എറണാകുളം ജില്ലയില്‍ കിണര്‍ പരിശോധന
പ്രളയബാധിത പ്രദേശങ്ങളില്‍ തദ്ദേശഭരണ വകുപ്പും ഹരിതകേരളം മിഷനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് കിണര്‍ പരിശോധന നടത്തി. വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റി, കാലടി പഞ്ചായത്ത് എന്നിവിടങ്ങളിലായിരുന്നു ആദ്യദിനം. രണ്ടുസ്ഥലങ്ങളിലുമായി 3000 കിണറുകളുടെ പരിശോധന തിങ്കളാഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി മൂന്നു വീതം താല്‍ക്കാലിക ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സഹായത്തോടെ എസ്.എന്‍.എം മാല്യങ്കര, കാലടി ശ്രീ ശങ്കര കോളേജുകളിലെ മുന്നൂറോളം എന്‍.എസ്.എസ് വളന്റിയേഴ്സ് കിണറുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് താല്‍ക്കാലിക ലാബുകളില്‍ എത്തിക്കും. കുടിവെള്ളത്തിന്റെ പി.എച്ച് അടക്കമുള്ള ഗുണനിലവാര പരിശോധന നടത്തി ഇതിനായി തയ്യാറായിട്ടുള്ള മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും.