പ്ലാസ്റ്റിക് ചോദ്യചിഹ്നമാകില്ല: നീണ്ടകരയില്‍ ഷ്രെഡിംഗ് യൂണിറ്റ്
കൊല്ലം: പ്രളയാനന്തരം അനിയന്ത്രിതമായി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ഇനി ചോദ്യചിഹ്നമാകില്ല. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന് കീഴിലുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റും സന്നദ്ധമായി രംഗത്തുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക്, യന്ത്രസംവിധാനമുപയോഗിച്ച് പൊടിച്ചെടുത്ത് ടാറിംഗിന് ഉപയോഗിക്കാനാണ് വകുപ്പിന്റെ പദ്ധതി. ക്ലീന്‍ കേരളയുടെയും ഹരിതകര്‍മ്മസേനയുടെയും നേതൃത്വത്തില്‍ പ്രളയബാധിത ജില്ലകളില്‍ നിന്ന് ടണ്‍കണക്കിന് മാലിന്യമാണ് ശേഖരിക്കുന്നത്. പ്രതിദിനം ഒരു ടണ്‍ ആണ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ ഷ്രെഡിംഗ് യൂണിറ്റിന്റെ ശേഷി. ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ശേഖരിച്ചുകൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യൂണിറ്റ് തുടങ്ങിയത്.