കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക് പഞ്ചായത്താക്കിമാറ്റാനുള്ള രൂപരേഖ തയ്യാറാവുന്നു. ഇതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗവ.റസ്റ്റ് ഹൗസില്‍ വിദഗ്ദ്ധരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവരുടെ സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
തണ്ണീര്‍ത്തടങ്ങളും കാവുകളും പുഴകളും, കുന്നുകളും കടല്‍ത്തീരവും ഉള്‍പ്പെടുന്ന ജൈവസമ്പന്നമായ ഒളവണ്ണ, കടലുണ്ടി എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി പ്രദേശം. ചെറുവനങ്ങളും, ചെറുതും വലുതുമായ കണ്ടല്‍ക്കാടുകളും, വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും, ജലജന്യ സസ്യങ്ങളും, ജലജീവികളും, പുഴമത്സ്യങ്ങളും മറ്റു സസ്യലതാദികളും നിരവധി കാര്‍ഷിക വിളകളും കൊണ്ട് സമ്പന്നമാണ് ഈ ഭൂപ്രദേശം വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളെ സംരക്ഷിച്ചും നഗരവത്ക്കരണം, മലിനീകരണം, പ്രകൃതി നശീകരണം എന്നിവയെ പ്രതിരോധിച്ചും ശാസ്ത്രീയമായ വീക്ഷണത്തിലൂടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുവാനുള്ള പ്രയത്‌നത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിച്ച ശില്പശാലയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ.എന്‍.എസ്. പ്രദീപ്, ആര്‍ക്കിടെക്ട് ജി.ശങ്കര്‍ തുടങ്ങിയവര്‍ ജൈവ വൈവിധ്യ ബ്ലോക്കും പാര്‍ക്കും സംബന്ധിച്ച് അവതരണങ്ങള്‍ നടത്തി.
കേരള കാര്‍ഷിക സര്‍വ്വകലാശാല റിട്ട.പ്രൊഫസര്‍ ഡോ.സി.ഭാസ്‌കരന്‍ മോഡറേറ്ററായിരുന്നു. നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത്, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എസ്.സി. ജോഷി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനീഷ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഗംഗാധരന്‍ .കെ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈലജ ടി.കെ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, കോഴിക്കോട് ബ്ലോക്ക് ബി.ഡി.ഒ കൃഷ്ണകുമാരി കെ. തുടങ്ങിയവര്‍ സംസാരിച്ചു. ശില്പശാലയില്‍ പങ്കെടുത്ത 20 ഓളം വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ജൈവവൈവിധ്യ പാര്‍ക്ക് രൂപീകരണം സംബന്ധിച്ച അന്തിമ രൂപരേഖ തയ്യാറാക്കുന്നത്.