ഷ്രെഡിങ്ങ് യൂണിറ്റിലേക്ക് കോട്ടയത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യം എത്തിത്തുടങ്ങി
കൊല്ലം:നീണ്ടകര പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റിലെ പ്ലാസ്റ്റിക് ക്ഷാമത്തിനും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അനിയന്ത്രിതമായി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തിനും പരിഹാരമായിത്തുടങ്ങി. ക്ലീന്‍ കേരളയുടെ നേതൃത്വത്തില്‍ കോട്ടയം മുനിസിപ്പാലിറ്റിയില്‍ നിന്ന് മൂന്നര ടണ്ണോളം പ്ലാസ്റ്റിക് നീണ്ടകരയിലെ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റിലെത്തിച്ചു. തിങ്കളാഴ്ച ഒരു ലോഡ് കൂടി എത്തും. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ശേഖരിച്ച പ്ലാസ്റ്റിക്കിനൊപ്പം നേരത്തെ ശേഖരിച്ചിരുന്നവ കൂടിയായതോടെ ശാസ്ത്രീയമായി ശേഖരിച്ചുവെക്കാന്‍ മാര്‍ഗമില്ലാതെ വലയുകയായിരുന്നു കോട്ടയം മുനിസിപ്പാലിറ്റി. വരും ദിവസങ്ങളില്‍ അവശേഷിക്കുന്നവയും യൂണിറ്റിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടയില്‍ നിന്ന് ആവശ്യത്തിന് പ്ലാസ്റ്റിക് എത്തിക്കാതായതോടെയാണ് നീണ്ടകര യൂണിറ്റില്‍ പ്ലാസ്റ്റിക് ക്ഷാമമുണ്ടായത്.