കവിയൂര്‍ പുഞ്ചയ്ക്ക് പുതുജീവന്‍
കവിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെയും ഹരിതകേരളം മിഷന്റെയും ഒരു കൂട്ടം കര്‍ഷകരുടെയും ശ്രമഫലമായി കവിയൂര്‍ പുഞ്ചയ്ക്ക് പുതുജീവന്‍. ഇരുപത് വര്‍ഷമായി തരിശുനിലമായിരുന്ന പുഞ്ചയില്‍ ഇത്തവണ കൃഷിയിറക്കി വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതിനായി 1800 ഏക്കര്‍ തരിശുനിലമാണ് ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കുന്നത്. കവിയൂര്‍ കുന്നന്താനം പഞ്ചായത്തുകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലുമായാണ് പുഞ്ചയ വ്യാപിച്ച് കിടക്കുന്നത്.
ഒരു കാലത്ത് സമ്പന്നമായിരുന്ന കവിയൂര്‍ പുഞ്ച മാലിന്യ നിക്ഷേപം മൂലം കൃഷിയോഗ്യമല്ലാതായി. പുഞ്ചയ്ക്ക് ഒപ്പം സമ്പല്‍സമൃദ്ധമായിരുന്ന വലിയതോട് മാലിന്യവാഹിനിയായി മാറി. വലിയ തോട്ടിലെ നീരൊഴുക്ക് നിലച്ചത് കൃഷിയെ തകിടം മറിച്ചു. ചില നെല്‍ക്കൃഷി പരീക്ഷണങ്ങള്‍ ഇടയ്ക്കുണ്ടായെങ്കിലും അതൊന്നും വിജയിച്ചില്ല. അങ്ങനെ നെല്‍കൃഷി കവിയൂരിന് അന്യം നിന്ന് പോകുകയാരുന്നു. കവിയൂരിനെ കതിരണിയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വരട്ടാര്‍, കോലറയാര്‍, പള്ളിക്കലാര്‍ തുടങ്ങിയ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹരിതകേരളം മിഷന്‍ ഏറ്റെടുത്തതാണ്. ഒക്‌ടോബറോട് കൂടി മൂന്നാം ഘട്ടമെന്ന നിലയില്‍ അഞ്ഞൂറ് ഏക്കറില്‍ കൃഷിയിറക്കും. ഇതിന് മുമ്പ്, വയല്‍ പഠന യാത്ര നടത്തി കവിയൂര്‍ പുഞ്ചയ്ക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു.
പാടശേഖര സമിതിയാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹരിതകേരളം മിഷന്‍ കൃഷിക്ക് ആവശ്യമായ നിലമൊരുക്കി കൊടുക്കും. രണ്ടാംഘട്ടത്തില്‍ നെല്‍ക്കൃഷിയ്‌ക്കൊപ്പം പാടവരമ്പത്ത് തെങ്ങ് കൃഷിക്കും പദ്ധതിയുണ്ട്. ടൂറിസത്തിന് കൂടി പ്രാധാന്യം നല്‍കിയായിരിക്കും പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷിയിറക്കുന്നത്. രണ്ടാംഘട്ടത്തില്‍ ആയിരം ഏക്കറില്‍ കൂടി കൃഷി വ്യാപിപ്പിക്കുമെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.