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചു.

കൽപ്പറ്റ നഗരസഭയിലും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലും കുടിവെള്ളം പരിശോധിക്കുന്നതിന് 52 പേരുള്ള എൻ.എസ്.എസ് ടീം രൂപീകരിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും എൻ.എസ്.എസ് ന്റെയും സഹകരണത്തോടെ കിണർവെള്ളം പരിശോധിക്കുകയും ചെയ്തു.

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM